വിവാദങ്ങളിലൂടെ ഹിന്ദു സമൂഹത്തെ അധിക്ഷേപിക്കുന്നത് തെറ്റായ പ്രവണത: പ്രതിക്ഷേധവുമായി കെഎച്ച്എന്‍എ
Monday, March 3, 2014 5:02 AM IST
ഡാളസ്: വിവാദങ്ങളിലൂടെ ഹിന്ദു സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്നത് സംസ്കാരശുന്യതയാണെന്നും, അമൃതാനന്ദ മഠവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഹൈന്ദവ സംസ്കാരത്തേയും, ഹിന്ദു സമൂഹത്തെ മൊത്തമായി അധിക്ഷേപിക്കുന്ന തരത്തിലേക്ക് വളരുന്നത് പ്രതിക്ഷേധാര്‍ഹമാണെന്നും കെഎച്ച്എന്‍എ പ്രസിഡന്റ് ടി.എന്‍. നായര്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ലോകമെമ്പാടും പടര്‍ന്നു പന്തലിച്ച ഒരു പ്രസ്ഥാനത്തിനെതിരേ ആര്‍ക്കെങ്കിലും പരാതികള്‍ ഉണ്െടങ്കില്‍ അതത് രാജ്യത്തെ നിയമ സംവിധാനത്തിലൂടെ പരിഹരിക്കുന്നതിനു പകരം കുരുടന്‍ ആനയെ കണ്ടുതുപോലെയുള്ള പ്രതികരണങ്ങള്‍ കൊണ്ട് ആക്ഷേപിക്കുന്നത് അത്യന്തം ജുഗുപ്സാവഹം ആണെന്നും കെ.എച്ച്.എന്‍.എ പ്രസിഡന്റ് ടി.എന്‍. നായര്‍ ഓര്‍മ്മിപ്പിച്ചു. സനാതനധര്‍മ്മ സ്നേഹികള്‍ ഇത്തരം വെല്ലുവിളികളെ നേരിടാനുള്ള ഇച്ഛാശക്തിയും മനോവീര്യവും പ്രകടിപ്പിക്കണമെന്നും, ധര്‍മ്മവും സംസ്കാരവും കാത്തുസൂക്ഷിക്കേണ്ടത് ഭാരതീയ സംസ്കാരത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഓരോരുത്തരുടേയും കര്‍ത്തവ്യമാണെന്നും കെ.എച്ച്.എന്‍.എ കൂട്ടിച്ചേര്‍ത്തു. ഹൈന്ദവ ആചാരങ്ങള്‍ക്കെതിരേ സമൂലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങളിലും കരുനീക്കങ്ങളിലും നോര്‍ത്ത് അമേരിക്കയിലെ സനാതനധര്‍മ്മ സ്നേഹികള്‍ക്ക് വളരെയേറെ ഉത്കണ്ഠയും വേദനയുമുണ്ട്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സേവന സന്നദ്ധസംരംഭങ്ങളും ആദ്ധ്യാത്മിക നവോത്ഥാന യത്നങ്ങളും വഴി കേരളത്തിന്റെ ധാര്‍മ്മിക-ആദ്ധ്യാത്മിക-സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളില്‍ വിലയേറിയ സംഭാവനകള്‍ ഹൈന്ദവ സമൂഹവും അതിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളും നല്കിവരുന്നു. ഇതിനെ ബോധപൂര്‍വ്വം മറക്കുന്നത് സമൂഹനന്മയ്ക്ക് ഉതകില്ല എന്നുകൂടി ഓര്‍മ്മിപ്പിക്കുവാന്‍ കെ.എച്ച്.എന്‍.എ താത്പര്യപ്പെടുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം പോലെ നിഗൂഢലക്ഷ്യങ്ങള്‍ ഇല്ലാതെ സാമൂഹ്യ-സാംസ്കാരിക-സേവന പ്രവര്‍ത്തനങ്ങള്‍ ജാതി-മത ഭേദമെന്യേ ലോകമെങ്ങും എത്തിക്കുന്നതില്‍ വിജയംവരിച്ച മഠത്തെക്കുറിച്ച് വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ അത് ഹിന്ദുമത വിശ്വാസങ്ങളെ മാത്രം ലക്ഷ്യംവെച്ച ദുഷ്പ്രചാരണങ്ങള്‍ ആയി മാറുന്നത് അത്യന്തം ഖേദകരമാണ്. ഹൈന്ദവസംസ്കൃതിയും, മഹത്തായ പൈതൃകവും ധാര്‍മ്മികമൂല്യങ്ങളും എന്നെന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള സനാതന ധര്‍മ്മസ്നേഹികള്‍ ഇത്തരം വെല്ലുവിളികളെ നേരിടണമെന്നും, ഇതിനെതിരേ പ്രബുദ്ധരായ അമേരിക്കന്‍ മലയാളികള്‍ ഒന്നടങ്കം പ്രതികരിക്കണമെന്നും കെ.എച്ച്.എന്‍.എ പ്രസിഡന്റ് ടി.എന്‍. നായര്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം