കേരളാ അസോസിയേഷന്റെ സംഗീതസന്ധ്യ വന്‍വിജയം
Saturday, March 1, 2014 7:45 AM IST
ഡാളസ് : കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെയും ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ഡാളസിലെ സംഗീത ആസ്വാദകര്‍ക്കായി സംഘടിപ്പിച്ച സംഗീതസന്ധ്യ വന്‍വിജയമായി.

ഡാളസില്‍ കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് സംഗീതസന്ധ്യ അരങ്ങേറിയത്. ഡാളസിലെ അബാലവൃദ്ധം മലയാളികള്‍ പരിപാടിയില്‍ പങ്കെടുത്തു. യുവജനങ്ങള്‍ ന്യൂജനറേഷന്‍ പാട്ടുകള്‍ പാടിയപ്പോള്‍ മുതിര്‍ന്നവര്‍ പഴയകാല ഗാനങ്ങളും പാടി. സദസ്യര്‍ക്കും ഒരുപോലെ ഗൃഹാതുര സ്മരണകളുണര്‍ത്തിയ അനുഭവമായി മൂന്നുമണിക്കൂര്‍ നീണ്ട ഗാനസന്ധ്യ. അസോസിയേഷന്‍ അംഗങ്ങള്‍ ഉള്‍പ്പെടെ ഇരുപതോളം ഗായകര്‍ പരിപാടിയില്‍ ഗാനങ്ങള്‍ ആലപിച്ചു. പ്രവാസി ഗായകര്‍ക്കും പൊതുവേദിയില്‍ പാടുവാനുള്ള പ്രോത്സാഹനവുമായി പരിപാടി.

ഹരിദാസ് തങ്കപ്പന്‍, രമാ സുരേഷ് എന്നിവര്‍ സംഗീത സന്ധ്യക്ക് നേതൃത്വം നല്‍കി. രമാ സുരേഷ് പരിപാടിയുടെ എംസി യായിരുന്നു. സുരേഷ് അച്യുതാനന്ദന്‍ സൌണ്ട് എന്‍ജിനിയറായിരുന്നു.

കേരളാ അസോസിയേഷന്‍ പ്രസിഡന്റ് ബാബു മാത്യു സ്വാഗതം ആശംസിച്ചു. ജോയിന്റ് സെക്രട്ടറി ഡാനിയേല്‍ കുന്നേലിന്റെ ഗാനാലാപനത്തോടും കൃതജ്ഞതയോടും കൂടി പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍