ഹൂസ്റണില്‍ സൌത്ത് വെസ്റ് റീജിയണല്‍ കോണ്‍ഫറന്‍സ് സമാപിച്ചു
Wednesday, February 26, 2014 9:59 AM IST
ഹൂസ്റണ്‍: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട സൌത്ത് വെസ്റ് റീജിയണിലെ സന്നദ്ധ സുവിശേഷസംഘം, സേവികാസംഘം, യുവജനസഖ്യം എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെട്ട റീജിയണല്‍ കോണ്‍ഫറന്‍സ് സംഘാടക മികവുകൊണ്ടും വ്യത്യസ്തതയാര്‍ന്ന പരിപാടികള്‍കൊണ്ടും ശ്രദ്ധേയമായി.

ഫെബ്രുവരി 21, 22 (വെള്ളി, ശനി) തീയതികളില്‍ ട്രിനിറ്റി മാര്‍ത്തോമ്മ ദേവാലയത്തില്‍ നടന്ന ദ്വിദിന കോണ്‍ഫറന്‍സില്‍ ഹൂസ്റണ്‍, ഡാളസ്, ഒക് ലഹോമ, ലബക്ക്, ഓസ്റിന്‍ തുടങ്ങിയ പ്രദേശങ്ങളിലെ ഇടവകകളില്‍നിന്ന് മൂന്നൂറില്‍പരം പ്രതിനിധികള്‍ പങ്കെടുത്തു.

വൈള്ളി വേകുന്നേരം നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സെന്റ് പോള്‍സ് ഇടവക വികാരി റവ. ഒ.സി കുര്യന്‍ അധ്യക്ഷത വഹിച്ചു. ട്രിനിറ്റി ഇടവക വികാരി റവ. കൊച്ചുകോശി ഏബ്രഹാം സ്വാഗതം ആശംസിച്ചു.

തുടര്‍ന്ന് സന്നദ്ധ സുവിശേഷക സംഘം റീജിയണല്‍ വൈസ് പ്രസിഡന്റ് റവ. ജോണ്‍ എന്‍. ഏബ്രഹാം സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. റെജി വര്‍ഗീസ് (സന്നദ്ധ സുവിശേഷകസംഘം), വല്‍സ മാത്യു (സേവികാസംഘം), ജോണ്‍ കെ. ഫിലിപ്പ് (യുജവനസഖ്യം) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റവ. ഷിബി ഏബ്രഹാം പ്രാര്‍ഥിച്ചു.

കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കിയ ഭദ്രാസന സെക്രട്ടറിയും ബിഷപ്സ് സെക്രട്ടറിയുമായ റവ. കെ.ഇ ഗീവര്‍ഗീസ് മുഖ്യചിന്താവിഷയമായ ക്രിസ്ത്യന്‍ ഡെസ്റിനേഷന്‍ എന്ന വിഷയം അവതരിപ്പിച്ചു. ദൈവശാസ്ത്രപരവും വേദപുസ്തകപരവുമായ വിവിധ മാനങ്ങളെ അച്ചന്‍ സമഗ്രമായി അവതരിപ്പിച്ചു.

ശനി രാവിലെ ഡാളസ് കരോള്‍ട്ടണ്‍ ഇടവക വികാരി റവ. സാം മാത്യുവിന്റെ പ്രാര്‍ഥനയ്ക്കുശേഷം നടന്ന പ്രഭാത ആരാധനയ്ക്ക് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് പ്രതിനിധികള്‍ നേതൃത്വം നല്‍കി.

ലബക്ക് മാര്‍ത്തോമ്മ ഇടവകാംഗം മറിയാമ്മ ജോണ്‍ ധ്യാന പ്രസംഗം നടത്തി. തുടര്‍ന്ന് റവ. ഗീവര്‍ഗീസ് ചിന്താവിഷയത്തെ അധികരിച്ചുള്ള രണ്ടും മൂന്നും തുടര്‍ പ്രഭാഷണങ്ങള്‍ നടത്തി.

യാത്രയയപ്പ് സമ്മേളനത്തില്‍ ഹൂസ്റണ്‍ ഇമ്മാനുവല്‍ ഇടവക വികാരി റവ. സജു മാത്യു അധ്യക്ഷത വഹിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷക്കാലം ഭദ്രാസന സെക്രട്ടറിയായി കരുത്തുറ്റ നേതൃത്വം നല്‍കിയ റവ. കെ.ഇ. ഗീവര്‍ഗീസ്, ലബക്ക് ഇമ്മാനുവല്‍, ഇടവക വികാരിയും ഇടവക മിഷന്‍ റീജിയണല്‍ വൈസ് പ്രസിഡന്റുമായ റവ. ജോണ്‍ എന്‍. ഏബ്രഹാം എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.

റവ. റോയി തോമസ് (യൂത്ത് ചാപ്ളെയിന്‍), സജി ജോര്‍ജ് (സന്നദ്ധ സുവിശേഷക സംഘം) അഞ്ജു ബിജിലി (സേവികാസംഘം), ബിജിലി ജോര്‍ജ് (യുവജനസഖ്യം) എന്നിവര്‍ യാത്രമംഗളങ്ങള്‍ നേര്‍ന്നു പ്രസംഗിച്ചു.

ഉച്ചകഴിഞ്ഞ് നടന്ന സമ്മേളനത്തില്‍ ഏബ്രഹാം ഇടിക്കുള പ്രതിനിധികളെ പരിചയപ്പെടുത്തി. ഡാളസ് സെഹിയോന്‍ ഇടവക വികാരി റവ. സജി തോമസ് പ്രസംഗിച്ചു. റെജി വര്‍ഗീസ് സാക്ഷ്യത്തിന് നേതൃത്വം നല്‍കി. കോണ്‍ഫറന്‍സിനായി പ്രത്യേകം രൂപീകരിച്ച ട്രിനിറ്റി മാര്‍ത്തോമ്മ കോണ്‍ഫറന്‍സ് ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ കോണ്‍ഫറന്‍സിനെ ധന്യമാക്കി.

കണ്‍വീനര്‍ വര്‍ഗീസ് ചാക്കോ നന്ദി പറഞ്ഞു. ഹൂസ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മ ഇടവക ആതിഥേയത്വം വഹിച്ച ദ്വിദിന കോണ്‍ഫറന്‍സിന്റെ വിജയത്തിനായി വികാരി റവ. കൊച്ചുകോശി ഏബ്രഹാം ചെയര്‍മാനും വര്‍ഗീസ് ചാക്കോ കണ്‍വീനറും ടി.എ മാത്യു, ഏബ്രഹാം കെ. ഇടിക്കുള, ജോണ്‍ കുരുവിള, ജോണ്‍ വി. മാത്യു, തോമസ് മാത്യു എന്നിവര്‍ കോഓര്‍ഡിനേറ്റര്‍മാരുമായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി