ഖത്തര്‍ എയര്‍വേയ്സിന് ഫിലാഡല്‍ഫിയയില്‍ നിന്ന് കൊച്ചിക്ക് മാത്രം കണക്ഷനില്ല
Tuesday, February 25, 2014 10:19 AM IST
ഫിലാഡല്‍ഫിയ: ഏറെ കൊട്ടിഘോഷിച്ച് സാമൂഹ്യ സംഘടനകളും മറ്റും സ്വാധീനിച്ച് കൊണ്ടു വന്നതെന്നു അവകാശവാദം മുഴക്കിയ ഖത്തര്‍ എയര്‍വെയ്സിന്റെ വിമാനം ഏപ്രില്‍ രണ്ടിന് കന്നി പറക്കല്‍ നടത്തുമ്പോള്‍ മലയാളിക്കു മാത്രം ഒരു പ്രയോജനവുമില്ല.

വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് മലയാളികള്‍ക്ക് ഉപകരിക്കുന്ന ഒരു എയര്‍ലൈന്‍സ് ഫിലാഡല്‍ഫിയയില്‍ നിന്നും നേരിട്ട് പറക്കാന്‍ തുടങ്ങുന്നത്. ഇതുവരെയും കൊച്ചിക്കു പോകേണ്ടവര്‍ ന്യൂയോര്‍ക്കിലോ ന്യൂവാര്‍ക്കിലോ പോകേണ്ട ഗതികേടിലായിരുന്നു. ഇപ്പോള്‍ ന്യൂയോര്‍ക്ക്, ഷിക്കാഗോ, വാഷിംഗ്ടണ്‍, ഹൂസ്റണ്‍ എന്നിവിടങ്ങളില്‍ നിന്നും ഖത്തര്‍ എയര്‍വേയ്സ് ദോഹ വഴി കൊച്ചിക്ക് പറക്കുന്നുണ്ട്. മയാമി (ജൂണ്‍ മുതല്‍), ഡാളസ് (ജൂലൈ മുതല്‍) എന്നിവിടങ്ങളില്‍ നിന്നും സര്‍വീസ് തുടങ്ങുമ്പോള്‍ ദോഹയില്‍ നിന്നു കൊച്ചിക്കു കണക്ഷന്‍ ലഭ്യമാകും.

എന്നാല്‍ ഏപ്രില്‍ 2നു തുടങ്ങുന്ന ഫിലാഡല്‍ഫിയ സര്‍വീസിന് ആ സൌകര്യമില്ല. കൊച്ചിക്ക് പോകാന്‍ ആഗ്രഹിക്കുന്ന മലയാളികളെ ഒന്നടങ്കം നിരാശപ്പെടുത്തിക്കൊണ്ടാണ് ഈ സര്‍വീസ് തുടങ്ങാന്‍ പോകുന്നത്. കൊച്ചിയിലേയ്ക്കു ടിക്കറ്റ് എടുക്കുന്നവര്‍ ദോഹയില്‍ 12 മണിക്കൂറോളം കണക്ഷന്‍ ഫ്ളൈറ്റിനു കാത്തിരിക്കണം.

ഹോട്ടലിലെ താമസം, ഭക്ഷണം, ട്രാന്‍സിറ്റ് വീസ എന്നിവ ഖത്തര്‍ എയര്‍വേയ്സ് തരപ്പെടുത്തിത്തരും. പക്ഷേ 200 മുതല്‍ 400 ഡോളറോളം കൂടുതല്‍ കൊടുക്കണം. ഹോട്ടലില്‍ താമസിക്കാതെ എയര്‍പോര്‍ട്ടില്‍ തങ്ങി നാലു കാശു ലാഭിക്കാമെന്നു കരുതിയാല്‍ ഇപ്പോള്‍ നടപ്പില്ല. ഹോട്ടല്‍ താമസം കൂടി ചേര്‍ത്ത ടിക്കറ്റേ ഇപ്പോള്‍ ലഭിക്കൂ എന്ന് അപ്പര്‍ ഡാര്‍ബിയിലെ യമുന ട്രാവല്‍ ഏജന്‍സി ഉടമ റെജി എബ്രഹാം പറഞ്ഞു.

ഫിലാഡല്‍ഫിയയില്‍ നിന്ന് കൊച്ചിയിലേയ്ക്കും കൊച്ചിയില്‍ നിന്ന് ഫിലാഡല്‍ഫിയയിലേക്കുമുള്ള യാത്രയ്ക്കിടയ്ക്ക് 12 മണിക്കൂര്‍ താമസം വളരെ വിഷമത ഉണ്ടാക്കുമെന്നു ഖത്തര്‍ എയര്‍വെയ്സിന്റെ സീനിയര്‍ എക്സിക്യൂട്ടീവ് ബില്‍ സ്കാര്‍ലൈറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ഈ ഫ്ളൈറ്റ് പ്രധാനമായും ചൈനക്കാര്‍ക്കും ആഫ്രിക്കകാര്‍ക്കും വേണ്ടിയുള്ളതാണെന്നാണു മറുപടി പറഞ്ഞത്. യമുന ട്രാവല്‍സ് ഓഫീസില്‍ ഖത്തര്‍ എയര്‍വേയ്സിന്റെ പ്രതിനിധിയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

ദോഹയില്‍ 2014ല്‍ പുതിയ ടെര്‍മിനലിന്റെ പണി പൂര്‍ത്തിയാകുന്നതോടെ ഈ ഷെഡ്യൂളുകള്‍ക്ക് മാറ്റം വന്നേക്കാമെന്ന് ബില്‍ അഭിപ്രായപ്പെട്ടു. മറ്റുള്ള വിമാന കമ്പനികള്‍ സര്‍വീസ് നടത്തുന്ന മാര്‍ക്കറ്റായതുകൊണ്ടാണ് ഇങ്ങനെയുള്ള സമയം എന്നും അദ്ദേഹം പറഞ്ഞു.

ഫിലാഡല്‍ഫിയക്കാര്‍ക്ക് കണക്ഷന്‍ ഇല്ലെങ്കിലും ദോഹയില്‍ നിന്ന് കൊച്ചിക്കുള്ള വിമാനത്തില്‍ 50ഓളം സീറ്റുകള്‍ കൂട്ടിയിട്ടുണ്ട്. പുതിയ വൈഡ് ബോഡി ജെറ്റ് ആണ് സര്‍വീസ് നടത്തുക.

എന്തായാലും വളരെയധികം കാലം കൊച്ചിക്കുള്ള വിമാനത്തിന് കാത്തിരുന്ന മലയാളികള്‍ വീണ്ടും നിരാശയിലായി. ചുരുങ്ങിയ കാലംകൊണ്ട്യാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ സര്‍വീസ് ആണ് ഖത്തര്‍ എയര്‍വെയ്സ്. 120ല്‍ പരം സ്ഥലങ്ങളിലേക്ക് പറന്ന് ചെല്ലുന്ന ഈ വിമാന കമ്പനി 2011-12 വര്‍ഷങ്ങളില്‍ ഒട്ടേറെ അവാര്‍ഡുകള്‍ വാങ്ങിയിട്ടുള്ളതാണ്. 120 വിമാനങ്ങളുള്ള ഈ കമ്പനി 30 ശതമാനം വളര്‍ച്ചയാണ് ഓരോ വര്‍ഷവും കാഴ്ച വയ്ക്കുന്നത്.

1997ല്‍ തുടങ്ങിയ ഖത്തര്‍ എയര്‍ ഫൈവ് സ്റാര്‍ അംഗീകാരം നേടിയിട്ടുള്ളതാണ്. അക്ബര്‍ അന്‍ ബേക്കറാണ് ഈ കമ്പനിയുടെ സിഇഒ.