ഷിക്കാഗോ മലയാളി അസോസിയേഷന്‍ അനുശോചിച്ചു
Tuesday, February 25, 2014 10:17 AM IST
ഷിക്കാഗോ: പ്രവീണ്‍ വര്‍ഗീസിന്റെ ആകസ്മിക നിര്യാണത്തില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം ദുഃഖം രേഖപ്പെടുത്തി.

മലയാളി സമൂഹത്തെയാകെ ഒന്നടങ്കം വേദനിപ്പിച്ച ഇതുപോലെയുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് യേഗം വിശദമായി ചര്‍ച്ച ചെയ്തു.

യുവജനങ്ങള്‍ക്കുവേണ്ടിയും കോളജുകളില്‍ അവര്‍ നേരിടാന്‍ സാധ്യതയുള്ള പ്രശ്നങ്ങളെക്കുറിച്ച് മനസിലാക്കി കുട്ടികള്‍ക്കുവേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് മാതാപിതാക്കന്മാരെ പ്രാപ്തരാക്കുന്നതിനുവേണ്ടി ചര്‍ച്ചാ ക്ളാസുകളും സെമിനാറുകളും ഉടന്‍ സംഘടിപ്പിക്കുന്നതാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

പ്രവീണ്‍ വര്‍ഗീസിന്റെ വേര്‍പാടില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ എല്ലാവര്‍ക്കും വിശ്വാസയോഗ്യമായ ഉന്നതതല അന്വേഷണം നടത്തേണ്ടതാണ്. ഇതുപോലെയുള്ള പ്രശ്നങ്ങളില്‍ ഇന്ത്യന്‍ ജനതയുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് എടുപ്പിക്കുന്നതിനുവേണ്ടി എല്ലാവിഭാഗം മലയാളികളും ഐക്യത്തോടുകൂടി ഒന്നിച്ചുനിന്ന് ഒരു സംഘടിത രാഷ്ട്രീയ ശക്തിയാകേണ്ടതാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം