ന്യൂജേഴ്സി നാട്ടുകൂട്ടത്തിന്റെ മൂന്നാമത് നാടകം 'അപ്പൂപ്പന് നൂറു വയസ്'
Friday, February 21, 2014 9:57 AM IST
ന്യൂജേഴ്സി: തൊണ്ണൂറു കഴിഞ്ഞ മുത്തച്ഛന്‍, അപ്പനെ ഇന്നും അനുസരിച്ചു ജീവിക്കുന്ന ഭാര്യ മരിച്ചുപോയ വയോധികനായ മകന്‍, ആ മകന്റെ കെട്ടിച്ചയച്ച പെണ്‍മക്കള്‍, സ്വത്തു ലാഭത്തിനായി മുത്തച്ചന്റെ മരണം കാത്തിരിക്കുന്ന പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാര്‍, അവര്‍ അടങ്ങിയ ഒരു കൂട്ടുകുടുംബത്തിലെ മാതാപിതാക്കളോടുള്ള പുതു തലമുറയുടെ കാഴ്ചപ്പാടുകളും പഴയ തലമുറയുടെ മനസിന്റെ നന്മയും ഒക്കെ ഈ നാടകത്തില്‍ പ്രതിപാദിക്കുന്നു. സാമ്പത്തികമായി മുന്നിട്ടു നില്‍ക്കുന്ന ഒരു ക്രിസ്തീയ കുടുംബ പശ്ചാത്തലത്തിലാണ് നാടകം നടക്കുന്നത്.

നാടകം നാട്ടിലെ ഏതു പ്രഫഷണല്‍ നാടക ട്രൂപ്പുകളേയും വെല്ലുവിളിക്കുന്ന തരത്തിലാണ് രംഗപടം, ലൈറ്റ്, സൌണ്ട്, കലാ സംവിധാനം, സംഗീതം തുടങ്ങിയവയെല്ലാം എടുത്തുപറയേണ്ടതുതന്നെയാണ്.

നാടകത്തില്‍ അപ്പൂപ്പനായി സണ്ണി കല്ലൂപ്പാറയും മകനായി കുര്യന്‍ തോമസും ഒരു മകളുടെ ഭര്‍ത്താവായി ജോബിച്ചനും മറ്റൊരു മരുമകനായി മാത്യൂസ് വേഷമിട്ടിരിക്കുന്നു. നാടകത്തിന്റെ സംവിധായകനും വില്ലനും ദേവസ്യ പാലാട്ടിയാണ്. സഹസംവിധായകന്‍ ബെന്നി കോലഞ്ചേരിയാണ്.

നാടുവിട്ടുപോയ കൊച്ചുമകന്‍ തിരിച്ചുവരുന്നതും വന്നത് ശരിക്കുമുള്ള മകന്‍ തന്നെയാണോ എന്ന സംശയവുമാണ് കഥയിലെ മുഖ്യ വഴിത്തിരിവ്. മകനായി സന്തോഷ് ന്യൂയോര്‍ക്ക് വേഷമിട്ടു. അപ്പൂപ്പന്റെ വലംകൈയായി അഭിനയിച്ച കൊച്ചുമകള്‍ സോമി പോള്‍, നാടുവിട്ടുപോയ കൊച്ചമകന്റെ നാടോടി ഭാര്യയായി അഭിനയിച്ച അഞ്ജലി ഫ്രാന്‍സിസ്, രാഷ്ട്രീയക്കാരനായ വേഷമിട്ട ഫ്രാന്‍സിസ് കാരേക്കാട്ടും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

നാടുവിട്ട് കാലങ്ങളേറെയായെങ്കിലും ഈ നാട്ടിലും ലാഭേഛകൂടാതെ നാടകത്തിനുവേണ്ടി ജീവിക്കുന്ന ഒരു പറ്റം കലാകാരന്മാര്‍ അവരെ കലാവാസനകളെ തിരിച്ചറിയാനും ബഹുമാനിക്കാനും മലയാളി സംഘടനകള്‍ മുന്നോട്ടു വരട്ടെ.

നാടക ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും: ജോയി ചാക്കോച്ചന്‍ (ഗ്രൂപ്പ് മാനേജര്‍) 201 563 6294, ദേവസി പാലാട്ടി (സംവിധായകന്‍) 201 921 9109.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി