പ്രവാസി മലയാളി ഫെഡറേഷന്റെ വളര്‍ച്ചയില്‍ ജോസ് മാത്യു പനച്ചിക്കലിന്റെ നേതൃത്വം
Friday, February 21, 2014 9:52 AM IST
ന്യൂയോര്‍ക്ക്: ജോസ് മാത്യു പനച്ചിക്കല്‍ പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ സ്ഥാനം ഏറ്റതുമുതല്‍ നവോന്മേഷം ലഭിച്ച ഫെഡറേഷന്‍ പുതിയ ശാഖകളും ഇലകളുമായി തഴച്ചു വളരുന്നു.

ഇതിനോടകം ലോകത്തിന്റെ എല്ലാ കോണുകളിലും ഫെഡറേഷന്റെ യൂണിറ്റുകള്‍ രൂപീകരിക്കുന്നതിനും പുതിയവ ഉടന്‍ തന്നെ തുറക്കുന്നതിനും നിതാന്തപരിശ്രമമാണ് അദ്ദേഹം നടത്തുന്നത്. ഉടന്‍തന്നെ കേരളത്തില്‍ നടക്കുന്ന സംഘടനയുടെ ആഗോള കണ്‍വന്‍ഷന്റെ പ്രാരംഭ പ്രവര്‍ത്തനത്തിലാണ് അദ്ദേഹം.

കൂത്താട്ടുകുളത്തിനടുത്തുള്ള വെളിയന്നൂര്‍ പഞ്ചായത്തില്‍ പൂവക്കുളത്ത് പനച്ചിക്കല്‍ ജോണ്‍ മാത്യുവിന്റെയും തങ്കമ്മ മാത്യുവിന്റെയും പതിനൊന്നു മക്കളില്‍ ആറാമനായി 1959ല്‍ ജനിച്ചു. കൂത്താട്ടുകുളത്തും പാലായിലുമായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് കേരളത്തില്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 1992ല്‍ ഓസ്ട്രിയയിലെത്തിയ അദ്ദേഹം അവിടെ വിവിധ കമ്പനികളില്‍ ജോലിചെയ്യുകയുണ്ടായി. സ്വന്തമായി ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹം സത്യം ഓണ്‍ലൈന്‍ ദിനപത്രത്തിന്റെ ജനറല്‍ മാനേജരും പ്രവാസി റൂട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറുമായി പ്രവര്‍ത്തിക്കുന്നു.

വിദ്യാഭ്യാസകാലം മുതല്‍ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഓസ്ട്രിയന്‍ പ്രവാസി കേരള കോണ്‍ഗ്രസിന്റെ പ്രസിഡന്റും മറ്റു വിവിധ സംഘടനകളുടെ സജീവ പ്രവര്‍ത്തകനുമാണ്. ഭാര്യ ജിഷ ജോസ്. മക്കള്‍: മനു ജോസ്, ആന്റോ ജോസ്.

സംഘടനയുടെ വളര്‍ച്ചയ്ക്ക് ജോസ് മാത്യു ചെയ്യുന്ന സംഭാവനകള്‍ ശ്ളാഘനീയമാണെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ ചെയര്‍മാന്‍ ജോസ് കാനാട്ട്, വൈസ് ചെയര്‍പേഴ്സണും ഗ്ളോബല്‍ വിമന്‍സ് ഫോറം കോഓര്‍ഡിനേറ്ററുമായ ഷീല ചെറു, ട്രഷറര്‍ പി.പി ചെറിയാന്‍, ഫൌണ്ടര്‍ മാത്യു മൂലേച്ചേരില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍