ഇന്ത്യന്‍ അംബാസഡര്‍ എസ്. ജയശങ്കറിന് വന്‍ വരവേല്‍പ് നല്‍കി
Friday, February 21, 2014 7:14 AM IST
പോട്ടോമാക്, മെരിലാന്റ്: അമേരിക്കയിലെ പുതിയ ഇന്ത്യന്‍ നയതന്ത്രപ്രതിനിധി എസ് ജയശങ്കറിന് ശനിയാഴ്ച മെറിലാന്റിലെ പോട്ടോമാക്കില്‍ വന്‍ സ്വീകരണം നല്‍കി. നാഷണല്‍ കൌണ്‍സില്‍ ഓഫ് ഏഷ്യന്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍സ് (എന്‍സിഎഐഎ) ആതിഥ്യം വഹിച്ച സ്വീകരണത്തില്‍ സംസാരിക്കവേ, ഭാരതവും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സഹായിച്ച ഇന്ത്യന്‍ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. പരസ്പരബന്ധങ്ങള്‍ കൂടുതല്‍ ഫലവത്താക്കാനുള്ള സഹായം തുടര്‍ന്നും തേടുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

'ഭാരതത്തെക്കുറിച്ചു ചിന്തിയ്ക്കുന്ന ഒരമേരിക്കകാരന്റെ മനസ്സിലെത്തുന്ന ചിത്രം തന്റെ ഇന്ത്യന്‍ -അമേരിക്കന്‍ അയല്‍ക്കാരുടേയും, പ്രവര്‍ത്തനസ്ഥലങ്ങളിലെ ഇന്ത്യന്‍- അമേരിക്കന്‍ സഹപ്രവര്‍ത്തകരുടേയും, വിവിധ തരത്തിലുള്ള സേവനങ്ങളും ഉപദേശങ്ങളും നല്‍കുന്ന ഇന്ത്യന്‍ സേവനദാതാക്കളുടേയുമായിരിയ്ക്കും' ഡിസംബറൊടുവില്‍ ചുമതലയേറ്റ ജയശങ്കര്‍ പറഞ്ഞു.

സ്വീകരണച്ചടങ്ങില്‍ മെറിലാന്റ് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് രാജന്‍ നടരാജന്‍ അംബാസഡര്‍ക്ക് ഒരു പ്രശംസാപത്രം സമ്മാനിച്ചു. അമേരിക്കഇന്ത്യാ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ വേണ്ടി ജയശങ്കര്‍ വഹിച്ച പങ്കിനെ മാനിച്ചുകൊണ്ട് ഗവര്‍ണര്‍ മാര്‍ട്ടിന്‍ ഒമാലി ഫെബ്രുവരി പതിനഞ്ച് 'എസ് ജയശങ്കര്‍ ദിന'മായി പ്രഖ്യാപിച്ചു.

മോണ്ട്ഗോമറി കൌണ്ടി എക്സിക്യൂട്ടിവ് ഇശയ്യാ ലെക്ഷറ്റ്, എന്‍സിഎഐഎ നേതാക്കളായ സുരേഷ് ഗുപ്ത, ബിനോയ് തോമസ്, സമ്പു ബണിക്, ഹര്‍സ്വരൂപ് സിംഗ് എന്നിവരും തദവസരത്തില്‍ സംസാരിച്ചു. ജയശങ്കറിന്റെ പത്നിയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം