സിഫ്ഫില്‍ വമ്പന്മാര്‍ തമ്മിലുള്ള മത്സരങ്ങളും ഇന്റര്‍ സ്കൂള്‍ സെമിയും ഫെബ്രുവരി 21ന്
Thursday, February 20, 2014 10:22 AM IST
ജിദ്ദ: പതിനേഴാമത് സിഫ്ഫ് വെസ്റ്റേണ്‍ യൂണിയന്‍ ഫുട്ബാള്‍ മത്സരങ്ങളില്‍ നാളെ അവസാന ലീഗ് റൌണ്ട് മത്സരങ്ങള്‍ക്ക് തിരശീല വീഴുമ്പോള്‍ സീനിയര്‍ ഡിവിഷനില്‍ ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള കളികളില്‍ ഗ്രൂപ്പ് എയില്‍ തുല്യ ശക്തരായ നാദക്ക് ബ്ളൂ സ്റാര്‍ എ ടീമും എബിസി കാര്‍ഗോ റിയല്‍ കേരളയും ബി ഗ്രൂപ്പില്‍ ഓട്ടിസ് കാര്‍ഗോ എസിസിഎ ടീം, ഈസ്റേണ്‍ ഏറനാട് ക്ളബുമായി ഏറ്റുമുട്ടും.

ഇന്റര്‍ സ്കൂള്‍ വിഭാഗത്തില്‍ അല്‍ അബീര്‍ ട്രോഫിക്കുവേണ്ടി കലാശക്കളിക്കായി അര്‍ഹത നേടുവാന്‍ ശക്തരായ ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ സ്കൂള്‍, അലവുരൂദ് ഇന്റര്‍ നാഷണല്‍ സ്കൂളുമായി സെമിയില്‍ ഏറ്റുമുട്ടുന്നു.

ബി ഡിവിഷനില്‍ അതിനിര്‍ണായകമായ ഗ്രൂപ്പ് എയില്‍ സെമി ഫൈനല്‍ അര്‍ഹതക്കുവേണ്ടി അല്‍ അബീര്‍ ശറഫിയയും ബദര്‍ അല്‍ തമാം യുണൈറ്റഡ് സ്പോര്‍ട്സ് ക്ളബുമായി ഏറ്റുമുട്ടും.

വൈകുന്നേരം 4.10നു തുടങ്ങുന്ന ആദ്യ മത്സരത്തില്‍ ബി ഡിവിഷനില്‍ തുല്യ പോയിന്റും ഗോള്‍ ശരാശരിയുമുള്ള അല്‍ അബീരും യുണൈറ്റഡ് സ്പോര്‍ട്സ് ക്ളബും തമ്മിലുള്ള മത്സരം ആവേശകരമായിരിക്കും. ഈ ഗ്രൂപ്പില്‍ നിന്നും ബ്ളൂ സ്റാര്‍ ബി ടീം നേരത്തെ തന്നെ സെമി ഫൈനല്‍ മത്സരത്തിനു അര്‍ഹത നേടിയിട്ടുണ്ട്.

5.30നു ആരംഭിക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ അല്‍ അബീര്‍ ട്രോഫിക്കുവേണ്ടിയുള്ള ഇന്റര്‍ സ്കൂള്‍ വിഭാഗത്തില്‍ കിരീട സാധ്യത ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ സ്കൂളും കറുത്ത കുതിരകളായ അല്‍ വുരൂദ് ഇന്റര്‍നാഷണല്‍ സ്കൂളും തമ്മില്‍ കടുത്ത പോരാട്ടം തന്നെയായിരിക്കും നടക്കുക.

മഗരിബു നമസ്കാരത്തിനുശേഷം 6.45ന് സീനിയര്‍ വിഭാഗത്തില്‍ ഗ്രൂപ്പ് എ യില്‍ തുല്യ പോയിന്റുകളുള്ള എബിസി കാര്‍ഗോ റിയല്‍ കേരളയും നാദക്ക് ബ്ളൂ സ്റാര്‍എ ടീമും തമ്മിലാണ് മത്സരം. സംസ്ഥാന സീനിയര്‍, ജൂണിയര്‍ താരങ്ങളായ നിഷാദ്, കബീര്‍, ജാഫര്‍, രമേശ്, ജാക്സന്‍ എന്നിവര്‍ക്ക് പുറമെ കാലിക്കറ്റ് സര്‍വകലാശാലയുടെ മുന്‍ ഗോള്‍ കീപ്പര്‍ ശുഹൈബിന്റെ നേതൃത്വത്തില്‍ ഗ്രൌണ്ടില്‍ ഇറങ്ങുമ്പോള്‍ മറുഭാഗത്ത് സിഫ്ഫില്‍ ഈ വര്‍ഷം ഇതുവരെ നടന്ന കളികളില്‍ എറ്റവും കൂടുതല്‍ ഒത്തിണക്കം കാഴ്ചവച്ച ബ്ളൂ സ്റാര്‍ ടീം സംസ്ഥാന ജൂണിയര്‍ താരം നിസാറിന്റെ നേതൃത്വത്തില്‍ മുസ്തഫ,ബൈജു,അലി തുടങ്ങിയ പ്രമുഖ മലപ്പുറം ജില്ലാ താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ശക്തരായ എതിരാളികളെ വീഴ്ത്തിക്കൊണ്ട് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി സെമി ഫൈനലില്‍ പ്രവേശിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരിക്കും ഗ്രൌണ്ടില്‍ ഇറങ്ങുക. എതിരാളികളെക്കാള്‍ മികച്ച ഗോള്‍ ശരാശരിയുള്ള നാദക്ക് ബ്ളൂ സ്റാര്‍ബി ക്ക് നാളത്തെ മത്സരം സമ നിലയില്‍ ആയാലും ഗ്രൂപ്പ് ജേതാക്കള്‍ ആകാം. എബിസി റിയല്‍ കേരളക്ക് ആവട്ടെ, നാലു മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ബ്ളൂ സ്റാര്‍ ട്രോഫി ടൂര്‍ണമെന്റില്‍ ബ്ളൂസ്റാറിനോട് എറ്റ പരാജയത്തിനു പകരം വീട്ടാനുള്ള ഒരു സുവര്‍ണ അവസരം കൂടിയാണിത്.

8.15നു നടക്കുന്ന അവസാന മത്സരത്തില്‍ ഗ്രൂപ്പ് ബിയില്‍ മികച്ച ഫോമിലുള്ള ഓട്ടിസ് കാര്‍ഗോ എസിസി എ ടീം, ടൂര്‍ണമെന്റിലെ ഗ്ളാമര്‍ ടീമായ ഈസ്റേണ്‍ ഏറനാടിനെ നേരിടുന്നു.

നോക്കിയ ഫോണും വെസ്റ്റേണ്‍ യൂണിയനും കാണികള്‍ക്കായി ഫണ്‍ ഗെയിമുകളും വില പിടിപ്പുള്ള സമ്മാനങ്ങളും റബിയ ചായ, ലക്കി നറുക്കെടുപ്പിലൂടെ വിജയിക്കുന്ന വ്യക്തിക്ക് ജിദ്ദ - കാലിക്കട്ട് -ജിദ്ദ വിമാന ടിക്കറ്റും നല്‍കുന്നുണ്ട്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍