ഷെവലിയര്‍ വി.പി. തോമസ് നിര്യാതനായി
Thursday, February 20, 2014 10:19 AM IST
ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും ഡല്‍ഹിയിലെ മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന ഷെവലിയര്‍ വി.പി. തോമസ് നിര്യാതനായി.

ഫെബ്രുവരി 23ന് (ഞായര്‍) രാവിലെ എട്ടു മുതല്‍ 11 വരെ മൃതദേഹം ഭവനത്തിലും (ഡി18, ജി. കെ. 2, എന്‍ക്ളെവ്, ന്യൂഡല്‍ഹി) തുടര്‍ന്ന് 12 മുതല്‍ 2.30 വരെ ഡല്‍ഹി നെബ്സേറായി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിലും പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കുറിലോസ്, ജോഷുവാ മാര്‍ ഇഗ്നാത്തിയോസ്, ജേക്കബ് മാര്‍ ബര്‍ണബാസ് മറ്റുപിതാക്കന്മാര്‍, വൈദികര്‍, സന്യസ്തര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കും ശുശ്രൂഷകള്‍ക്കും അനുസ്മരണ ചടങ്ങുകള്‍ക്കുശേഷം വൈകുന്നേരം നാലിന് ഡല്‍ഹി കന്റോണ്‍മെന്റ് (ബ്രാര്‍ സ്ക്വയര്‍) ശ്മശാനത്തില്‍ സംസ്കരിക്കും.

ചെന്നിത്തല വാലുപറമ്പില്‍ വി.ജി. പപ്പിയുടെയും ശോശമ്മയുടെയും മകനായി ജനിച്ച വി.പി തോമസ് ഡല്‍ഹി മലങ്കര കാത്തലിക് അസോസിയേഷന്‍, കേരള ക്രിസ്ത്യന്‍ അസോസിയേഷന്‍ എന്നിവയുടെ സ്ഥാപക നേതാവായിരുന്നു. ഡല്‍ഹിയില്‍ ആദ്യകാല ക്രൈസ്തവ കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന അദ്ദേഹം ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2004 ല്‍ സഭയുടെ ഉന്നത ബഹുമതിയായ ഷെവലിയര്‍ പട്ടം നല്‍കി അദേഹത്തെ ആദരിച്ചു.

ഭാര്യ: ത്രേസ്യാമ്മ. മക്കള്‍ ഫിലിപ്പ്, ജോസ്, സൂസന്‍. മരുമക്കള്‍: ബിനു, റീന, സന്തോഷ്. കൊച്ചുമക്കള്‍: താനിയ, വരുണ്‍, സ്നേഹ, പ്രിയ, റെനി, സഞ്ജന.സഹോദരങ്ങള്‍: വി.പി. ജോര്‍ജ്, പരേതരായ റവ. ഫാ. ഏബ്രഹാം വാലുപറമ്പില്‍, വി.പി. വര്‍ഗീസ്.

റിപ്പോര്‍ട്ട്: ഏബ്രഹാം എം. പാട്ട്യാനി