പ്രഥമ മുട്ടത്തുവര്‍ക്കി പ്രവാസി പുരസ്കാരം കൊല്ലം തെല്‍മയ്ക്ക്
Thursday, February 20, 2014 5:11 AM IST
വാഷിംഗ്ടണ്‍ ഡി.സി: 'മാം' സംഘടിപ്പിച്ച രണ്ടായിരത്തി പതിമൂന്നിലെ പ്രഥമ മുട്ടത്തുവര്‍ക്കി പ്രവാസി സ്മാരക അവാര്‍ഡ് കൊല്ലം തെല്‍മയ്ക്ക്് ലഭിച്ചു. 'ബാലുവും ട്രീസയും പിന്നെ ഞാനും' എന്ന നോവലിനാണ് തെല്‍മ ഈ പുരസ്ക്കാരത്തിന് അര്‍ഹയായത്.

തെറ്റ് ചെയ്തവര്‍ പശ്ചാത്തപിച്ച് നല്ല മാര്‍ഗത്തില്‍ ജീവിക്കാന്‍ ശ്രമിച്ചാലും, സമൂഹം അവരുടെ നേരെ വിരല്‍ ചൂണ്ടിയിരിക്കുന്നു. 'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം' ഈ പ്രവണത തുടച്ചുനീക്കുക എന്നതാണ് തെല്‍മ തന്റെ നോവലില്‍ വരച്ചു കാട്ടുന്നത്.

ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍, മലയാള നാട്, കുങ്കുമം, കേരള കൌമുദി, ജനയുഗം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ തെല്‍മ സജീവമായിരുന്നു. തിരുവനന്തപുരം ആകാശവാണി പ്രക്ഷേപണം ചെയ്ത 'തെല്‍മാ കഥകള്‍' ശ്രോതാക്കളെ ആകര്‍ഷിച്ചവയായിരുന്നു. ജനയുഗം വാരിക പ്രസിദ്ധീകരിച്ച 'വൃദ്ധന്‍' എന്ന ചെറുകഥ, ബിരുദ വിദ്യാര്‍ഥിനിയായിരിക്കെ അഖില കേരള സാഹിത്യ സംഘടന സംഘടിപ്പിച്ച ആംഗല ചെറുകഥ മത്സരത്തില്‍ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി.

1984-ല്‍ അമേരിക്കയില്‍ ചേക്കേറിയ തെല്‍മയുടെ പ്രധാനപ്പെട്ട നോവലുകള്‍ : 'മനുഷ്യാ നീ മണ്ണാകുന്നു' ,'അപസ്വരങ്ങള്‍' 'ചിലന്തിവല', 'അമേരിക്കന്‍ ടീനേജര്‍', 'വെണ്മേഘങ്ങള്‍' എന്നിവയാണ്.

പ്രസിദ്ധീകരണ പണിപ്പുരയിലെ നോവലുകള്‍ : സിനിമാ സിനിമാ, യാക്കോബിന്റെ കിണര്‍, ഒരു കന്യാസ്ത്രീയുടെ കഥ, മഞ്ഞില്‍ വിരിയുന്ന മഗ്നോളിയ, തങ്കശ്ശേരി.

'തങ്കശേരി' എന്ന നോവല്‍ മലയാളത്തിലെ പ്രശസ്തനായ ഒരു സിനിമാ സംവിധായകന്‍ അഭ്രപാളികളിക്കാനുള്ള ഒരുക്കങ്ങളിലാണ്.

2014 മാര്‍ച്ച് 21-ന് വാഷിംഗ്ടണ്‍ ഡിസിക്ക് സമീപമുള്ള മേരിലാന്റില്‍ 'മാം' സംഘടിപ്പിക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍, അന്നാ മുട്ടത്തു വര്‍ക്കി, വിജയിക്ക് പുരസ്കാരം നല്‍കുന്നതാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം