അബുദാബി മലയാളി സമാജം യുവജനോത്സവം: വൃന്ദാമോഹന്‍ കലാതിലകം
Wednesday, February 19, 2014 9:53 AM IST
അബുദാബി: അബുദാബി മലയാളി സമാജം സംഘടിപ്പിച്ച ശ്രീദേവി മെമ്മോറിയല്‍ യുഎഇ ഓപ്പണ്‍ യൂത്ത്ഫെസ്റ്റിവലിന്റെ കലാതിലകമായി, ഷാര്‍ജ, അവര്‍ ഓണ്‍ ഇംഗ്ളീഷ് സ്കൂളിലെ എട്ടാംക്ളാസ് വിദ്ദ്യാര്‍ഥിയായ വൃന്ദാ മോഹനെ തെരഞ്ഞെടുത്തു.

കുച്ചുപ്പുടി, ഭരതനാട്യം, മോണോ ആക്ട് എന്നിവയില്‍ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് ഈ കലാകാരി ശ്രീദേവി മെമ്മോറിയല്‍ റോളിംഗ് ട്രോഫിക്ക് അര്‍ഹയായത്.

2009, 2013 വര്‍ഷങ്ങളിലും വൃന്ദാമോഹന്‍ തന്നെയായിരുന്നു സമാജം കലാതിലകം. യുഎഇയിലെ മറ്റു പല പ്രമുഖ യുവജനോത്സവങ്ങളിലും ഈ കൊച്ചു മിടുക്കി കലാതിലക പട്ടം അണിഞ്ഞിട്ടുണ്ട്.

ഗ്രൂപ്പ് വിജയികളായി സൂര്യ മഹാദേവന്‍, അഞ്ജന സുബ്രഹ്മണ്യം (9 വയസിനു താഴെ), മീനാക്ഷി ജയകുമാര്‍ (9-12), അഖില്‍ മധു (15-18) എന്നിവരെ തെരഞ്ഞെടുത്തു. നാലു ദിവസങ്ങളിലായി നാലു വേദികളില്‍ നിറഞ്ഞാടിയ കലോത്സവം മത്സരാര്‍ഥികളുടെ പങ്കാളിത്തത്തില്‍ മുന്‍ വര്‍ഷങ്ങളെ കവച്ചു വയ്ക്കുന്നതായിരുന്നു. എതാണ്ട് മുന്നൂറിലധികം കുരുന്നു പ്രതിഭകള്‍ മാറ്റുരച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലെ നൃത്ത മത്സരങ്ങള്‍ അര്‍ദ്ധരാത്രിയും കടന്ന് പുലര്‍ച്ചെ മൂന്നുവരെ നീണ്ടു. നൃത്തയിനങ്ങളില്‍ നാട്ടില്‍ നിന്നെത്തിയ പ്രഗത്ഭരായ നൃത്താധ്യാപകരാണ് വിധികര്‍ത്താക്കളായത്.

കലാമത്സരങ്ങളില്‍ പങ്കെടുത്ത കുട്ടികള്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചതെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. ക്ളാസിക്കല്‍ ഇനങ്ങളില്‍ പങ്കെടുത്ത കുട്ടികളുടെ മികവ്, വിധിനിര്‍ണയം പലപ്പോഴും പ്രയാസമേറിയതാക്കിയതായി അവര്‍ അഭിപ്രായപ്പെട്ടു. ഒരു പരാതിക്കും ഇടനല്‍കാതെ വളരെ ചിട്ടയായി നടന്ന സമാജം യുവജനോത്സവം രക്ഷകര്‍ത്താക്കളുടെ പ്രശംസപിടിച്ചുപറ്റി.

സമാജം കലാവിഭാഗം സെക്രട്ടറി വി.വി സുനിലിന്റെ നേതൃത്വത്തില്‍ സമാജം പ്രവര്‍ത്തകരൊന്നടങ്കം പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം പിന്നീട് നടക്കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള