ഫ്രണ്ട് ലൈന്‍ ഫൈറ്റ് അവിസ്മരണീയമായി
Wednesday, February 19, 2014 9:51 AM IST
കുവൈറ്റ്: കോര്‍പ്പറേറ്റ് പ്രഫഷണലിസത്തിന്റേയും താള വിസ്മയത്തിന്റേയും സര്‍വ മനോഹാരിതയും ആവാഹിച്ച് ഫ്രണ്ട് ലൈന്‍ ഫൈറ്റ് 2014 അവിസ്മരണീയമായി.

ഗള്‍ഫ് മേഖലയിലെ പ്രമുഖ ലോജിസ്റിക്സ് സേവന ദാതാക്കാളായ ഫ്രണ്ട്ലൈന്‍ ലോജിസ്റിക്സിന്റെ പുതിയ ലോഗോയുടെ അനാഛാദനത്തോടും ഉപഭോക്താക്കളുടേയും സേവന ദാതാക്കളുടേയും അഭ്യുദയകാംക്ഷികളുടേയും സംഗമത്തോടും അനുബന്ധിച്ചാണ് വ്യാഴാഴ്ച വൈകുന്നേരം 7.30ന് ഹവല്ലി ടൂറിസ്റിക് പാര്‍ക്കിലെ ഗസര്‍ ഹവല്ലി ഓഡിറ്റോറിയത്തില്‍ പരിപാടി സംഘടിപ്പിച്ചത്.

പരിപാടിക്ക് തുടക്കം കുറിച്ച് ഇന്തോ-അറബിക് ഫ്യൂഷന്‍ ഡാന്‍സും തുടര്‍ന്ന് പ്രൌഢഗംഭീരമായ സ്റാഫ് പ്രൊക്ഷഷനും അരങ്ങേറി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ പതാകകള്‍ക്കു കീഴില്‍ ഫ്രണ്ട് ലൈന്‍ സ്റാഫ് അംഗങ്ങള്‍ നീങ്ങി. തുടര്‍ന്ന് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചു. ഫ്രണ്ട്ലൈന്‍ ലോജിസ്റിക്സ് റീജിയണല്‍ ഡയറക്ടര്‍ ബി.പി നാസര്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു.

വിശ്വവിശ്രുത സംഗീത പ്രതിഭകളായ ശിവമണിയും സ്റീഫന്‍ ദേവസിയും ചേര്‍ന്ന് അവതരിപ്പിച്ച മ്യൂസിക്കല്‍ ഫ്യൂഷന്‍ ഫ്രണ്ട്ലൈന്‍ ഫൈറ്റിന്റെ ഉത്സവത്താളമായി.

ഫ്രണ്ട്ലൈന്‍ ഗ്രൂപ്പിന്റെ പുതിയ ലോഗോ ഡിജിറ്റല്‍ ഫ്രെയിമില്‍ അനാവരണം ചെയ്തു. മികച്ച സ്റാഫുകള്‍ക്കുള്ള അവാര്‍ഡുകളുടെ പ്രഖ്യാപനം അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ അഫ്സല്‍ അലി നടത്തി. ചന്ദ്രമൌലി, കെ.പി അബ്ദുള്‍ ഖാദര്‍, ജാഹിര്‍ ഹുസൈന്‍, ടി.പി നാഷിദ്, സിദ്ധിഖ് അബ്ദുള്‍ ഹക്കീം, ബാബു ജി ബത്തേരി, സാവിയോ ജോബ്, എസ്. ഗുരുമൂര്‍ത്തി, വിവിയന്‍ കാസിം, ലിനോ, കെ.പി അബ്ദുള്‍ ജബാര്‍, രാജേഷ് നായര്‍, ബേബി ഹൈഡി, റെഗലാഡോ എന്നിവര്‍ വിവിധ അവാര്‍ഡുകള്‍ക്ക് അര്‍ഹരായി.

ബി.പി നാസര്‍, ഫെബിന നാസര്‍, മുസ്തഫ കാരി, അന്‍വര്‍ അലി എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബിസിനസ് കാര്‍ഡ്, ലക്കിഡിപ്പ്, ലോഗോയെക്കുറിച്ചുള്ള ചോദ്യാവലി, ബാഡ്ജ് ബിംഗോ തുടങ്ങിയ ഗെയിമുകളിലെ വിജയികള്‍ക്ക് ഗള്‍ഫ് മാര്‍ട്ട് കണ്‍ട്രി ഹെഡ് ഡോ. എം.ടി രമേഷ്, ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ബോര്‍ഡ് സെക്രട്ടറി വിജയന്‍ കാരയില്‍, എമാമ അല്‍ബൈദ എംഡി അബ്ദുറഹ് മാന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ മുസ്തഫ കാരി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്