നിരണത്ത് അധ്യാപകരെ ആദരിച്ചു
Wednesday, February 19, 2014 9:45 AM IST
നിരണം: 'മാതാപിതാഗുരോദൈവം' എന്ന ആപ്തവാക്യം അന്വര്‍ഥമാക്കിക്കൊണ്ട് തങ്ങളുടെ പൂര്‍വകാല അധ്യാപകരെ ആദരിക്കുന്നതിനായി അമേരിക്കയിലെ ഒരു മലയാളി കുടുംബത്തിലെ സഹോദരങ്ങള്‍ ഒത്തുചേര്‍ന്നു. സ്ഥാനമാനങ്ങള്‍ മാറുമ്പോള്‍ പിന്നിട്ട കാലവും കാര്യങ്ങളും മറക്കുന്ന സ്ഥിതിവിശേഷത്തിനു വിപരീതമായി ഈ സഹോദരങ്ങള്‍ എന്നും തങ്ങളുടെ പൂര്‍വകാല സ്മൃതികളെ പിന്തുടരുന്നുണ്ടായിരുന്നു.

അമേരിക്കയില്‍ വളരെ വര്‍ഷങ്ങളായിട്ടും തങ്ങള്‍ക്ക് അറിവു പകര്‍ന്നുകൊടുത്ത അധ്യാപകരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്കും സ്നേഹബഹുമാനങ്ങള്‍ക്കും മാറ്റമുണ്ടായില്ല. അതിന് പുത്തന്‍ ഉണര്‍വും ഉന്മേഷവും നല്‍കുന്നതായിരുന്നു അധ്യാപക സംഘമം.

നിരണം കടപ്ര സെന്റ് തോമസ് ഹൈസ്കൂളില്‍ പഠിച്ചു പാസായ കോട്ടയില്‍ സഹോദരങ്ങളില്‍ ഇളയ സഹോദരന്‍ തോമസ് മാത്യു (അനിയന്‍) മുന്‍കൈ എടുത്ത് അന്നത്തെ അധ്യാപകരെ തങ്ങളുടെ ഭവനത്തില്‍ ഒരുമിച്ചുകൂട്ടി. 2014 ജനുവരി 25-ന് ചേര്‍ന്ന ഈ സമ്മേളനം ഈശ്വരപ്രാര്‍ഥനയോടെ ആരംഭിച്ചു. റവ. ഫാ. എല്‍. ജോര്‍ജ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കുടുംബത്തെ പ്രതിനിധീകരിച്ച് സൂസി മാത്യു സ്വാഗതം ആശംസിച്ചു. അധ്യാപകരായ ജോര്‍ജ് കുര്യന്‍, കെ.ആര്‍. പുരുഷോത്തമന്‍, കെ.എം. പൂര്‍ണമ്മാള്‍, പി.എം. ശോശാമ്മ, സൂസമ്മ വര്‍ഗീസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

അമേരിക്കയില്‍ ജീവിച്ചിട്ടും പിന്നിട്ട ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ ഇന്നും മറക്കാതെ മായിക്കാതെ സൂക്ഷിക്കുന്ന കോട്ടയില്‍ സഹോദരങ്ങളെ മുഖ്യ പ്രഭാഷകനായ റവ. ഫാ. സ്ളോമൊ (അരിസോണ) അഭിനന്ദിച്ചു. വികാരനിര്‍ഭരമായ അദ്ദേഹത്തിന്റെ പ്രസംഗം ഏവരേയും വികാരഭരിതരാക്കി. തുടര്‍ന്ന് എല്ലാവര്‍ഷവും ഇതുപോലെ സമ്മേളിക്കുന്നതിനുള്ള തോമസ് മാത്യുവിന്റെ താത്പര്യം എല്ലാവര്‍ക്കും കൂടുതല്‍ സന്തോഷത്തിനു കാരണമാക്കി. എല്ലാവര്‍ഷവും ഫെബ്രുവരിയിലെ രണ്ടാം ശനിയാഴ്ചയായിരിക്കും സമ്മേളനം. സമ്മേളനത്തിന്റെ സെക്രട്ടറിയായി കെ.എം. വര്‍ഗീസ് ചുമതല ഏറ്റെടുക്കുകയും ചെയ്തു. 2015-ലെ സമ്മേളനം പൊടിയാടിയിലുള്ള ആനി തോമസ് ടീച്ചറിന്റെ ഭവനത്തില്‍ വച്ചായിരിക്കുമെന്നു തീരുമാനിച്ചു. കെ.എം. വര്‍ഗീസ് കൃതഞ്ജത പറഞ്ഞു. തോമസ് മാത്യുവിനോടുള്ള സന്തോഷ സൂചകമായി പൂര്‍വാധ്യാപകര്‍ അദ്ദേഹത്തിന് ഫലകം നല്‍കി അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് മണ്ണിക്കരോട്ട്