ഫിലിപ്പൈന്‍ യുവതിയുടെ കൊലപാതകം: കുവൈറ്റില്‍ മൂന്ന് മലയാളികള്‍ പിടിയില്‍
Wednesday, February 19, 2014 9:44 AM IST
കുവൈറ്റ് സിറ്റിഃ കുവൈറ്റില്‍ ഫിലിപ്പൈന്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു മലയാളികള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ അജിത് അഗസ്റിന്‍, ടിജോ തോമസ്, തുഫൈല്‍ എന്നിവരാണ് പോലീസ് പിടിയിലായത്.

യുവതിയെ കഴുത്തു ഞെരിച്ചു കൊല്ലുകയും തെളിവ് നശിപ്പിക്കാനായി ഫ്ളാറ്റിന് തീകൊളുത്തുകയും ചെയ്തുവെന്നാണ് കേസ്. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു ഫര്‍വാനിയ പാക്കിസ്ഥാന്‍ സ്കൂളിനു സമീപം ബഹുനില കെട്ടിടത്തിലെ ഫ്ളാറ്റില്‍ തീപിടുത്തമുണ്ടാവുകയും സംഭവത്തില്‍ ഒരു ഫിലിപ്പൈന്‍ യുവതിയെ മരിച്ച നിലയില്‍ കണ്െടത്തുകയും ചെയ്തത്. തീ പിടുത്തത്തെ തുടര്‍ന്നുള്ള സ്വാഭാവിക അപകടവും മരണവുമെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീട് നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് തീ പിടുത്തത്തിനുമുമ്പ് തന്നെ യുവതി കൊല്ലപ്പെട്ടിരുന്നുവെന്ന് കണ്െടത്തിയത്.

തുടര്‍ന്ന് യുവതിയുമായി ബന്ധമുണ്ടായിരുന്ന താമരശേരി സ്വദേശി അജിത് അഗസ്റിനെ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. പലിശക്ക് പണം കടം കൊടുക്കാറുണ്ടായിരുന്ന യുവതിയില്‍ നിന്ന് വന്‍ സംഖ്യ പറ്റിയിരുന്ന അജിത് അത് തിരിച്ചയ്ടക്കാതിരിക്കാന്‍ യുവതിയെ കഴുത്തു ഞെരിച്ചു കൊല്ലുകയും തെളിവ് നശിപ്പിക്കാന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ഫ്ളാറ്റിനു തീകൊളുത്തുകയുമായിരുന്നത്രേ.

കുവൈറ്റിലെ പ്രമുഖ ബേക്കറി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അജിത് പലിശ ഇടപാടില്‍ കൊല്ലപ്പെട്ട ഫിലിപ്പൈന്‍ യുവതിയുടെ ഇടനിലക്കാരനായി നിന്ന് പലര്‍ക്കും പണം വായ്പയെടുത്തു നല്‍കിയിരുന്നതായി പറയപ്പെടുന്നു. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരായ ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശേരി സ്വദേശി തുഫൈല്‍ എന്നിവരെ വെള്ളിയാഴ്ച താമസ സ്ഥലത്തുവച്ചാണ് പോലീസ് പിടികൂടിയത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍