'കെഎംസിസി സംഗമം 2014': മന്ത്രി മുനീര്‍ പങ്കെടുക്കും
Tuesday, February 18, 2014 9:56 AM IST
മനാമ: ബഹ്റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാകമ്മിറ്റി സംഗമം 2014 സമാപനസമ്മേളനത്തില്‍ കേരള പഞ്ചായത്ത്, സമൂഹികക്ഷേമ മന്ത്രി ഡോ. എം.കെ.മുനീര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്ററും പരിപാടിയില്‍ സംബന്ധിക്കും. 'പ്രവാസം നന്മയുടെ കരുതിവയ്പ്പിന്' എന്ന പ്രമേയം ആസ്പദമാക്കി കഴിഞ്ഞ ഒരുമാസക്കാലമായി സംഘടിപ്പിച്ച വ്യത്യസ്ഥ പരിപാടികള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ പാറയ്ക്കല്‍ അബ്ദുള്ള ജനുവരി 22ന് ഉദ്ഘാടനം ചെയ്തതോടെ തുടക്കം കുറിച്ച സംഗമത്തില്‍ ഉദ്ബോദന സംഗമം, സൈബര്‍മീറ്റ്, കിഡ്നി വെയര്‍ ക്യാമ്പ് എന്നിവ വിജയകരമായി അവസാനിച്ചു.

19ന് (ബുധന്‍) രാത്രി ജുഫൈറിലെ എന്‍ജിനിയേഴ്സ് സൊസൈറ്റി ഹാളില്‍ ബിസിനസ് സംഗമം നടക്കും. സംഗമത്തില്‍ കെപിഎംജി ബഹ്റൈന്‍, ടോപേഴ്സ് ബിസിനസ് ബ്യൂറോ എന്നീ സ്ഥാപനങ്ങളിലെ മാനേജ്മെന്റ് വിദഗ്ധര്‍, തംകീന്‍, അക്കൌണ്ടിംഗ്, ഓഡിറ്റിംഗ്, ലീഗലൈസേഷന്‍ തുടങ്ങി ബിസിനസ് സംമ്പന്ധമായ വിഷയങ്ങളില്‍ ക്ളാസ് എടുക്കുന്നു

21 ന് (വെള്ളി) വൈകുന്നേരം 6.30ന് മനാമ അല്‍രാജ സ്കൂളില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം അഹമ്മദ് അബ്ദുള്‍ വാഹിദ് അല്‍ ഖറാത്ത അടക്കം പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. കേരളത്തില്‍ നിരവധി സ്റേജുകളില്‍ ഗാനാസ്വാദകരെ ആകര്‍ഷിച്ച ഗായകന്‍ ജംഷീര്‍ കൈനിക്കരയുടെ (നോവിന്റെ പാട്ടുകാരന്‍) ഗാനമേളയും ഉണ്ടായിരിക്കും.

കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി കുടിവെള്ളത്തിന് പ്രയാസപ്പെടുന്ന ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ആയിരം കിണര്‍കുഴിച്ചു കൊടുക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുകയാണ്. ഇതിന്റെ ഭാഗമായി 50 കിണറുകള്‍ കോഴിക്കോട് ജില്ലാ കെഎംസിസി ഏറ്റെടുത്തിരിക്കുകയാണ്. ഒരു കിണറിന് 75000 മുതല്‍ ഒരു ലക്ഷം രൂപ വരെ ചെലവു പ്രതീക്ഷിക്കുന്ന വലിയ സാമ്പത്തിക ബാധ്യത വരുന്ന ഈ പദ്ധതി പൂര്‍ത്തീകരിക്കാന്‍ 40 ലക്ഷത്തോളം ചെലവു വരും.

കെഎംസിയുടെ പ്രവര്‍ത്തനങ്ങളെ എന്നും അനുഭാവപൂര്‍വം നോക്കികാണുകയും സഹകരിക്കുകയും ചെയ്യുന്ന ഉദാരമനസ്കരെ മുന്നില്‍കണ്ടു കൊണ്ടാണ് കമ്മിറ്റി വലിയ ബാധ്യത ഏറ്റെടുത്തത്. 28 കിണറുകള്‍ സംഗമത്തിന്റെ ഭാഗമായി നടത്തിയ പ്രചാരപ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഓഫര്‍ ലഭിച്ചു കഴിഞ്ഞു. ബാക്കിയുള്ള 22 കിണറുകള്‍ സമാപനസമ്മേളനത്തോടനുബന്ധിച്ച് പൂര്‍ത്തീകരിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ മനുഷ്യ സ്നേഹികളായ ബഹ്റൈനിലെ പ്രവാസികളുടെ സഹായ സഹകരണങ്ങള്‍ ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ എല്ലാവരുടേയും സഹകരണത്തോടെ ഭംഗിയായി പൂര്‍ത്തീകരിച്ച തണല്‍ ഭവന പദ്ധതി എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. 6 പ്രവാശ്യങ്ങളിലായി ആയിരത്തിലധികം പേര്‍ സല്‍മാനിയ ഹോസ്പിറ്റലില്‍ കെഎംസിസി നേതൃത്വത്തില്‍ രക്തം ദാനം ചെയ്തു. സ്വദേശികളുടേയും വിദേശികളുടേയും പ്രശംസ പിടിച്ചു പറ്റിയ രക്തദാനത്തിന്റെ ഭാഗമായി അപൂര്‍വം രക്തഗ്രൂപ്പുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഡയക്ടറി കമ്മിറ്റി സൂക്ഷിക്കുന്നുണ്ട്.

കെഎംസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ബഹ്റിൈല്‍ നിന്നുള്ള പ്രയാസമനുഭവിക്കുന്ന പ്രയാസികള്‍ക്ക് പ്രാമൂഖ്യം നല്‍കാനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നാട്ടില്‍ വിശ്രമജീവിതം നയിക്കുന്ന മുന്‍ ബഹ്റൈന്‍ പ്രവാസികളില്‍ നിന്നുള്ള പ്രയാസപ്പെടുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ വീതം 20 പേര്‍ക്ക് ഇപ്പോള്‍ പെന്‍ഷന്‍ നല്‍കികൊണ്ടിരിക്കുകയാണ്. കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ പെന്‍ഷന്‍ പദ്ധതി വിപുലീകരിക്കണമെന്ന് ആഗ്രഹമുണ്ട്. ഈ സംരംഭത്തില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവര്‍ ജില്ലാ കമ്മിറ്റിയുമായി സഹകരിക്കേണ്ടതാണ്. ചുരുക്കത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ വ്യത്യസ്ഥവും നൂതനുമായ കര്‍മ്മപദ്ധതികളുമായി മുന്നോട്ടു നീങ്ങുന്ന കോഴിക്കോട് ജില്ലാ കെഎംസിസിയുടെ എല്ലാപരിപാടികള്‍ക്കും ബഹ്റൈനിലെ മുഴുവന്‍ മലയാളികളുടേയും പിന്തുണ തേടി. വെള്ളിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിലേയ്ക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ കെഎംസിസി സ്റേറ്റ് ട്രഷറര്‍ ആലിയ ഹമീദ് ഹാജി, പ്രസിഡന്റ് ടി.പി. മുഹമ്മദ്അലി, ജനറല്‍ സെക്രട്ടറി എ.പി.ഫൈസല്‍, ട്രഷറര്‍ ഒ.കെ.കാസിം എന്നിവരും അഷ്റഫ് കാട്ടില്‍പീടിക, ഷംസുദീന്‍ വെള്ളികുളങ്ങര,

റസാഖ് മുഴിക്കല്‍, ഗഫൂര്‍ കൈപ്പമംഗലം, അബൂബക്കര്‍ ഹാജി, ഫൈസല്‍ കോട്ടപ്പള്ളി, അസീസ് പേരാമ്പ്ര, അഷ്റഫ് തോടന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: എ.പി ഫൈസല്‍ വില്യാപള്ളി