മാപ്പിളപ്പാട്ടിന്റെ പാലാഴി തീര്‍ത്ത് 'ഹല പതിനാലാം രാവ്'
Tuesday, February 18, 2014 9:55 AM IST
കുവൈറ്റ് : മാപ്പിള കലാവേദിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കുവൈറ്റ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച 'ഹല പതിനാലാം രാവ്' നവ്യാനുഭവമായി.

അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന മാപ്പിള കലാവിരുന്നില്‍നിന്നും പെയ്തിറങ്ങിയ ഇമ്പമേറിയ പാട്ടുകളും തനത് മാപ്പിള കലാരൂപങ്ങളായ ദഫ് മുട്ടും ഒപ്പനയും കോല്‍ക്കളിയും കുവൈറ്റിലെ പ്രവാസികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത രാത്രിയാണ് സമാനിച്ചത്.

ചെറുപ്രായത്തില്‍ തന്നെ മാപ്പിള ഗാനാസ്വാദകരുടെ മനസിലെ മാണിക്യമായി മാറിയ മാസ്റര്‍ ബാദുഷയും ശ്രവണസുന്ദരമായ ശബ്ദത്തിലൂടെ ആലാപനത്തിന്റെ പുതിയ തലങ്ങള്‍ മാപ്പിള പാട്ടിന് പരിചയപ്പെടുത്തിയ അനുഗ്രഹീത ഗായകന്‍ അനസ് ആലപ്പുഴയും നിരവധി റിയാലിറ്റി മത്സരത്തില്‍ പങ്കെടുത്ത് ഹൃദ്യമായ ശബ്ദത്തിലൂടെ മാപ്പിള ഗാനശാഖയില്‍ തന്റേതായൊരു സ്ഥാനം കരസ്ഥമാക്കിയ ഹുസ്ന അഴിയൂരുമാണ് ഇശല്‍ രാവിന് നേതൃത്വം നല്‍കിയത്.

തങ്ങള്‍ അധിവസിക്കുന്ന രാജ്യത്തോടുള്ള സ്നേഹവും കടപ്പാടും വിളിച്ചറിയിച്ച സംഗീത രാവില്‍ ആയിരത്തോളം വരുന്ന മുഹമ്മദ് റഫിയുടെയും കിഷോര്‍ കുമാറിന്റെയും പാട്ടുകള്‍ ഹൃദിസ്ഥമാക്കിയ കുവൈറ്റിലെ പ്രശസ്ത ഗായകന്‍ മുബാറക് അല്‍ റാഷിദിന്റെ ഗാനങ്ങള്‍ ഹര്‍ഷാരവത്തോടയാണ് സദസ് സ്വീകരിച്ചത്. ക്ഷണിക്കപ്പെട്ട അതിഥികളെ ദഫിന്റെയും ബാന്‍ഡിന്റെയും അകമ്പടിയോടെ സ്റ്റേജിലേക്ക് ആനയിച്ചത് പ്രവാസി മലയാളികള്‍ക്ക് പുത്തന്‍ അനുഭവമായിരുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി സംസ്ഥാന കലോല്‍സവത്തില്‍ ടീമുകളെ ഒരുക്കുന്ന ഷൌക്കത്തിന്റെയും മൊയ്തു പെരുമ്പയുടെയും നേതൃത്വത്തില്‍ ഒപ്പന, കോല്‍ക്കളി, ദഫ് ടീമുകള്‍ പരിശീലനത്തിലായിരുന്നു.

'ഹലാ പതിനാലാം രാവ്' ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ജെ.എസ്. ഡാങ്കി ഉദ്ഘാടനം ചെയ്തു. മാപ്പിള കലാവേദിയുടെ മോയിന്‍കുട്ടി വൈദ്യര്‍ അവാര്‍ഡ് ജേതാവായ കാനേഷ് പുനൂരിനുള്ള പുരസ്കാരം കുവൈറ്റ് രാജകുടുംബം ഷേഖ് ദാവൂദ് അല്‍ സല്‍മാന്‍ അല്‍ സബ സമ്മാനിച്ചു. കലാവേദി പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂര്‍ അധ്യക്ഷത വഹിച്ചു. അവശകലാകാരന്മാക്കുള്ള മാപ്പിള കലാവേദി ഏര്‍പ്പെടുത്തിയ സഹായധനത്തിന് അര്‍ഹരായ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദിനും റംലാ ബീഗത്തിനുമുള്ള തുകകള്‍ ചടങ്ങില്‍ ആബിദ് ഐ ബ്ളാക്ക്, സലാം കുറ്റിപ്പുറം, ഹമീദ് ഫോട്ടോമി എന്നിവര്‍ ചേര്‍ന്ന് നൌഫല്‍ കച്ചേരിക്ക് കൈമാറി. ഹലാ പതിനാലാം രാവ് ആഘോഷത്തിന്റെ ഭാഗമായി മാപ്പിള കലാവേദി പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം കാനേഷ് പുനൂര്‍ മൈ മാസ്റര്‍ എം.ഡി മുനവറിന് സമ്മാനിച്ചു. കുവൈറ്റ് രാജകുടുംബം ഷേഖ് ദാവൂദ് അല്‍ സല്‍മാന്‍ അല്‍ സബ, എന്‍ജിനിയറിംഗ് ലൈസന്‍സ് വിഭാഗം ഡയറക്ടര്‍ ബദര്‍ അല്‍ ഉതൈബി, മുബാറക് അല്‍ റാഷിദ്, അബ്ദുള്ള ഫൈലക്കാവി, ഹല പതിനാലാം രാവ് സ്വാഗതസംഘം ചെയര്‍മാന്‍ ഷബീര്‍ മണ്േടാളി, അഷ്റഫ് കാളത്തോട്, സലിം കോട്ടയില്‍, ജനറല്‍ സെക്രട്ടറി റാഫി കല്ലായി എന്നിവര്‍ പ്രസംഗിച്ചു.

പരിപാടിയുടെ മുഖ്യ പ്രായോജകരായ മൈ മാസ്റര്‍ എംഡി മുനവ്വര്‍, ഗ്രാന്‍ഡ് ഹൈപ്പര്‍ ഡയറക്ടര്‍ അയ്യൂബ് കച്ചേരി, ശിഫ അല്‍ ജസീറ കണ്‍ട്രി മാനേജര്‍ ഹംസ പയ്യന്നൂര്‍, ഐ ബ്ളാക്ക് എംഡി ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ പ്രധാന അധ്യാപിക ശാന്ത മരിയ ജെയിംസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി.എസ്. നജീബ് സ്വാഗതവും ട്രഷറര്‍ നൌഫല്‍ കച്ചേരി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍