നവയുഗം സാംസ്കാരികവേദി സി.കെ ചന്ദ്രപ്പന്‍ സ്മാരക പുരസ്കാരം നജാത്തിക്ക് കൈമാറി
Tuesday, February 18, 2014 9:47 AM IST
ദമാം: വ്യത്യസ്ഥ മേഖലകളില്‍ നിസ്വാര്‍ഥ സേവനത്തിലൂടെ വ്യക്തിമുദ്ര പതിച്ചവര്‍ക്കായി നവയുഗം സാസ്കാരിക വേദി ഏര്‍പെടുത്തിയ 'നവയുഗം 2013 സി.കെ ചന്ദ്രപ്പന്‍ സ്മാരക പുരസ്കാരം' മുഹമ്മദ് നജാത്തിക്ക് കൈമാറി.
പ്രവാസികളുമായി ബന്ധപെട്ട നിയമസഹായ മേഖലകളില്‍ പതിറ്റാണ്ടിലേറെയായി നിസ്വാര്‍ഥ സേവനം തുടരുന്ന മുഹമ്മദ് നജാത്തി ദമാം ശരീഅത്ത് കോടതിയിലെ പരിഭാഷകന്‍ കൂടിയാണ്. ദമാമില്‍ നടന്ന ചടങ്ങില്‍ സ്വാതന്ത്യ്ര സമര സേനാനിയും ഭാഷാ ഗവേഷകനും നിരൂപകനും കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ പുതുശേരി രാമചന്ദ്രന്‍, കവിയും ഗാനരചയിതാവും യുവകലാസാഹിതിയുടെ അധ്യക്ഷനുമായ പി.കെ ഗോപി എന്നിവര്‍ ചേര്‍ന്ന് പ്രശസ്തി പത്രവും ഫലകവും നജാത്തിക്ക് നല്‍കി, അവാര്‍ഡ് തുകയായ 2013 റിയാല്‍ സിപിഐ ദേശീയ എക്സിക്കൂട്ടിവ് അംഗവും കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായ കെ.ഇ ഇസ്മായില്‍ കൈമാറി.

നവയുഗം മാനിഭം 2013 പരിപാടിയില്‍ നടന്ന അവാര്‍ഡ് സമര്‍പ്പണ ചടങ്ങിനു സാക്ഷിയായി കിഴക്കന്‍ പ്രവശ്യയിലെ കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. അവാര്‍ഡിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ച നജാത്തി സൌദി അറേബ്യയിലെ മലയാളി സാംസ്കാരിക സംഘടനകള്‍ നടത്തുന്ന ജീവകാരുണ്യ നിയമസഹായ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു. തനിക്ക് ചെയ്യാന്‍ കഴിയാവുന്ന പരമാവധി സേവനങ്ങള്‍ തുടര്‍ന്നും പ്രവാസി സമൂഹത്തിന് തുടര്‍ന്നും നല്‍കാന്‍ സന്നദ്ധനാണെന്നും നജാത്തി പ്രഖ്യാപിച്ചു.

അവാര്‍ഡ് വിതരണ ചടങ്ങുകള്‍ക്ക് ജമാല്‍ വല്യാപ്പള്ളി, മെഹബൂബ് കോന്നി, മുഹമ്മദ് ഹനീഫ, ശ്രീകുമാര്‍ ആറാട്ടുകുഴി, ബാലന്‍ കപ്പള്ളി, ബാസിം ഷാ, നിസാര്‍, റഹിം, രാജു ഷൈമ, രാജ്കുമാര്‍, ഉണ്ണികൃഷ്ണന്‍, അഷ്റഫ് തലശേരി, താജുദ്ദീന്‍, ലീന ഷാജി, ഖദീജ ഹബീബ്, സുജ റോയ്, ഷമീറ ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം