ലോകത്തെ ഏറ്റവും ക്രൂരയായ കൌമാരക്കാരി കൊലയാളിയുടെ പ്രായം 19 വയസ്
Tuesday, February 18, 2014 7:03 AM IST
സണ്‍ബറി (പെന്‍സില്‍വാനിയ): പത്തൊമ്പത് വയസ്സിനുള്ളില്‍ 22 പേരെ വധിച്ച കൌമാരക്കാരിയുടെ വെളിപ്പെടുത്തല്‍ സണ്‍ബറി പോലീസിനും പെന്‍സില്‍വാനിയ സ്റ്റേറ്റ് പോലീസിനും അവിശ്വസനീയമായി. '22 കൊലപാതകങ്ങള്‍ മാത്രമേ ഞാന്‍ എണ്ണിയിട്ടുള്ളൂ....ബാക്കി എണ്ണാന്‍ വയ്യ...കൊലപാതകം എന്റെ ശീലമാണ്' എന്നാണ് പെന്‍സില്‍വാനിയക്കാരിയായ 19 വയസ്സുള്ള മിറാന്‍ഡ ബാര്‍ബര്‍ എന്ന ലോകത്തെ ഏറ്റവും ക്രൂരയായ കൌമാരക്കാരി പറഞ്ഞത്. 'എനിക്കിത് അവസാനിപ്പിക്കണം, നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണ് സത്യം' മിറാന്‍ഡ പറയുന്നു. അലാസ്ക മുതല്‍ നോര്‍ത്ത് കരോലിന വരെ ആറു വര്‍ഷം കൊണ്ടാണ് ഇത്രയും പേരെ താന്‍ കൊലപ്പെടുത്തിയിരിക്കുന്നതെന്നും മിറാന്‍ഡ വെളിപ്പെടുത്തി.

ക്രെയ്ഗ് ലിസ്റിലൂടെ പരിചയപ്പെട്ട ട്രോയ് ലാഫെരാര എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മിറാന്‍ഡ അറസ്റിലാകുന്നത്. ചോദ്യം ചെയ്യലിനിടയിലാണ് താന്‍ ഇത് വരെ നടത്തിയ കൊലപാതകങ്ങളെപ്പറ്റി പെണ്‍കുട്ടി പറഞ്ഞത്. മിറാന്‍ഡയ്ക്കൊപ്പം ഭര്‍ത്താവായ ഏലിയറ്റും അറസ്റിലായിട്ടുണ്ട്. എഫ്ബിഐയേയും മറ്റു സംസ്ഥാന പോലീസ് ഡിപ്പാര്‍ട്ട്മെന്റുകളേയും തങ്ങള്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സണ്‍ബറി പോലീസ് ചീഫ് സ്റീവ് മാസിയോ പറഞ്ഞു.

അലാസ്ക, ടെക്സാസ്, നോര്‍ത്ത് കരോലിന, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ പതിമൂന്നാമത്തെ വയസ്സുമുതലാണ് മിറാന്‍ഡ കൊലപാതകങ്ങള്‍ ചെയ്യാനാരംഭിച്ചത്. ഒരു പൈശാചിക മതവിശ്വാസ സംഘത്തില്‍ അഗംമായതോടെയാണ് മിറാന്‍ഡയുടെ ജിവിതം മാറിയത്. അലാസ്കയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഈ സംഘടനയ്ക്ക് വേണ്ടിയാണ് മിറാന്‍ഡയുടെ കൊലപതാകങ്ങള്‍ ആരംഭിച്ചത്.

തനിയ്ക്ക് പണം തരാനുണ്ടായിരുന്ന ഒരാളെ വധിയ്ക്കാന്‍ സംഘതലവന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മിറാന്‍ഡ ആദ്യ കൊലപാതകത്തിനിറങ്ങുന്നത്. തോക്ക് ഉപയോഗിയ്ക്കാന്‍ താത്പര്യം ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് തോക്ക് ഉപയോഗിയ്ക്കാന് പരിശീലിച്ചെന്ന് മിറാന്‍ഡ. ഇതുവരെ 22 പെരെയങ്കിലും കൊന്നു കാണുമെന്നും കൊല്ലുന്നവരുടെ കണക്കെടുക്കല്‍ നിര്‍ത്തിയെന്നും പെണ്‍കുട്ടി പറയുന്നു.

കൊലപാതകം തനിയ്ക്കൊരു ശീലമാണെന്നാണ് മിറാന്‍ഡ പറയുന്നത്. 'എനിക്ക് ജയിലില്‍ നിന്ന് പുറത്തുവരേണ്ട. പുറത്തുവന്നാല്‍ ഞാന്‍ വീണ്ടും കൊല്ലും' മിറാന്‍ഡയുടെ വാക്കുകള്‍ അന്വേഷണ ഉദ്യാഗസ്ഥരെപ്പോലും ഞെട്ടിച്ചു. കുറ്റം തെളിയിക്കപ്പെട്ടാല്‍ മിറാന്‍ഡയ്ക്കും ഭര്‍ത്താവ് ഏലിയറ്റിനും വധശിക്ഷ ലഭിയ്ക്കാനാണ് സാധ്യത.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ