കുവൈറ്റ് കേരള അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു
Monday, February 17, 2014 9:56 AM IST
കുവൈറ്റ്: മതേതര മലയാളി കൂട്ടായ്മയായ കേരള അസോസിയേഷന്റെ പതിനഞ്ചാമത് വാര്‍ഷികാഘോഷവും അതോടനുബന്ധിച്ച് കതിര്‍മണികള്‍ നാടന്‍പാട്ടു മത്സരവും അരങ്ങേറി.

അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞ സദസിനു മുമ്പില്‍ വി.എസ് സുനില്‍കുമാര്‍ എംഎല്‍എ ഭദ്രദീപം തെളിച്ച് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

തുടര്‍ന്നുനടന്ന സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് സാബു എം. പീറ്റര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന ഒരുവിഭാഗമായി പ്രവാസികള്‍ ദിനേന മാറിക്കൊണ്ടിരിക്കുന്ന ദയനീയ സാഹചര്യമാണിപ്പോള്‍ നിലനില്‍ക്കുന്നത്. ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇതിനോടുള്ള ശക്തമായ പ്രതികരണം പ്രവാസലോകത്തുനിന്നും ഉണ്ടാകുമെന്നും ഉദ്ഘാടനം ചെയതുകൊണ്ട് സുനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു.

കോര്‍പ്പറേറ്റു കമ്പനികളുടെ താത്പര്യം സംരക്ഷിക്കുന്ന കോണ്‍ഗ്രസിനും ബിജെ പിക്കുമെതിരെ ശക്തമായ നിലപാടുകളുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളെ അവഗണിക്കുകയും പുതുതായി രൂപംകൊള്ളുന്ന പ്രസ്ഥാനങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ നിലപാടുകളെ പൊതുസമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സംഗീതനാടക അക്കാഡമി പുരസ്കാരം നേടിയ കുവൈറ്റിലെ പ്രമുഖ കലകാരന്‍ ബാബു ചാക്കൊളയെയും സംഘടനാപിന്‍ബലമില്ലാതെ വേറിട്ട രീതിയില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന മനോജ് മാവേലിക്കരയേയും ചടങ്ങില്‍ ആദരിച്ചു. മലയില്‍ മൂസകോയ, സാം പൈനും മൂട്, കൈപട്ടൂര്‍ തങ്കച്ചന്‍, രഘുനാഥന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ കതിര്‍മണികള്‍ 2014 സോവനീയറിന്റെ ആദ്യ പ്രതി സുനില്‍ കുമാര്‍ എംഎല്‍എ ബാലുചന്ദ്രന് നല്‍കി. തുടര്‍ന്നു നടന്ന നാടന്‍പാട്ട് മത്സരത്തില്‍ കല ബാലവേദി ജൂണിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും സീനിയര്‍ വിഭാഗത്തില്‍ ഫാഹീല്‍ നാട്ടുകൂട്ടം ഒന്നാം സ്ഥാനവും കാഴ്ച കുവൈറ്റ് രണ്ടാം സ്ഥാനവും നന്തുണി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഉത്തമന്‍ വളത്തുകാട്, ബോബി പോള്‍ ജോയ്, മനോജ് മാവേലിക്കര എന്നിവര്‍ വിധി കര്‍ത്താക്കളായിരുന്നു.

മലയാളത്തനിമയുടെയും പഴമയുടെയും നാടന്‍ ശീലുകളുടെയും ഗതകാലസ്മരണകളിലേക്ക് സദസിനെ ഒന്നടങ്കം കൊണ്ടുപോയ മത്സരമാണ് അരങ്ങേറിയത്. നിജാസ് കാസിം, മനോജ് ഉദായപുരം എന്നിവര്‍ മത്സരം നിയന്ത്രിച്ചു.

അസോസിയേഷന്‍ സെക്രട്ടറി പ്രവീണ്‍ നന്ദിലത്ത് സ്വാഗതവും മണിക്കുട്ടന്‍ എടക്കാട് നന്ദിയും പറഞ്ഞു. അബ്ദുള്‍കലാം ഉണ്ണിയംപാട്ട് , വി.വി വിനോദ്, സുനില്‍ തുറവൂര്‍, ഷാജി രഘുവരന്‍, ഷാഹിന്‍ ചിറയിന്‍കീഴ്, രണ്‍ദീപ്, അനില്‍. കെ.ജി, റാഫി താമരകുളം, ഉബൈദ് പള്ളുരുത്തി, നിരഞ്ജന്‍ തംബുരു, ഉണ്ണിമായ നമ്പൂതിരി, ഉഷ രാമന്‍, ബീന സാബു തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്