കെ.എസ് രാജന്‍ സൌഹൃദ പുരസ്കാരം ലത്തീഫ് തെച്ചിക്ക് സമ്മാനിച്ചു
Monday, February 17, 2014 9:52 AM IST
റിയാദ്: മൂന്നര പതിറ്റാണ്ടുകാലം റിയാദിന്റെ സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ ഭൂമികയില്‍ സജീവ സാന്നിധ്യമായിരുന്ന സൌദിയിലെ ആദ്യകാല പ്രവാസിയുയായിരുന്ന കെ.എസ് രാജന്റെ സ്മരണാര്‍ഥം റിയാദിലെ പയ്യന്നൂര്‍ സൌഹൃദ വേദി ഏര്‍പ്പെടുത്തിയ മൂന്നാമത് കെ.എസ് രാജന്‍ സൌഹൃദ പുരസ്കാരം പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനായ ലത്തീഫ് തെച്ചിക്ക് സമ്മാനിച്ചു.

പയ്യന്നൂര്‍ സൌഹൃദവേദി പ്രസിഡന്റ് എം.പി ഭാസ്കരനാണ് പ്രൌഡ ഗംഭീരമായ സദസിനെ സാക്ഷിയാക്കി പുരസ്കാരം ലത്തീഫ് തെച്ചിക്ക് സമ്മാനിച്ചത്. രാജേട്ടന്റെ പേരില്‍ ലഭിച്ച പുരസ്കാരം തനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന് പറഞ്ഞ് ലത്തീഫ് തെച്ചി രാജേട്ടനുമായുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു. രണ്ടു പതിറ്റാണ്ട് കാലമായി ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന തനിക്ക് കാണാന്‍ സാധിച്ച നൂറുകണക്കിന് കഷ്ടപ്പെടുന്ന പ്രവാസികളുടെ അനുഭവങ്ങളുടെ തീക്ഷണത അദ്ദേഹം സദസുമായി പങ്കുവച്ചു. ലത്തീഫ് തെച്ചിയുടെ ജീവകാരുണ്യ പ്രവര്‍ത്തന കര്‍മ്മ കാണ്ഡത്തിലെ നിരവധി മുഹൂര്‍ത്തങ്ങള്‍ ശേഖരിച്ചുകൊണ്ട് വേദി തയാറാക്കിയ ഡോക്കുമെന്ററി പ്രദര്‍ശനവും നടന്നു.

കെ.എസ് രാജനെ കുറിച്ചുള്ള ഡോക്കുമെന്ററിയോടെയാണ് പരിപാടി ആരംഭിച്ചത്. ലെജീഷ് ജനാര്‍ധനന്‍ പരിപാടിയുടെ അവതാരകനായിരുന്നു. ഗോപിനാഥ് പയ്യന്നൂര്‍ സ്വാഗതവും അഷറഫ് കവ്വായി നന്ദിയും പറഞ്ഞു. ജനറല്‍ സെക്രട്ടറി അന്‍വര്‍ രാമന്തളി പിഎസ്വിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചു വിശദീകരിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ അബ്ദുള്ള വല്ലാഞ്ചിറ, ത്വല്‍ഹത്ത് പൂവച്ചല്‍, ബഷീര്‍ താമരശേരി, നവാസ് ഒപീസ്, അഡ്വ. ജലീല്‍, റഫീക്ക് തിരുവാഴംകുന്നു, അലി ആലുവ, അന്‍വര്‍ സാദിക്ക്, റാഫി പാങ്ങോട്, മുഹമ്മദാലി കൂടാളി, ആര്‍. മുരളിധരന്‍, രഘുനാഥ് തളിയില്‍, റഹീം കൊപ്പരമ്പില്‍, ആബൂബക്കര്‍ സിദ്ദിക്ക് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

മധു നമ്പ്യാര്‍ സംവിധാനം ചെയ്ത കവിതകളും ഗസലുകളും അനശ്വര ഗാനങ്ങളും കോര്‍ത്തിണക്കി കൊണ്ടുള്ള 'പ്രവാസ സ്മൃതി' എന്ന സംഗീത ശില്‍പം കാണികള്‍ക്ക് വ്യതസ്തമായ അനുഭവമായിരുന്നു. ബാലവേദി കുരുന്നുകള്‍ ദേശഭക്തിഗാനത്തിനു ദൃശ്യാവിഷ്കാരം നല്‍കി ചുവടുവച്ചു. ലത്തീഫ് തെച്ചി, ഉഷാ മധുസൂതനന്‍ എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചതു ശ്രദ്ധേയമായി. പി.വി ജയന്‍, അന്‍വര്‍ രാമന്തളി, വിനോദ് വേങ്ങയില്‍, ഇസ്മയില്‍ കരോളം, കെ. ഹരീന്ദ്രന്‍, ബാബു ഗോവിന്ദ്, മുരളി പയ്യന്നൂര്‍, ഷൈജു കരിവെള്ളൂര്‍, വിജയന്‍ കുഞ്ഞിമംഗലം, അഷ്റഫ് കവ്വായി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍