കുവൈറ്റ് മലയാളി കാത്തലിക് അസോസിയേഷന്‍ 330 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കി
Monday, February 17, 2014 9:42 AM IST
കോട്ടയം: കുവൈറ്റ് മലയാളി കാത്തലിക് അസോസിയേഷന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, പഠിക്കാന്‍ മിടുക്കരായ 330 വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ വീതം സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ നിന്നുള്ള 11-ാം ക്ളാസ് വിദ്യാര്‍ഥികള്‍ക്കാണു സ്കോളര്‍ഷിപ്പ് സമ്മാനിച്ചത്. ഇന്നലെ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ.ടി തോമസ് അധ്യക്ഷത വഹിച്ചു. എഡിജിപി വിന്‍സണ്‍ എം. പോള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. അലക്സാണ്ടര്‍ കളപ്പില മുഖ്യപ്രഭാഷണം നടത്തി.

ഫാ. ആന്റണി പുല്ലുവിള ഒസിഡി, കെഎംഎസിഎ പ്രസിഡന്റ് സജി തറയില്‍, സെക്രട്ടറി ഡെയ്സണ്‍ പൈനാടത്ത് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി പി.കെ അഗസ്റിന്‍ സ്വാഗതവും തോമസ് കോശി നന്ദിയും പറഞ്ഞു. 41 വര്‍ഷമായി ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കുവൈറ്റ് മലയാളി കാത്തലിക് അസോസിയേഷന്‍ 14 വര്‍ഷമായി വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളും നല്‍കിവരുന്നു.