സൌദി മൂന്നുലക്ഷത്തി ഏഴായിരം തൊഴില്‍ നിയമ ലംഘകരെ നാടുകടത്തി
Saturday, February 15, 2014 10:55 AM IST
റിയാദ്: സൌദിയില്‍ കഴിഞ്ഞ 2013 നവംബര്‍ നാലു മുതല്‍ നടന്ന പരിശോധനയില്‍ പിടിക്കപ്പെട്ടവരില്‍ മൂന്നുലക്ഷത്തി ഏഴായിരം പേരെ നാടു കടത്തിയതായി ജവാസാത്ത് വാക്താവ് ക്യാപ്റ്റന്‍ അഹമ്മദ് അല്ലുഹൈദാന്‍ അറിയിച്ചു.

പരിശോധനകളില്‍ പിടിക്കപ്പെട്ടവരും പോലീസിന് കിഴടങ്ങിയവരുമാണ് ഇത്രയും പേര്‍. പിടിക്കപ്പെടുന്നവരെ ഉടന്‍തന്നെ കംപ്യൂട്ടറില്‍ രജിസ്റര്‍ നമ്പര്‍ തയാറാക്കി കണ്ണ്, വിരല്‍ അടയാളങ്ങള്‍ രേഖപ്പെടുത്തി നാടു കടുത്തല്‍ വിഭാഗത്തിന് കൈമാറും.

പ്രത്യേക തര്‍ഹീലുകളിലും മറ്റുമായി കഴിയുന്നവരില്‍ 28439 പേരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു. നിയമ ലംഘകരെ കണ്െടത്താനുള്ള പരിശോധന തുടരുമെന്നും വിവിധ ഭാഗങ്ങളില്‍ നിയമലംഘകരെ കണ്െടത്തുന്നതിന് താമസ കേന്ദ്രങ്ങളില്‍ പരിശോധന ആരംഭിച്ചതായും ജവാസാത്ത് വാക്താവ് അറിയിച്ചു.

ജിദ്ദയില്‍ നിയമലംഘകര്‍ താമസിച്ചിരുന്ന 17ഓളം താമസ കേന്ദ്രങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചായിരുന്നു പരിശോധന. തലസ്ഥാന നഗരിയായ റിയാദില്‍ താമസകേന്ദ്രങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ നൂറുകണക്കിനുപേര്‍ പിടിയിലായിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം