തിലകന്റെ പേരിലുള്ള അവാര്‍ഡിന് ഇരട്ടി മധുരം: മനോജ് കെ. ജയന്‍
Friday, February 14, 2014 10:10 AM IST
റിയാദ്: എല്ലാ ഗള്‍ഫ് നാടുകളിലും നിരവധി തവണ പോയിട്ടുണ്െടങ്കിലും സൌദി അറേബ്യയില്‍ ആദ്യമായിട്ടാണെന്നും അത് ഏറെ ആരാധിക്കുന്ന മഹാനടന്‍ തിലകന്റെ പേരിലുള്ള അവാര്‍ഡ് സ്വീകരിക്കാനാണ് എന്നതില്‍ ഇരട്ടി മധുരമാണ് അനുഭവപ്പെടുന്നതെന്നും റിയാദ് നാടക വേദിയുടെ വാര്‍ഷികാഘോഷങ്ങള്‍ക്കായി റിയാദിലെത്തിയ പ്രമുഖ സിനിമാ നടന്‍ മനോജ് കെ. ജയന്‍ പറഞ്ഞു.

സൌദി അറേബ്യ സന്ദര്‍ശിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. ഇപ്പോഴാണ് അവസരം ലഭിച്ചത്. അതിന് അവസരമൊരുക്കിയ റിയാദ് നാടകവേദി പ്രവര്‍ത്തകരോട് ഒരുപാട് നന്ദിയുണ്ട്. ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും അഭിനയ ജീവിതത്തില്‍ ലഭിച്ചിട്ടുണ്െടങ്കിലും മലയാളത്തിലെ മഹാനടനായിരുന്ന തിലകന്‍ചേട്ടന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ആദ്യമായി അഭിനയിക്കുന്നത് തിലകന്‍ ചേട്ടന്റെ കൂടെയാണ്.

തിലകന്‍ ചേട്ടന്‍ അവസാനമായി അഭിനയിച്ച സിനിമയിലും ഒന്നിച്ച് അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട്. തിലകന്‍, മുരളി, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മഹാപ്രതിഭകളോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതാണ് തനിക്കുണ്ടായ വലിയ നേട്ടമെന്നും നിരവധി മികച്ച കഥാപാത്രങ്ങളെ മലയാള സിനിമയിലൂടെ അവതരിപ്പിച്ച് മനോജ് കെ. ജയന്‍ സഫ്റോണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നാടകാഭിനയത്തിലൂടെ സിനിമയിലെത്തിയവരാണ് മിക്ക മലയാള നടന്‍മാരും. എന്നാല്‍ ഇതുവരെ ഒരു നാടകത്തില്‍ പോലും അഭിനയിക്കാനായില്ല എന്നത് തന്റെ അഭിനയ ജീവിതത്തിലെ ഒരു നഷ്ടമായാണ് കാണുന്നത്. ഒരു സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വന്നിട്ടും സംഗീതം ഗഹനമായി അഭ്യസിക്കാനായില്ല എന്നതും ഒരു പോരായ്മയായി കാണുന്നു. അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും നല്ല നാടകങ്ങളില്‍ അരങ്ങത്തെത്തണമെന്നാഗ്രഹമുണ്െടന്നും മനോജ് പറഞ്ഞു.

റിയാദ് നാടകവേദിയുടെ നാലാം വാര്‍ഷികം ഇന്നു നടക്കും. ശിഫയിലെ അല്‍ വനാസ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ഏഴു മുതല്‍ നടക്കുന്ന പരിപാടി മാനോജ് കെ. ജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സമ്മേളനത്തില്‍ തിലകന്‍ പുരസ്കാരം മാനോജ് കെ. ജയന്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് ജയന്‍ തിരുമന രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചരിത്രനാടകം കുക്ഷാലി മരയ്ക്കാര്‍ വേദിയില്‍ അരങ്ങേറും.

ചെയര്‍മാന്‍ നിത്സാര്‍ ജമീല്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ദീപക് കലാനി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പരിമിതമായ സ്ഥല സൌകര്യം കണക്കിലെടുത്ത് പരിപാടി ക്ഷണക്കത്ത് മൂലം നിയന്ത്രിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍