ദേശീയോദ്ഗ്രഥനത്തിന്റെ വികാസദിശകള്‍; സോള്‍ ഓഫ് ഇന്ത്യ സെമിനാര്‍ ഫെബ്രുവരി 15ന്
Friday, February 14, 2014 10:04 AM IST
ദമാം: സോള്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ 'ഇന്ത്യന്‍ ദേശീയോദ്ഗ്രഥനത്തിന്റെ വികാസദിശകള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ശനി വൈകുന്നേരം നാലിന് അല്‍കോബാര്‍ ക്ളാസിക് ഹോട്ടലിലാണ് പരിപാടി. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന പ്രവാസി സംഘടനാ നേതാക്കള്‍ സെമിനാറില്‍ പ്രബദ്ധങ്ങള്‍ അവതരിപ്പിക്കും. ഇന്ത്യന്‍ ദേശീയതയുടെ വൈവിധ്യ വഴികള്‍, മതനിരപേക്ഷ ഇന്ത്യയുടെ സ്നേഹദര്‍ശനം തുടങ്ങിയ വിഷയ മേഖലകളില്‍ സംവാദം നടക്കും.

സൌദി ചേംബര്‍ ഓഫ് കോമേഴ്സിന്റെ മാഗസിന്‍ എഡിറ്റര്‍ ഡോ. ഇര്‍ഫാന്‍ ഇഖ്ബാല്‍ ഖാന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കെഎഫ്യുപിഎം സീനിയര്‍ ശാസ്ത്രജ്ഞന്‍ ഡോ. മിര്‍സ ബേഗ് നിയന്ത്രണം നിര്‍വഹിക്കും.

വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് സെയ്ദ് റാഷിക്ക് (ബീഹാര്‍), ഹസ്നൈന്‍ (ഉത്തര്‍ പ്രദേശ്), രവി കര്‍ക്കറെ (കര്‍ണാടക), സുരേഷ് ഭാരതി (തമിഴ്നാട്), അലികുട്ടി ഒളവട്ടൂര്‍ (കെഎംസിസി), അബ്ദുള്‍ ഹമീദ് (ഒഐസിസി), കെ.എം. ബഷീര്‍ (തനിമ), ജമാല്‍ വില്യാപ്പള്ളി (നവയുഗം), ജഗന്നാഥന്‍ (ഗുജറാത്ത്), സതീഷ് മണ്ഡല്‍ (മഹാരാഷ്ട്ര), ഏബ്രഹാം വലിയകാല (സോള്‍ ഓഫ് ഇന്ത്യ), ഫ്രീസിയ ഹബീബ് തുടങ്ങിയവര്‍ ചര്‍ച്ച നയിക്കും. സോള്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് എ. വിനയകുമാര്‍ സ്വാഗതവും സെക്രട്ടറി പ്രിജി കൊല്ലം നന്ദിയും പറയും. തുടര്‍ന്ന് നടക്കുന്ന കുട്ടികളുടെ കലാമേളക്ക് സോള്‍ ഓഫ് ഇന്ത്യ വനിത വിഭാഗം നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: അനില്‍ കുറച്ചിമുട്ടം