കേരള സംഗീത നാടക അക്കാഡമി പ്രവാസി ഉത്തരമേഖലാ നാടക മത്സരം മാര്‍ച്ച് ഒന്നിന്
Friday, February 14, 2014 10:03 AM IST
ന്യൂഡല്‍ഹി: കേരള സംഗീത നാടക അക്കാഡമിയുടെ പ്രവര്‍ത്തനം കേരളത്തിനു വെളിയില്‍ ജീവിക്കുന്ന മലയാളികള്‍ക്കുകൂടി പ്രയോജനപ്പെടുത്തുവാനുള്ള സംരംഭങ്ങളുടെ ഭാഗമായി പ്രവാസി ഉത്തര മേഖലാ നാടക മത്സരം മാര്‍ച്ച് ഒന്നിന് (ശനി) ന്യൂഡല്‍ഹി ഐടിഒക്കു സമീപമുള്ള ആസാദ് ഭവനില്‍ നടത്തുന്നു.

രാവിലെ 9.30ന് ഉദ്ഘാടന സമ്മേളനം. മത്സരം 10.30നു മയൂര്‍ വിഹാര്‍ ററ്റീന ആര്‍ട്സ് ആന്‍ഡ് തീയേറ്റര്‍ കള്‍ച്ചറള്‍ സൊസൈറ്റി, അനില്‍ പ്രഭാകരന്റെ രചനയിലും സംവിധാനത്തിലും 'ഗുല്‍ മക്കായി' എന്ന നാടകത്തോടെ ആരംഭിക്കും. ഉച്ചക്ക് 12.15നു ഭവാത്മീകം. രചന, സംവിധാനം കാവാലം മാധവന്‍ കുട്ടി. അവതരണം എന്‍എസ്എസ് ഡല്‍ഹി, ദില്‍ഷാദ് ഗാര്‍ഡന്‍ കരയോഗം. 2.30നു ജനസംസ്കൃതി ദ്വാരക ബ്രാഞ്ച് അവതരിപ്പിക്കുന്ന 'എന്തിഹ മല്‍ മനസേ...' രചന, സംവിധാനം സാംകുട്ടി പട്ടംകരി. വൈകുന്നേരം 4.15നു ഫരിദാബാദ് മലയാളി അസോസിയേഷന്‍ വില്‍സണ്‍ തോമസിന്റെ രചനയിലും സംവിധാനത്തിലും അവതരിപ്പിക്കുന്ന 'സായാഹ്നം'. 6.15നു ആര്‍കെ പുരം ജനസംസ്കൃതി നാടക സമിതി അവതരിപ്പിക്കുന്ന 'നാടകാന്തം രവീന്ദ്രന്‍'. രചന, സംവിധാനം ആഹര്‍ഷ്.

നാലു മേഖലകളിലെ അമേച്വര്‍ നാടക ഗ്രൂപ്പുകളാണ് പങ്കെടുക്കുന്നത്. ചെന്നൈ കേന്ദ്രമാക്കി ദക്ഷിണ മേഖല. മുംബൈ ആസ്ഥാനമായി പശ്ചിമ മേഖല,ഡല്‍ഹി കേന്ദ്രമാക്കി ഉത്തര മേഖല. പൂര്‍വ മേഖലയില്‍ കൊല്‍ക്കത്തയാണ് ആസ്ഥാനം.

ഓരോ മേഖലകളില്‍ നിന്നും പരമാവധി അഞ്ചു നാടകങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഗ്രേഡ് അനുസരിച്ച് നാടകങ്ങള്‍ തെരഞ്ഞെടുക്കും. ഓരോ മേഖലയില്‍ നിന്നും രണ്ടു വീതം എട്ടു നാടകങ്ങള്‍ ഫൈനലിലേക്ക് തെരെഞ്ഞടുക്കും. അക്കാഡമി നിശ്ചയിക്കുന്ന മൂന്നു വിധി കര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ ഫൈനല്‍ മത്സരം കേരളത്തിലായിരിക്കും നടക്കുക. അനുമതി ലഭിക്കുന്ന സംഘങ്ങള്‍ അക്കാഡമി നിര്‍ദ്ദേശിക്കുന്ന സ്ഥലത്തും സമയത്തും നാടകം അവതരിപ്പിക്കാന്‍ ബാധ്യസ്ഥരുമാണ്.

അവതരണത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 15,000 രൂപയും രണ്ടാം സ്ഥാനത്തിനു 10,000 രൂപയുംസമ്മാനമായി ലഭിക്കും. നാടക രചന, സംവിധാനം, നടന്‍ തുടങ്ങിയവര്‍ക്ക് യഥാക്രമം 10,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് യഥാക്രമം 5,000 രൂപയും കൂടാതെ സര്‍ട്ടിഫിക്കറ്റും ഫലകവും എല്ലാ സമ്മാനാര്‍ഹര്‍ക്കും നല്‍കുന്നതാണ്.

ഉത്തര മേഖലാ പ്രവാസി നാടക മത്സരത്തിന്റെ സാരഥികളില്‍ ചെയര്‍മാനായി ഓംചേരി എന്‍.എന്‍ പിള്ളയും കണ്‍വീനറായി ജോയി കൊന്നയിലും ജോയിന്റ് കണ്‍വീനറായി അജികുമാര്‍ മേടയിലും പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9313620717, 9868038775, 9811114992.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി