സൌദി അറേബ്യ 2013ല്‍ നല്‍കിയത് 17 ലക്ഷം തൊഴില്‍ വീസകള്‍
Friday, February 14, 2014 10:02 AM IST
ദമാം: വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ കഴിഞ്ഞവര്‍ഷം പതിനേഴ് ലക്ഷത്തി നാലായിരത്തി അഞ്ഞൂറ്റ് രണ്ട് (1704502) തൊഴില്‍ വീസകള്‍ നല്‍കിയതായി വിദേശകാര്യ സഹമന്ത്രി ഖാലിദ് ബിന്‍ സൌദ് ബിന്‍ ഖാലിദ് രാജുകുമാരന്‍ അറിയിച്ചു.

ഊര്‍ജിത സ്വദേശിവത്കരണ ശ്രമങ്ങള്‍ക്കിടെയാണ് ഇത്രയും വീസകള്‍ വിദേശികളെ റിക്രൂട്ട് ചെയ്യാനായി നല്‍കിയത്. വിദേശികളുടെ പദവി ശരിയാക്കാനായി കഴിഞ്ഞ വര്‍ഷം രാജാവ് പ്രഖ്യാപിച്ച ഇളവില്‍ അനവധി വിദേശികള്‍ രാജ്യം വിട്ടിരുന്നു.

രേഖകള്‍ ശരിയാക്കുന്നതിന്റെ ഭാഗമായി പത്ത് ലക്ഷത്തിലധികം വിദേശികളാണ് കഴിഞ്ഞവര്‍ഷം രാജ്യം വിട്ടത്. വര്‍ഷങ്ങളായി നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ ഉള്‍പ്പെടെ 140,000 ഇന്ത്യക്കാരും കഴിഞ്ഞവര്‍ഷം നാട്ടിലേക്ക് മടങ്ങി.

അതേസമയം അഞ്ച് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ പുതിയ തൊഴില്‍ വീസയില്‍ കഴിഞ്ഞവര്‍ഷം സൌദിയിലെത്തിയതായാണ് എംബസിയുടെ കണക്ക്.

ഉംറ വീസകള്‍ ഉള്‍പ്പെടെ ആകെ 3,62,693 വീസകളാണ് കഴിഞ്ഞവര്‍ഷം നല്‍കിയത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം