ഡോ. ബഹായുദ്ദീന്‍ നദ്വിക്ക് ജിദ്ദ എസ്വൈഎസ് എക്സലന്‍സ് അവാര്‍ഡ്
Friday, February 14, 2014 10:01 AM IST
ജിദ്ദ: പ്രമുഖ ഇസ്ലാമിക പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ ഡോ. ബഹായുദ്ദീന്‍ മുഹമ്മദ് നദ്വിക്ക് ജിദ്ദാ എസ്വൈഎസ് കമ്മിറ്റിയുടെ എക്സലന്‍സ് അവാര്‍ഡ്.

കേരളത്തിന് പുറത്ത് വിശിഷ്യാ ഗള്‍ഫ് നാടുകളില്‍ മത, വൈജ്ഞാനിക സന്ദേശം പ്രചരിപ്പിക്കാന്‍ വഹിച്ച നേതൃപരമായ പങ്കും ധീഷണാപരമായ സമുദായ സേവനവും പരിഗണിച്ചാണ് ആഗോള ഇസ്ലാമിക പണ്ഡിത സഭാംഗവും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയും കൂടിയായ നദ്വിയെ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.

ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഫെബ്രുവരി 14, 15, 16 തീയതികളില്‍ കാസര്‍ഗോഡ് വാദീ ത്വയ്ബയില്‍ നടക്കുന്ന എസ്വൈഎസ് അറുപതാം വാര്‍ഷിക സമ്മേളനവേദിയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മാനിക്കും.

സമസ്തയുടെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തന രംഗത്തും മത വൈജ്ഞാനിക മേഖലയിലും ലോക രാഷ്ട്രങ്ങളിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും ഇസ്ലാമിക ആശയ പ്രചാരണ രംഗത്തും കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി ബഹായുദ്ദീന്‍ നദ്വി നല്‍കിയ സേവനങ്ങള്‍ അതുല്യമാണെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.

വിശ്വ പ്രശസ്തിയിലേക്കുയര്‍ന്ന ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ്ചാന്‍സലറും ഖത്തര്‍ കേന്ദ്രമായുള്ള ആഗോള മതപണ്ഡിത സഭാംഗവുമായ ഡോ. ബഹായുദ്ദീന്‍ മുഹമ്മദ് നദ്വി ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി, ലക്നൌവിലെ ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമ, പട്ടിക്കാട് ജാമിഅ നൂരിയ്യ എന്നിവിടങ്ങളില്‍ നിന്നും ഉയര്‍ന്ന മത വിദ്യാഭ്യാസവും അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നിന്നും അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും കാലിക്കട്ട് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും പോസ്റ് ഡോക്ടറല്‍ ഫെലോഷിപ്പും കരസ്ഥമാക്കിയ പണ്ഡിത പ്രതിഭയാണ്.

നിലവില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി, തെളിച്ചം, സന്തുഷ്ട കുടുംബം മാസികകളുടെ ചീഫ് എഡിറ്റര്‍, നാഷണല്‍ മൈനോരിറ്റി കമ്മിറ്റി ഫോര്‍മൈനോരിറ്റി എഡ്യൂക്കേഷന്‍ ന്യൂഡല്‍ഹി, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ മുസ്ലിം സോഷ്യല്‍ സയന്റിസ്റ്സ് ന്യൂഡല്‍ഹി, ഇസ്ലാമിക് പ്രൊപഗേഷന്‍ കൌണ്‍സില്‍ കേരള മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന അദ്ദേഹം പബ്ളിക് എക്സാമിനേഷന്‍ ബോര്‍ഡ്, കേരള ഗവണ്‍മെന്റ് കരിക്കുലം കമ്മിറ്റി, കേരള ഗവണ്‍മെന്റ് മദ്രസാ എഡ്യുക്കേഷന്‍ ബോര്‍ഡ് എന്നിവയിലും അംഗമായിരുന്നിട്ടുണ്ട്. അവിഭക്ത സമസ്തയുടെ വിദ്യാര്‍ഥിസംഘടനയായിരുന്ന എസ്എസ്എഫിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. ദാറുല്‍ ഹദായെ കുറഞ്ഞ കാലം കൊണ്ട് ആഗോള പ്രസിദ്ധിയിലേക്ക് ഉയര്‍ത്തിയതും അന്താരാഷ്ട്ര മുസ്ലിം സര്‍വകലാശാലകളുടെ കോണ്‍ഫെഡറേഷനില്‍ അംഗമാക്കിയതും നദ്വിയുടെ ധീഷണാപരമായ ചുവടുവയ്പുകളാണ്.

അറബിയിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കൂറ്റനാട് കെ.വി മുഹമ്മദ് മുസ്ലിയാരുമായി ചേര്‍ന്നുള്ള ഖുര്‍ആന്‍ വ്യാഖ്യാനം മലയാളം, ഇമാംബുഖാരിയുടെ അബ്ദുല്‍ മുഫ്രദിന്റെ മലയാള വിവര്‍ത്തനം, ഇമാം ഗസാലിയുടെ അയ്യുഹല്‍ വലദ് വ്യാഖ്യാനം, ഇസ്ലാമും ക്രിസ്ത്യാനിസവും, കര്‍മ്മ ശാസ്ത്രം കുട്ടികള്‍ക്ക്, ഷേഖ് അബ്ദുള്‍ ഖാദിര്‍ ഈസയുടെ തസവുഫ് സമഗ്ര പഠനം വിവര്‍ത്തനം, ഇമാം സുയൂഥി തുടങ്ങിയവയാണ് പ്രധാന ഗ്രന്ഥങ്ങള്‍. യുഎസ്എ, യുകെ, ഓസ്ട്രിയ, ബെല്‍ജിയം, ഫ്രാന്‍സ്, ഇറ്റലി, മൌറിത്താനിയ, സെനഗല്‍, വത്തിക്കാന്‍, പാലസ്തീന്‍ തുടങ്ങി മുപ്പതോളം രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അമേരിക്കയിലെ ഇന്റര്‍നാഷണല്‍ വിസിറ്റര്‍ പ്രോഗ്രാം, ദുബായ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രഭാഷണം, കെയ്റോയിലെ സുപ്രീം കൌണ്‍സില്‍ ഓഫ് ഇസ്ലാമിക്അഫേയ്സ്, അഞ്ചാമത് ജനറല്‍ കോണ്‍ഫറന്‍സ് ഓഫ് ദ ഇന്റര്‍ നാഷണല്‍ ഇസ്ലാമിക് ലീഡര്‍ഷിപ്പ് ട്രിപ്പോളി എന്നിവയില്‍ പ്രത്യേക ക്ഷണിതാവായിരുന്നു.

മത വിദ്യാഭ്യസ സാമൂഹിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കുവൈറ്റ് അല്‍ മഹബ്ബ എക്സലന്‍സി അവാര്‍ഡ് 2008, അല്‍ മഖ്ദൂം അവാര്‍ഡ് 1981, വിദ്യാഭ്യാസ മത,സാംസ്കാരിക രംഗത്ത് സമഗ്ര സംഭാവനക്കുള്ള ജയ്ഹൂണ്‍ അവാര്‍ഡ് 2009, യുഎഇ സുന്നി യൂത്ത് സെന്ററിന്റെ അല്‍ ഹുദാ എക്സലന്‍സ് അവാര്‍ഡ് 2012 എന്നിവ ലഭിച്ചു.

സയിദ് ഉബൈദുള്ള തങ്ങള്‍ മേലാറ്റൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സയ്യിദ് സഹല്‍ തങ്ങള്‍, സയ്യിദ് കെ.കെ.എസ്. തങ്ങള്‍, അബ്ദുള്ള ഫൈസി കൊളപ്പറമ്പ്, അബ്ദുള്‍ കരീം ഫൈസി കിഴാറ്റൂര്‍, അലി മൌലവി നാട്ടുകല്‍, അബ്ദുള്ള കുപ്പം, അബ്ദുള്‍ ബാരി ഹുദവി, നജ്മുദ്ദീന്‍ ഹുദവി, ഹാഫിസ് ജാഫര്‍ വാഫി, സുബൈര്‍ ഹുദവി പട്ടാമ്പി, അബ്ദുസലാം ഫൈസി കടുങ്ങല്ലൂര്‍, ഉസ്മാന്‍ എടത്തില്‍, അബ്ദുള്‍ റസാക്ക് മാസ്റര്‍, മജീദ് പുകയൂര്‍, എം.എ. കോയ മൂന്നിയൂര്‍, സവാദ് പേരാമ്പ്ര, അബ്ദുള്‍ ഹക്കീം വാഫി, സാലിം വാഫി, ബാപ്പുട്ടി മുസ്ലിയാര്‍, ലത്തീഫ് ചാപ്പനങ്ങാടി, അബ്ദുള്‍ ഗഫൂര്‍ പട്ടിക്കാട്, നാസര്‍ കാടാമ്പുഴ, അബ്ദുള്‍ ജലീല്‍ എടപ്പറ്റ, മുഹമ്മദ് റഫീഖ് കൂലത്ത്, അഷ്റഫ് തില്ലങ്കേരി തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി ആലമ്പാടി സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി നൌഷാദ് അന്‍വരി മോളൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍