കുവൈറ്റില്‍ നാലാമത്തെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തുറക്കുന്നു
Thursday, February 13, 2014 7:54 AM IST
കുവൈറ്റ്: പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ പുതിയ ശാഖ ഉദ്ഘാനത്തിനൊരുങ്ങി. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റ പുതിയ ഷോറും അല്‍ ദജീജില്‍ 15ന് തുറക്കും. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റ 109ാംമത്തെ ഷോറൂമാണ് കുവൈത്തില്‍ തുറക്കുന്നത്. 230,000 ചതുരശ്ര അടിയിലാണ് അല്‍ ദജീജിലെ ഷോറും.രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. കുവൈത്തില്‍ ലുലുവിന്റെ മൂന്നാമത് ഹൈപ്പര്‍മാര്‍ക്കറ്റാണിത്. കുവൈത്ത് രാജകുടുംബത്തിലെ ഉന്നതര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് മാനേജ്മെന്റിലെ പ്രമുഖരും കുവൈത്തിലെ സാമൂഹിക, സാംസ്കാരിക, വ്യാപാര രംഗത്തെ പ്രഗല്ഭരും സംബന്ധിക്കും. രണ്ട് നിലകളിലായുള്ള ഹൈപ്പര്‍മാര്‍ക്കറ്റില്‍ താഴത്തെ നിലയില്‍ ഫുഡ് ആന്റ് ഗ്രോസറി സെക്ഷനും ഒന്നാം നിലയില്‍ ഡിപ്പാര്‍ട്ടുമെന്റ് ആന്റ് ലൈഫ് സ്റ്റൈല്‍ ഉല്‍പന്നങ്ങളുമാണ് സംവിധാനിച്ചിരിക്കുന്നത്. ഫുഡ്കോര്‍ട്ട്, ജ്വല്ലറി, മണി എക്സ്ചേഞ്ച്, പെര്‍ഫ്യം, വാച്ച്, കണ്ണട കടകള്‍ തുടങ്ങിയവയെല്ലാം ഇതിനോടനുബന്ധിച്ച് ഒരുങ്ങുന്നുണ്ട്.

ജലീബ് അല്‍ ശുയൂഖ്, ഫര്‍വാനിയ, ഖൈത്താന്‍, മെസ്സീല, സല്‍വ, മിശ്രിഫ്, ഇശ്ബിലിയ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെല്ലാം എളുപ്പത്തില്‍ എത്താവുന്നയിടത്താണ് ദജീജ് ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഒരേസമയം 750 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൌകര്യമുള്ള വിശാലമായ പാര്‍ക്കിങ് ഏരിയയുമുണ്ട്. 'ഇത് ലുലു ഗ്രൂപ്പിന്റെ കുവൈത്തിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റാണ്. ഉന്നത ഗുണനിലവാരമുള്ള സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൌകര്യപ്രദമായ രീതിയില്‍ ഒരുക്കുകയും ആകര്‍ഷകമായ നിരക്കില്‍ ലഭ്യമാക്കുകയും ചെയ്യുന്നു എന്നതാണ് ലുലുവിന്‍റെ പ്രത്യേകത. ഞങ്ങളുടെ മറ്റെല്ലാ സ്റ്റോറുകളെയും പോലെ സ്റ്റോര്‍ ഫിറ്റിങ്, ഭക്ഷ്യ സുരക്ഷ, വൃത്തി തുടങ്ങിയ കാര്യങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതാണ് ദജീജിലേതും' ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കുവൈത്ത് റീജ്യണല്‍ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പറഞ്ഞു. ലോക നിലവാരമുള്ള സാധനങ്ങള്‍ കുവൈത്തിലെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ലുലവിന്റെ ലക്ഷ്യം. ഉദ്ഘാടനത്തിന്റെ ഭാഗമായി മുമ്പില്ലാത്തവിധം പ്രത്യേക ഓഫറുകള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്െടന്ന് റീജ്യണല്‍ മാനേജര്‍ ശ്രീജിത്ത് അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍