ദമാം: എട്ടു മാസക്കാലമായി ദമാമിലെ ജയിലിലും തര്‍ഹീലിലും നവോദയയുടെ അഭയകേന്ദ്രത്തിലും ജീവിതം തള്ളി നീക്കിയ പത്ത് പേര്‍ക്ക് നാടണയാനുള്ള അവസരമായി. നിതാഖാത്തിന്റെ ഇളവുകള്‍ക്കൊപ്പം ഇന്ത്യയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നവര്‍ വിവിധ ഘട്ടങ്ങളിലായി രേഖകള്‍ ശരിയായി എന്ന ധാരണയില്‍ വിമാനത്താവളത്തിലേക്ക് പോകുകയും വിരലടയാളം ശരിയായി രേഖപെടുത്താതിനാലും മറ്റ് നിയമപ്രശ്നങ്ങളുള്ളതിനാലും നാലു വട്ടം തിരിച്ചു പോന്ന ആറു പേരും ഈ കൂട്ടത്തിലുണ്ട്. എട്ടു മാസമായി നിയമപരമായ പോരാട്ടത്തിന് എല്ലാവിധ സഹായങ്ങളും നവോദയ ഈസ്റ്റേണ്‍ പ്രോവിന്‍സ് ജീവകാരുണ്യ വിഭാഗത്തിന്റെ രക്ഷാധികാരികളിലൊരായ വാസ് വക്കവും നവോദയ ജീവകാരുണ്യ വിഭാഗവും ഇടവേളകളില്ലാതെ നല്കി ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള പരിശ്രമം തുടര്‍ന്നുവരികയായിരുന്നു. കൂട്ടത്തിലുള്ള പത്തു പേരും വ്യത്യസ്ത സ്പോണ്‍സര്‍മാരുടെ കീഴിലുള്ളതും വിവിധങ്ങളായ നിയമപ്രശ്നങ്ങളും തിരിച്ചു പോക്കിന് കാലവിളംബം നേരിട്ടു.
മാനസികമായും ശാരീരികമായും വളരെയധികം കഷ്ടതകള്ക്കുശേഷമാണ് ഇവര്‍ നാടണയാന്‍ പോകുന്നത്. ദമാം പാരഗണില് നടന്ന ചടങ്ങില്‍ യാത്രാരേഖകളും ടിക്കറ്റിന്റേയും വിതരണോദ്ഘാടനം ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാനായ തിരുനാവക്കരശ് ശാരീരിക അസ്വസ്ഥതകള്‍ ഏറെയുള്ള സെയദ് ഷെക്കീറിന് നല്കി നര്‍വഹിച്ചു. മറ്റുള്ളവരായ റിയാസ്ഖാന്, ബഷീര്‍, മണികണ്ഠന്, മൊയ്ദീന്, ജലീല്‍, രാജേഷ്പോള് രാജ്, തിമ്മയ്യ നരസുപുരം, മുഹമ്മദ്, സമീര്‍ എന്നിവര്‍ക്കും നവോദയ പ്രതിനിധികളും ജീവകാരുണ്യ പ്രവര്‍ത്തകരും ചടങ്ങില്‍ യാത്രാ രേഖകളും വിമാന ടിക്കറ്റും കൈമാറി.
ഇവരുടെ യാതനകള്‍ ബോധ്യപെട്ട ദമാമിലെ പ്രമുഖ സ്ഥാപനങ്ങളായ മലബാര്‍ ഗോള്‍ഡ്, ലുലു, വൈറ്റ്ഹൌസ് ഓപ്റ്റിക്കല്‍സ്, മധുര റസ്ററന്റ് തുടങ്ങിയവര്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ ഇവര്‍ക്കുള്ള വിമാനടിക്കറ്റുകള്‍ നല്കി.
ചടങ്ങില്‍ നവോദയ കേന്ദ്ര ജീവകാരുണ്യ കോഓഡിനേറ്ററായ ഇ.എം.കബീര്‍, നവോദയ ട്രഷര്‍ സുധീഷ് തൃപ്രയാര്‍, ദമാം നവോദയ പ്രസിഡന്റ് മോഹനന് വെള്ളിനേഴി, നവോദയ കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഷാജഹാന് ഈട്ടോള്, സേതു, ചന്ദ്രന്, കൂടാതെ ദല്ല, ദമാം, അല്‍കോബാര്‍ തുടങ്ങിയ ഏരിയാ നേതാക്കളും ദമാമിലെ ഇതര സംഘടനാപ്രതിനിധികളും, പത്രപ്രവര്‍ത്തകരും സ്ഥാപന പ്രതിനിധികളും പങ്കെടുത്തു. ടിക്കറ്റുകള്‍ തന്ന് സഹായിച്ച സ്ഥാപനങ്ങള്‍ക്കും ഭക്ഷണം, താമസം, ചികിത്സാ, നിയമപരമായ സഹായങ്ങള്‍ ചെത്തുതന്ന ദമാം നവോദയയോടും നാട്ടിലേക്ക് ഇതിനര്ഹരായി നാട്ടിലേക്ക് പോയവര്‍ നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം