ഒരുക്കങ്ങള്‍ പൂര്‍ണം: നജഫ്ഗഡില്‍ ഇത്തവണ ആറ്റുകാല്‍ പൊങ്കാല
Tuesday, February 11, 2014 10:03 AM IST
ന്യൂഡല്‍ഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലും ഇത്തവണ ആറ്റുകാല്‍ പൊങ്കാല. പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല ദിവസം തന്നെയാണ് നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലും പൊങ്കാല മഹോത്സവം.

വര്‍ഷം നീണ്ടുനിന്ന വ്രതശുദ്ധിയുടെ പുണ്യവുമായി ഭക്ത സഹസ്രങ്ങള്‍ക്ക് സായൂജ്യമേകി നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പതിനഞ്ചാമതു പൊങ്കാല മഹോത്സവത്തിനു ഏപ്രില്‍ 15ന് (ഞായര്‍) തിരി തെളിയും.

രാവിലെ 8.30 നു ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നും പണ്ടാര അടുപ്പിലേക്ക് അഗ്നി പകരും. നിര്‍മാല്യ ദര്‍ശനത്തിനുശേഷം മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ക്ക് ആരംഭമാവും. തന്ത്രിയോടൊപ്പം കേരളത്തില്‍ നിന്നും പ്രത്യേകം എത്തിച്ചേരുന്ന ശശിധരന്‍ നമ്പൂതിരി ക്ഷേത്ര മേല്‍ശാന്തി അനില്‍ നമ്പൂതിരി എന്നിവര്‍ പരികര്‍മ്മികളാവും.

എല്ലാ വര്‍ഷവും കുംഭ മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ വലിയ പൊങ്കാല മഹോത്സവം നടത്തപ്പെടുന്നത്. മാസം തോറും കാര്‍ത്തിക നക്ഷത്രത്തില്‍ കാര്‍ത്തിക പൊങ്കാലയും നടത്തപ്പെടുന്നുണ്ട്. ഇത്തവണയും ക്ഷേത്രത്തിനു പുറകു വശത്തുള്ള വയലിലാണ് പൊങ്കാല സമര്‍പ്പണത്തിനായി കൂടുതലും അടുപ്പുകള്‍ നിരത്തിയിട്ടുള്ളത്.

ഡല്‍ഹിയുടെയും പ്രാന്ത പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുഡ്ഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാര്‍ ഗാര്‍ഡന്‍ എന്നീ സ്ഥലങ്ങളില്‍ എല്ലാം അവിടങ്ങളിലെ ഏരിയ സംഘാടകര്‍ മുഖാന്തരം പൊങ്കലകളും മറ്റു പൂജകളും ബുക്ക് ചെയ്യാവുന്നതാണ്. പൊങ്കാല ദിവസം ക്ഷേത്രത്തിലേക്ക് എത്തിച്ചേരുവാനുള്ള യാത്രാ സൌകര്യവും ഏരിയസംഘാടകര്‍ ഒരുക്കുന്നതാണ്. അന്നേദിവസം രാവിലെ നാലു മുതല്‍ ക്ഷേത്രാങ്കണത്തിലെ കൌണ്ടറുകളില്‍ നിന്നും പൊങ്കാല കൂപ്പണുകളും മറ്റു വഴിപാടു രസീതുകളും ഭക്തജനങ്ങള്‍ക്ക് കൈപ്പറ്റുന്നതിന് സൌകര്യം ഒരുക്കിയിട്ടുണ്ട്. പൊങ്കാല സമര്‍പ്പണത്തിനുള്ള സാധന സാമഗ്രികള്‍ ക്ഷേത്രത്തിലെ കൌണ്ടറില്‍ നിന്നും ലഭിക്കും. അതിനു മുന്നോടിയായി 3000 മണ്‍കലങ്ങളും വിറകും ക്ഷേത്രത്തില്‍ ഇന്നലെ എത്തിച്ചേര്‍ന്നു. പൊങ്കാലയിടുന്ന സ്ത്രീജനങ്ങള്‍ക്കായി അന്നദാനത്തിനു പ്രത്യേക കൌണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്.

വലിയ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു വിശേഷാല്‍ പൂജകളും ഉണ്ടാവും. ഉഷ:പൂജ, 8.30നു പണ്ടാര അടുപ്പിലേക്ക് അഗ്നി പകരല്‍, തുടര്‍ന്ന് ഭക്തജനങ്ങള്‍ തങ്ങളുടെ പൊങ്കാല അടുപ്പുകളില്‍ സ്വയം ദീപ നാളം തെളിയിക്കും. തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളില്‍ തുടര്‍ന്ന് തിരിമേനിമാര്‍ തീര്‍ഥം തളിക്കും. 12 ന് ഉച്ചപൂജ, ഉച്ച ദീപാരാധന എന്നിവയാണ് മറ്റു പ്രധാന പൂജാദികള്‍.

രാവിലെ 6.30 മുതല്‍ ഹസ്താല്‍ ഗുരുദേവ ഭജന സമിതിയുടെ ഭജനയും ഹസ്ത്സാല്‍ സൌപര്‍ണിക മ്യൂസിക് സ്കൂള്‍ അവതരിപ്പിക്കുന്ന ഭജനയും ഉണ്ടാവും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ഉച്ചക്ക് നടക്കുന്ന അന്നദാനത്തില്‍ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി ഇരുപത്തയ്യായിരത്തിലധികം ഭക്തജനങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9650421311, 9891302376, 8800317023, 9811224122.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി