'ഫാസിസ്റ് ശക്തികളുടെ ഐക്യം മതേതര ഇന്ത്യ നേരിട്ട പ്രതിസന്ധി'
Monday, February 10, 2014 9:39 AM IST
ദമാം: സ്വാതന്ത്യ്രാനന്തര ഇന്ത്യ നേരിട്ട ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികള്‍ ജന്മമെടുത്തത് ഇന്ത്യന്‍ ഭരണ ഘടനയുടെ അന്തസ് തകര്‍ക്കുന്ന രീതിയില്‍ വര്‍ഗീയ ഫാസിസ്റുകളും രാഷ്ട്രീയ ഫാസിസ്റുകളും ഐക്യപ്പെട്ടതിലൂടെയാണെന്നും ഇതു മനസിലാക്കി മതേതര ഭാരതത്തിനുവേണ്ടി ന്യൂനപക്ഷ പിന്നോക്ക സമൂഹങ്ങളുടെ ഒത്തുചേരല്‍ അനിവാര്യമാണെന്നും പ്രമുഖ പ്രഭാഷകനും കണ്ണൂര്‍ ജില്ലാ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിയുമായ അബ്ദുറഹ്മാന്‍ കല്ലായി അഭിപ്രായപ്പെട്ടു.

ഹൃസ്വ സന്ദര്‍ശനാര്‍ഥം ദമാമിലെത്തിയപ്പോള്‍ കിഴക്കന്‍ പ്രവിശ്യാ കെഎംസിസി റോസ് റസ്ററന്റ് ഹാളില്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാസിസ്റ് നേതാവിനെ സംഘപരിവാര്‍ ശക്തികള്‍ ഇന്ത്യയുടെ നവോഥാന നേതാവായി ഉയര്‍ത്തിക്കാട്ടുമ്പോള്‍ മതേതര ശക്തിക്കുവേണ്ടി എന്ന് രാഷ്ട്രീയമായി ശബ്ദിക്കുന്നവരും മറ്റു സാമുദായികമായും പ്രഖ്യാപിക്കുന്നവരും വരെ അവര്‍ക്കുവേണ്ടി ഓശാന പാടുന്ന അവസ്ഥ ലജ്ജാകരമാണ്. കേരളത്തില്‍ അടക്കം മതേതര വോട്ടുകള്‍ മന്ദീഭവിപ്പിക്കാന്‍ കുത്സിത അജണ്ടകളുമായി സംഘപരിവാര്‍ ശക്തികള്‍ വലവീശുന്നത് നേരത്തെ തിരിച്ചറിഞ്ഞ മുസ്ലീം ലീഗ് അടക്കമുള്ള ഉത്തരവാദിത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അതുകൊണ്ടാണ് നേരത്തേ തന്നെ ആസന്നമായ ദേശീയ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ പിന്നോക്ക രാഷ്ട്രീയത്തിന്റെ പുത്തന്‍ അപ്പോസ്തലന്മാരായി ചമയുന്നവര്‍ ചരിത്രബോധം നഷ്ടപ്പെട്ടവരും ആറു പതിറ്റാണ്ട് സംഘപരിവാര ശക്തികളെ തടഞ്ഞു നിര്‍ത്തിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ക്ഷയിപ്പിക്കാനും അതുവഴിമഹാത്മജിയെ കൊന്നവര്‍ ആദര്‍ശം നല്‍കുന്നവരുടെ പണിയാളുകളെ സഹായിക്കുകയുമാണ് ചെയ്യുന്നതെന്നും അബ്ദുള്‍ റഹ്മാന്‍ കല്ലായി പറഞ്ഞു.

കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി ഒരുക്കിയ സ്വീകരണ സമ്മേളനം കെഎംസിസി നാഷണല്‍ കമ്മിറ്റി ഖജാന്‍ജി എന്‍ജിനിയര്‍ സി. ഹാഷിം ഉദ്ഘാടനം ചെയ്തു. ഖാദര്‍ ചെങ്കള അധ്യക്ഷത വഹിച്ച സ്വീകരണ സമ്മേളനത്തിനു കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി വി.കെ മുഹമ്മദ് (റിയാദ്) ഷുക്കൂര്‍ സാഹിബ് (കണ്ണൂര്‍ ജില്ലാ കെഎംസിസി) മാലിക് മഖ്ബൂല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജാബിര്‍ വാഫി ഖിറാഅത്ത് നടത്തി. ആലിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ഷരീഫ് ഖത്തീഫ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം