ഖത്തര്‍ കെഎംസിസി 'ഹെല്‍ത്തി ഫാമിലി' കുടുംബ സദസ് സംഘടിപ്പിക്കുന്നു
Monday, February 10, 2014 9:38 AM IST
ദോഹ: ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ലാ സംഘടിപ്പിക്കുന്ന മലബാര്‍ ഗോള്‍ഡ് മലബാര്‍ മഹോത്സവം 2014 ന്റെ ഭാഗമായി ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ 2014 ഫെബ്രുവരി 11ന് (ചൊവ്വാ) 'ഹെല്‍ത്തി ഫാമിലി' എന്ന പേരില്‍ കുടുംബസദസ് സംഘടിപ്പിക്കുന്നു.

വൈകുന്നേരം ആറിന് ഹിലാല്‍, മഅ മൂറ കോംപ്ളക്സിനു സമീപം കെഎംസിസി ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ ന്യൂജനറേഷന്‍ രക്ഷിതാക്കള്‍ ഇസ്ലാമിക വീക്ഷണത്തില്‍ എന്ന വിഷയത്തില്‍ പ്രമുഖ കുടുംബ ക്ളാസ് പരിശീലകന്‍ കളത്തില്‍ ഹമീദ് മാസ്റര്‍ നടത്തുന്ന ക്ളാസ്, അത്യാഹിത ഘട്ടത്തില്‍ നല്‍കേണ്ട പ്രാഥമിക ശുശ്രൂഷകളെ കുറിച്ച് ഹമദ് മെഡിക്കല്‍ സെന്റര്‍ ബിഎല്‍എസ് സര്‍ട്ടിഫൈഡ് ട്രെയിനര്‍മാര്‍ നല്‍കുന്ന പരിശീലന ക്ളാസ് എന്നിവ ഉണ്ടായിരിക്കും. മുഴുവന്‍ കുടുംബങ്ങളെയും ക്ളാസിലേക്ക് സ്വാഗതം ചെയ്യുന്നതായി ജില്ലാ കമ്മിറ്റി അറിയിച്ചു.

നമ്മുടെ അറിവില്ലായ്മമൂലം നിമിഷനേരം കൊണ്ട് ഒരു ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിയാത്ത സാഹചര്യം സര്‍വസാധാരണമാണെന്നും 'ഹെല്‍ത്തി ഫാമിലി' കുടുംബ സദസില്‍ അതിനുള്ള പരിശീലനം നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു.

ഖത്തര്‍ ദേശീയ കായിക ദിനാചരണത്തോടനുബന്ധിച്ചു ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുമായി സഹകരിച്ചു നടത്തുന്ന കായികോത്സവം 2014 ന്റെ ഭാഗമായുള്ള പഞ്ചഗുസ്തി, സ്ളോ സൈക്ളിംഗ്, കാരംസ് മത്സരങ്ങള്‍ എന്നിവ ഉച്ചയ്ക്ക് ഒന്നു മുതല്‍ കെഎംസിസി. ഓഫീസ് പരിസരത്തു നടക്കും.

ഫുട്ബോള്‍, കമ്പവലി എന്നിവയിലെ ഫൈനല്‍, അത്ലറ്റിക്സ്, വര്‍ണാഭമായ മാര്‍ച്ച് പാസ്റ് ഉള്‍പ്പെടെ സമാപന പരിപാടികള്‍ ഫെബ്രുവരി 14 ന് (വെള്ളി) രാവിലെ 6.30 മുതല്‍ ഇതേ ഗ്രൌണ്ടില്‍ നടക്കും.

കായിക രംഗത്തെയും രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെയും പ്രമുഖ വ്യക്തിത്വങ്ങള്‍ പരിപാടികളില്‍ സംബന്ധിക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.

റിപ്പോര്‍ട്ട്: എം.കെ ആരിഫ്