സൌദിയില്‍ തൊഴിലാളികള്‍ക്ക് വേതനം നല്‍കേണ്ടത് റിയാലില്‍
Friday, February 7, 2014 10:15 AM IST
ദമാം: സൌദിയിലെ തൊഴിലാളികള്‍ക്ക് വേതനം നിശ്ചയിക്കേണ്ടതും നല്‍കേണ്ടതും സൌദി കറന്‍സിയിലാണന്ന് തൊഴില്‍ മന്ത്രാലയം. രാജ്യത്ത് ഏതൊരു തൊഴിലാളിക്കും വേതനം നല്‍കേണ്ടത് സൌദി കറന്‍സിയിലായിരിക്കണമെന്നും ഇതിനു വിരുദ്ധമായി ചില വിദേശ കമ്പനികള്‍ വിദേശ കറന്‍സി കണക്കാക്കിയും വിദേശ കറന്‍സിയായും വേതനം നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടന്ന് സൌദി തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഫൈസല് ഉതൈബി അറിയിച്ചു. ദമാം ചേംബര്‍ ഓഫ് കൊമേഴ്സില വാണിജ്യ വ്യവസായ മേഖലയിലുള്ളവര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേതന സംരക്ഷണ പദ്ധതി പ്രകാരം പ്രോഗ്രാമില്‍ ബാങ്കുകളില്‍ ചില കുഴപ്പങ്ങള്‍ ഉണ്ടാവാറുള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്െടന്ന് അദ്ദേഹം പറഞ്ഞു. സൌദി മോണിറ്ററിംഗ് ഏജന്‍സിയുമായി ബന്ധപ്പെട്ട് ഇവ പരിഹരിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടന്നും അദ്ദഹം അറിയിച്ചു.

സൌദിയില്‍ ജോലിചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ളവരേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

2015 ഓടെ സൌദിയിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും വേതന പരിരക്ഷാ വ്യവസ്ഥ നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. സ്ഥാപനങ്ങളെ ബാങ്കുകളുമായും തൊഴില്‍ മന്ത്രാലയവുമായും ബന്ധപ്പെടുത്തും. ഈ ഹിജ്റ വര്‍ഷം അവസാനം വരെ തൊഴിലാളിയുടെ കൈവശമുള്ള ഏതു ബാങ്കു കാര്‍ഡും ഉപയോഗിക്കാമെന്ന് സൌദി മോണിറ്ററിംഗ് ഏജന്‍സി അറിയിച്ചിട്ടുണ്ട്.

സൌദിയില്‍ വേതന പരിരക്ഷാ നിയമം നടപ്പിലാക്കുന്നതിന് 18 മാസങ്ങള്‍ക്ക് മുമ്പ് സൌദി മോണിറ്ററിംഗ് ഏജന്‍സിയും തൊഴില്‍ മന്ത്രാലയവുമായും പദ്ധതിയുടെ പരീക്ഷണം നടത്തിയിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

വിവരങ്ങള്‍ സൌദി ആഭ്യന്തര മന്ത്രാലയത്തിന് കിഴിലുള്ള സൌദി ദേശീയ ഇന്‍ഫര്‍മേഷന്‍ വകുപ്പുമായും ബന്ധപ്പെടുത്തിയിട്ടുണ്െടന്നും അദ്ദേഹം അറിയിച്ചു.

വേതന പരിരക്ഷാ നിയമ പ്രകാരം ബാങ്കിംഗ് ഇടപാടുകള്‍ക്ക് തൊഴിലാളിയില്‍നിന്നുമാത്രമായി ചാര്‍ജ് ഈടാക്കാരുതെന്നും ഒരു പങ്ക് സ്ഥാപനവും വഹിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ബാങ്ക് കാര്‍ഡ് എല്ലാ ബാങ്കുകളിലും ഉപയോഗിക്കാനും കഴിയണമെന്ന് സൌദി മോണിറ്ററിംഗ് ഏജന്‍സിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

വേതന പരിരക്ഷാ വ്യവസ്ഥ നടപ്പിലാക്കാത്ത സ്വകാര്യ സ്കൂളുകളുടെ സേവനം തൊഴില്‍ മന്ത്രാലയം റദ്ദുചെയ്തതായി അദ്ദേഹം അറിയിച്ചു.

1183 സ്കൂളുകളില്‍ 173 സ്കൂളുകള്‍ മാത്രമാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതി നടപ്പിലാക്കാത്ത 922 സ്കൂളുകളുട സേവനം റദ്ദുചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി. വേതന പരിരക്ഷാ നിയമവുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാനും അവ പരിഹരിക്കാനുമായി 600 ഉദ്യോഗസ്ഥരെ മന്ത്രാലയം കമ്യൂണിക്കേഷന്‍ സെന്ററില്‍ നിയമിച്ചിട്ടുണ്െടന്ന് അദ്ദേഹം വെളിപ്പടുത്തി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം