ദമാം മീഡിയ ഫോറം സമാഹരിച്ച കെ.സി. വേണുഗോപാല്‍ ചികിത്സാ ധനസഹായം കൈമാറി
Friday, February 7, 2014 10:09 AM IST
ദമാം: ഇരു വൃക്കകളും തകരാറിലായി ദീര്‍ഘ കാലമായി ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ എക്സ്പ്രസ് മുന്‍ ജനറല്‍ മാനേജര്‍ കെ.സി. വേണുഗോപാലിനുള്ള ചികിത്സ സഹായം കൈമാറി. ദമാം മീഡിയ ഫോറത്തിന്റെ സഹകരണത്തില്‍ ആണ് സഹായ ധനം സമാഹരിച്ചത്.

ദീര്‍ഘകാലം മാതൃഭൂമിയിലും സേവനം അനുഷ്ടിച്ചിട്ടുള്ള വേണുഗോപാല്‍, കോഴിക്കോട്ട് സ്വന്തമായി കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തിവരവേയാണ് രോഗം കീഴ്പ്പെടുത്തുന്നത്. ഇരു വൃക്കകളും തകരാറില്‍ ആണെന്ന് കണ്െടത്തിയ ഡോക്ടര്‍മാര്‍ വൃക്ക മാറ്റിവയ്ക്കുകയല്ലതെ മറ്റു പോംവഴി ഇല്ലെന്നു നിര്‍ദ്ദേശിച്ചു. ഭാര്യ പരിമളയുടെ വൃക്ക നല്‍കിയെങ്കിലും പ്രീയതമയുടെ വൃക്കയും ശരീരത്തില്‍ പരാജയപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗം മൂര്‍ച്ഛിച്ചതോടെ ജോലിക്കും പോകാന്‍ കഴിയാതെയായി. ചികിത്സയ്ക്കും ഓപ്പറേഷനുമായി ലക്ഷങ്ങള്‍ വേണ്ടിവന്നതോടെ കോഴിക്കോട്ടെ വീടും ചെന്നൈയിലെ ഫ്ളാറ്റും വേണുഗോപാലിന് വില്‍ക്കേണ്ടിവന്നു.

എറണാകുളത്ത് ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന വേണുഗോപാല്‍, എഫ്.എം. റേഡിയോയില്‍ ജോലി ചെയ്യുന്ന മൂത്ത മകന്റെ തുച്ചമായ വരുമാനത്തിലാണ് കഴിയുന്നത്. മകള്‍ എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയാണ്. ആഴ്ചയില്‍ നാല് ഡയാലിസിസ് വേണ്ടിവരും. കൂടാതെ പ്രമേഹം ഉള്‍പ്പെടെ മറ്റ് രോഗങ്ങളും. വൃക്ക മാറ്റിവച്ചാല്‍ ജീവിതം തുടരനാകുമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. അതിനു പത്ത് ലക്ഷത്തിലധികം രൂപ ചെലവ് വരും. പക്ഷെ അതിന് സുമനസുകള്‍ കനിയണം.

വേണുഗോപാലിന് ചികിത്സാ സഹായ ധനം സ്വരൂപിക്കാനായി അനില്‍ കുറിച്ചിമുട്ടം കണ്‍വീനറായി മാധ്യമ പ്രവര്‍ത്തകര്‍ അടങ്ങുന്ന ഒരു കമ്മിറ്റി നേരത്തെ രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി ആദ്യ ഘട്ടത്തില്‍ സമാഹരിച്ച 1,30,000 രൂപാ നേരത്തെ വേണുഗോപാലിന് കൈമാറിയിരുന്നു.

മീഡിയ ഫോറം അംഗം ടി.പി.എം. ഫസലിന്റെ ശ്രമഫലമായാണ് ന്യൂനാഷണല്‍ പബ്ളിഷേഴ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍ അസീസ് അല്‍ ജാബിറില്‍ നിന്ന് 50,000 രൂപാ രണ്ടാം ഘട്ടമായി സമാഹരിക്കാനായത്.

കഴിഞ്ഞ ദിവസം ദമ്മാമില്‍ നടന്ന ചടങ്ങില്‍ റിലീഫ് കമ്മിറ്റി കണ്‍വീനര്‍ അനില്‍ കുറിച്ചിമുട്ടം ദമാം മീഡിയ ഫോറം കണ്‍വീനര്‍ പി.എ.എം. ഹാരിസിന് ഈ തുകയുടെ ഡ്രാഫ്റ്റ് കൈമാറി. ചടങ്ങില്‍ മീഡിയ ഫോറം അംഗങ്ങളായ ടി.പി.എം. ഫസല്‍, പി.ടി.അലവി, അബ്ദുല്‍ അലി കളത്തിങ്കല്‍, സുബൈര്‍ ഉദിനൂര്‍ എന്നിവര്‍ പങ്കെടുത്തു. നാട്ടിലെത്തിയ പി.എ.എം. ഹാരിസ് ധനസഹായം കെ.സി.വേണുഗോപാലിന് കൈമാറും.