എയര്‍ ഇന്ത്യ എക്സ്പ്രസ് മസ്കറ്റ് സെക്ടറിലെ യാത്രക്കാരോട് കാണിക്കുന്ന അവഗണന തിരുത്തണം: മസ്കറ്റ് കെഎംസിസി
Wednesday, February 5, 2014 10:02 AM IST
മസ്കറ്റ്: മസ്കറ്റില്‍ നിന്നും കേരളത്തിലേയ്ക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ ബാഗേജ് അലവന്‍സ് 30 കിലോ ആക്കി പുനഃസ്ഥാപിച്ചതായി വ്യോമയാന സഹമന്ത്രി കെ.സി വേണുഗോപാലിന്റെ പ്രഖ്യാപനം കഴിഞ്ഞിട്ട് ആഴ്ചകള്‍ കഴിഞ്ഞും മസ്കറ്റ് സെക്ടറില്‍ മാത്രം നടപ്പിലാക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സികെവി യുസുഫും ജനറല്‍ സെക്രട്ടറി പിഎവി അബൂബക്കറും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

സമീപ ദിവസങ്ങളില്‍ പോലും വിവിധ ട്രാവല്‍ ഏജന്‍സികളില്‍നിന്ന് ടിക്കറ്റ് ബുക്കു ചെയ്ത യാത്രക്കാരോടു 30 കിലോ ലഗേജ് കൊണ്ടുപോകുന്നതിന് മൂന്നു ഒമാന്‍ റിയാല്‍ അധിക ചാര്‍ജ് ഈടാക്കിവരികയാണ്. മറ്റിതര ഗള്‍ഫ് രാജ്യങ്ങളില്‍ യാത്രക്കാര്‍ക്ക് അധിക ചാര്‍ജ് ഒന്നും കൂടാതെ 30 കിലോ ലഗേജ് അനുവദിക്കുമ്പോള്‍ മസ്കറ്റില്‍ അത് അനുവദിക്കാത്തത് നീതീകരിക്കാനാവാത്തതാണ്. ഇതു സംബന്ധിച്ച് കേന്ദ്രമന്ത്രിയെ നേരിട്ട് ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രത്യേക തീരുമാനം ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഉണ്ടാക്കിയതാണെന്നും അതത് രാജ്യങ്ങളിലെ കണ്‍ട്രി മാനേജര്‍മാരുടെ അലംഭാവംകൊണ്ടാണ് ഇത് നടപ്പിലാക്കാന്‍ വൈകുന്നതുമെന്നാണ് മന്ത്രിയുടെ വിശദീകരണമെന്ന് ജനറല്‍ സെക്രട്ടറി പിഎവി അബൂബക്കര്‍ പറഞ്ഞു.

വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് ഫോണ്‍ ഉപയോഗം നിരോധിക്കുന്നതും ഇപ്പോള്‍ ഇന്റര്‍നെറ്റ് സൌകര്യം അനുവദിക്കുമെന്നുള്ള പ്രഖ്യാപനം പ്രവാസികളോടുള്ള എയര്‍ ഇന്ത്യ എക്പ്രസിന്റെ തമാശയായി മാത്രമേ കാണാന്‍ കഴിയുകയൂള്ളൂവെന്നും കെഎംസിസി നേതാക്കള്‍ പത്രകുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം