ശ്രീദേവി മെമ്മോറിയല്‍ യുഎഇ ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവല്‍ ഫെബ്രുവരി 13, 14, 15 തീയതികളില്‍
Wednesday, February 5, 2014 7:47 AM IST
അബുദാബി: യുഎഇയില്‍ ആദ്യമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി യുവജനോത്സവം സംഘടിപ്പിച്ചു തുടങ്ങിയത് അബുദാബി മലയാളി സമാജത്തിന്റെ നേതൃത്വത്തിലാണ്. അഹല്യഗ്രൂപ്പുമായി സഹകരിച്ചാണ് കഴിഞ്ഞകുറെ വര്‍ഷങ്ങളായി ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ഈ വര്‍ഷം ഫെബ്രുവരി 13,14,15 തീയതികളില്‍ സമാജത്തിലെ വിവിധ വേദികളിലായാണ് യുവജനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. യുഎഇയിലെ എല്ലാ സ്കൂളുകളിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. വിവിധ ഏജ് ഗ്രൂപ്പുകളിലായി, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങി വിവിധയിനം നൃത്ത രൂപങ്ങളിലും ശാസ്ത്രീയ സംഗീതം, ലളിതഗാനം തുടങ്ങിയ വിവിധ ഗാന ശാഖകളിലും മത്സരം സംഘടിപ്പിച്ചിരിക്കുന്നു. മോണോ ആക്ട്, ഫാന്‍സി ഡ്രസ് എന്നിവയിലും മത്സരങ്ങളുണ്ടായിരിക്കും. പതിനഞ്ച് ഇനങ്ങളിലായി നൂറിലധികം കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.

പതിവുപോലെ, നാട്ടില്‍ നിന്നുള്ള പ്രഗത്ഭരായ കലാകാരന്മാരാണ് ഇത്തവണയും മത്സരങ്ങളില്‍ വിധികര്‍ത്താക്കളായി എത്തുന്നത്. ഓരോ ഗ്രൂപ്പിലെയും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന കുട്ടികള്‍ക്ക് പ്രത്യേക സമ്മാനം നല്‍കും. ഒമ്പതു മുതല്‍ 18 വരെയുള്ള കുട്ടികളില്‍ നിന്നും നൃത്തമുള്‍പ്പെടെയുള്ള മത്സരങ്ങളില്‍ വിജയിച്ച് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന കുട്ടിയെ 'സമാജം കലാതിലകമായി' പ്രഖ്യാപിക്കുകയും ശ്രീദേവി മെമ്മോറിയല്‍ അഹല്യാ റോളിംഗ് ട്രോഫി സമ്മാനിക്കുകയും ചെയ്യും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 11നു മുമ്പായി അപേക്ഷാഫോറം സമാജത്തില്‍ ഏല്‍പ്പിക്കേണ്ടതാണ്. യുവജനോത്സവന്റെ ഒരുക്കങ്ങള്‍ കലാവിഭാഗം സെക്രട്ടറി വി.വി സുനിലിന്റെ (055-2242732) നേതൃത്വത്തില്‍ നടന്നുവരുന്നു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള