കാന്‍സര്‍ പ്രതിരോധിക്കാം : ഡോ. നജീമുദ്ധീന്‍ മണപ്പാട്ട്
Wednesday, February 5, 2014 7:45 AM IST
ദോഹ: കാന്‍സര്‍ ആഗോളാടിസ്ഥാനത്തില്‍ തന്നെ മാനവരാശി അനുഭവിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നുവെന്നും വ്യക്തി തലത്തിലും സമൂഹ തലത്തിലുമുളള ശ്രദ്ധയും ബോധവത്കരണവും നാല്‍പതുശതമാനത്തോളം കാന്‍സറുകളെങ്കിലും പ്രതിരോധിക്കുവാന്‍ സഹായകമാകുമെന്നും നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ ഡോ. നജ്മുദ്ധീന്‍ മണപ്പാട്ട് അഭിപ്രായപ്പെട്ടു.

മീഡിയ പ്ളസ്, ആന്റി സ്മോക്കിംഗ് സൊസൈറ്റി, ക്യൂ മലയാളം, നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ലോക കാന്‍സര്‍ ദിനാചരണ ബോധവത്കരണ പരിപാടിയില്‍ വിഷയമവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പല കാന്‍സറുകളും പാരിസ്ഥിതിക കാരണങ്ങളായും തെറ്റായ ജീവിത ശൈലി കാരണവുമാണ് വളരുന്നത്. അതുകൊണ്ടുതന്നെ ശക്തമായ ബോധവത്കരണ പരിപാടികള്‍ തുടര്‍ച്ചയായി നടക്കേണ്ടത്. ഏതെങ്കിലും പ്രത്യേക ദിവസങ്ങളില്‍ പരിമിതപ്പെടുത്താതെയുള്ള ബോധവത്കരണ പരിപാടികള്‍ വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകും.

അമിതമായ പുകവലി, മദ്യപാനം, വെറ്റില മുറുക്ക്, പാന്‍ പരാഗുകള്‍ തുടങ്ങിയവയാണ് വായിലേയും തൊണ്ടയിലേയും കാന്‍സറിന്റെ പ്രധാന കാരണങ്ങള്‍. ഈ തെറ്റായ ശീലങ്ങള്‍ ഒഴിവാക്കിയാല്‍ ഭീകരമായ കാന്‍സറിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാം.

കാന്‍സറിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇതു ഭീതി ജനിപ്പിക്കുകയും ചികില്‍സാ നടപടികള്‍ പ്രയാസകരമാക്കുകയും ചെയ്യുന്നു. ആദ്യ സ്റ്റേജില്‍ തന്നെ രോഗനിര്‍ണയം നടത്താനായാല്‍ തൊണ്ടയിലേയും വായിലേയും കാന്‍സറുകളൊക്കെ പൂര്‍ണമായി സുഖപ്പെടുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.

പുകയിലയുടെ എല്ലാ ഉപയോഗവും മാരകമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. പുകവലിയും മദ്യപാനവും ഒരുമിച്ചാകുമ്പോള്‍ അപകട സാധ്യത പതിനഞ്ച് മടങ്ങ് വര്‍ധിക്കും. അതിനാല്‍ അനാരോഗ്യകരമായ എല്ലാ ശീലങ്ങളും അവസാനിപ്പിക്കുകയാണ് കാന്‍സര്‍ പ്രതിരോധത്തിന്റെ ആദ്യ പടി, അദ്ദേഹം പറഞ്ഞു.

ആധുനിക ചികില്‍സാ സംവിധാനങ്ങള്‍ കാന്‍സര്‍ പരിചരണം കൂടുതല്‍ സൌകര്യപ്രദവും കാര്യക്ഷവുമാക്കിയിട്ടുണ്െടങ്കിലും രോഗം വരാതെ നോക്കുക തന്നെയാണ് ചികില്‍സയേക്കാള്‍ പ്രധാനം. കാന്‍സറിനെ പ്രതിരോധിക്കുവാനും അതിന്റെ വ്യാപനം തടയുവാന്‍ സഹായിക്കുന്ന ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുവാനുമുള്ള അവസരമാണ് ലോക കാന്‍സര്‍ ദിനമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. തുടര്‍ന്ന് സദസിന്റെ സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി പറഞ്ഞു.

ഇന്ത്യന്‍ കമ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡന്റ് കരീം അബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു. സിജി പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ കെ.പി. നൂറുദ്ദീന്‍, ക്യൂ മലയാളം പ്രതിനിധി രാമചന്ദ്രന്‍ വെട്ടിക്കാട്, കെഎംസിസി. സെക്രട്ടറി നിഅമതുള്ള കോട്ടക്കല്‍, ഹ്യൂമന്‍ റിസോസഴ്സ് കണ്‍സള്‍ട്ടന്റ് ഡോ. ജസ്റിന്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

മീഡിയ പ്ളസ് സിഇഒ അമാനുള്ള വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ ഇഖ്ബാല്‍ നീര്‍ച്ചാല്‍ അബ്ദുള്ള, സന്ദീപ് ജി നായര്‍, മീഡിയ പ്ളസിലെ ഷറഫുദ്ദീന്‍ തങ്കയത്തില്‍, സജ്ഞയ് ചപോല്‍ക്കര്‍, യൂനുസ് സലീം, ശിഹാബുദ്ദീന്‍, സിയാഹുറഹ്മാന്‍, അഫ്സല്‍ കിളയില്‍, സൈദലവി അണ്േടക്കാട്, അബ്ദുള്‍ ഫത്താഹ് നിലമ്പൂര്‍, ഖാജാ ഹുസൈന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.