പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ അഞ്ചാമത് വാര്‍ഷികം ഫെബ്രുവരി ഏഴിന്
Wednesday, February 5, 2014 7:41 AM IST
പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ (പിജെഎസ്) അഞ്ചാമത് വാര്‍ഷികം ഫെബ്രുവരി ഏഴിന് (വെള്ളി) വൈകിട്ട് ആറിന് ഹംദാനിയയിലെ ഓഡിറ്റോറിയത്തില്‍ വിപുലമായ കലാ-സാംസ്കാരിക പരിപാടികളോടു കൂടി നടത്തുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫയര്‍ വിഭാഗം കോണ്‍സുല്‍ രാജ് കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.

എകദേശം നൂറിലധികം കലാപ്രതിഭകള്‍പങ്കെടുക്കുന്ന കലാസന്ധ്യ ജിദ്ദയിലെ പ്രവസികള്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരിക്കും. ഭാരതീയ നൃത്തരൂപങ്ങള്‍ പ്രവാസിയുടെ പണിപ്പുര എന്ന കാലികപ്രാധാന്യമുള്ള ഒരു സ്കിറ്റില്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന മൂന്നു മണിക്കൂര്‍ പ്രോഗ്രാം ഇടവേളകള്‍ ഇല്ലാതെ അവതരിപ്പിക്കുന്നു എന്നത് ഈ വര്‍ഷത്തെ പരിപാടികളുടെ പ്രത്യേകതയാണ്. ജിദ്ദയിലെ പ്രമുഖഗായകര്‍ അണിനിരക്കുന്ന സംഗീതവിരുന്നും സ്കിറ്റിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നു. പിജെഎസിന്റെ 2013-14 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പ്രവാസി സംഘടനകള്‍ക്ക് ഒരുമാതൃകയാണ്. സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍പെട്ട 57 പഞ്ചായത്തിലെയും ഒരോ വിധവകളെ സഹായിക്കാനായി ആരംഭിച്ച വിധവാപെന്‍ഷന്‍ ആ ലക്ഷ്യത്തിലൂടെ മുന്നേറികൊണ്ടിരിക്കുകയും ധാരാളം അശരണരായ സ്ത്രീകള്‍ക്ക് തണലേകുകയും ചെയ്യുന്നു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മൂന്നു പെണ്‍കുട്ടികള്‍ക്കുള്ള വിവാഹസഹായധനവും പത്തിലധികം രോഗികള്‍ക്കുള്ള ധനസഹായവും കൈമാറി. നിതാഖാത്ത് മൂലം നാട്ടില്‍ പോകേണ്ടി വന്നവരുടെ പ്രത്യേകിച്ച് പത്തനംതിട്ട സ്വദേശികളായവരുടെ മടക്കയാത്രയ്ക്ക് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് രേഖകള്‍ ശരിയാക്കാന്‍ സഹായങ്ങള്‍ നല്‍കി. കുട്ടികളുടെ കഴിവുകളെ വികസിപ്പിക്കുന്നതിനുവേണ്ടി ഈവര്‍ഷം വിപുലമായ ശിശുദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു.

പത്രസമ്മേളനത്തില്‍ പിജെഎസ് പ്രസിഡന്റ് അലി തേക്കുതോട്, സെക്രട്ടറി എന്‍.ഐ. ജോസഫ്, ട്രഷറര്‍ സന്തോഷ് നായര്‍, രക്ഷാധികാരി ഷുഹൈബ് പന്തളം, പ്രോഗ്രാം കണ്‍വീനര്‍ പ്രണവം ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് വര്‍ഗീസ് ഡാനിയേല്‍, കള്‍ച്ചറല്‍ കണ്‍വീനര്‍ മനോജ് മാത്യു അടൂര്‍, പിആര്‍ഒ അനില്‍കുമാര്‍ പത്തനംതിട്ട, ചില്‍ഡ്രന്‍സ് വിംഗ് ജോ. കണ്‍വീനര്‍ മാത്യു തോമസ്, അയൂബ് പന്തളം എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍