പരസ്പര ഐക്യമാവണം കൂട്ടായ്മകളുടെ അടിസ്ഥാനം: മന്ത്രി കെ.പി. മോഹനന്‍
Monday, February 3, 2014 9:58 AM IST
ഷാര്‍ജ: വടകര എന്‍ആര്‍ഐ ഫോറം ഷാര്‍ജ ചാപ്റ്റര്‍ സംഘടിപ്പിച്ച 'വടകര മഹോത്സവം 2014' വ്യതിരിക്തമായ പരിപാടികളാല്‍ ശ്രദ്ദേയമായി.

നാടിന്റെ നന്മയെ മുന്‍നിര്‍ത്തി പരസ്പര സഹായവും സ്നേഹവുമായിരിക്കണം കൂട്ടായ്മകളുടേയും സംഘടനകളുടെയും ലക്ഷ്യമെന്ന് കേരളാ കൃഷി മന്ത്രി കെ.പി മോഹനന്‍ പറഞ്ഞു. പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് വടകര എന്‍ആര്‍ഐ ഫോറം ഷാര്‍ജ ചാപ്റ്റര്‍ ഇന്ത്യന്‍ അസോസിയേഷനില്‍ ഒരുക്കിയ വടകര മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതിയുടേയും രാഷ്ട്രീയത്തിന്റെയും പേരിലുള്ള പകയും വിദ്വേഷവും മാറ്റി നിര്‍ത്തി, നാം മാനുഷിക മൂല്യങ്ങള്‍ക്ക് പരിഗണന നല്‍കണം. ഇല്ലങ്കില്‍ നമുക്ക് നരകത്തില്‍ പോലും സ്ഥാനമുണ്ടാവില്ലന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫോറം പ്രസിഡന്റ് മുരളീധരന്‍ എടവന അധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സെക്രട്ടറി കെ.ബാലകൃഷ്ണന്‍, സഹദ് പുറക്കാട് എന്നിവര്‍ പ്രസംഗിച്ചു. ഈസി മാര്‍ട്ട്, മലബാര്‍ ഗോള്‍ഡ്, സൂപ്പര്‍ ഫ്ളാഷ്, സായ് ഗണേഷ് ക്ളിനിക്, പാന്‍ ഗള്‍ഫ് ഫര്‍ണിച്ചര്‍, ഹോട്ട് ബര്‍ഗര്‍, വോയിസ് ഓഫ് കേരള തുടങ്ങിയ വ്യവസായ മാധ്യമ സ്ഥാപന പ്രധിനിധികളെ ചടങ്ങില്‍ ആദരിച്ചു. ടി.കെ അബ്ദുള്‍ ഹമീദ് മദീന ഗ്രൂപ്പ്, അമീര്‍ ബേക്കല്‍, മഹമൂദ് ഒഞ്ചിയം, മുഹമ്മദ് കുറ്റിയാടി എന്നിവര്‍ സംബന്ധിച്ചു. അബ്ദുള്ള മാണിക്കോത്ത് സ്വാഗതവും ശിവപ്രസാദ് നന്ദിയും പറഞ്ഞു. തുടര്‍ന്നുനടന്ന പരിപാടിയില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായ കലാരൂപങ്ങളും അവതരണവും തിങ്ങിനിറഞ്ഞ സദസിനെ അക്ഷരാര്‍ഥത്തില്‍ ത്രസിപ്പിക്കുന്നതായിരുന്നു. വടകര പാര്‍ലമെന്റ് മണ്ഡലം ഉള്‍കൊള്ളുന്ന തലശേരി, കൂത്തുപറമ്പ്, നാദാപുരം, വടകര, കുറ്റിയാടി, പേരാമ്പ്ര, കൊയിലാണ്ടി തുടങ്ങിയ പ്രദേശങ്ങളില്‍ കൂടി സഞ്ചരിച്ച് ശേഖരിച്ച ഗ്രാമ കാഴ്ചകളും തനത് കലാരൂപങ്ങളും കൂട്ടിയിണക്കി തയാറാക്കിയ 'കടത്തനാടിന്റെ നഗര വീഥികളിലൂടെ' എന്ന ഡോക്യുമെന്ററി പ്രദര്‍ശനം ഏറെ ശ്രദ്ദയാകര്‍ഷിക്കുന്നതായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുകണക്കിന് ആളുകളാണ് മഹോത്സവത്തിന് സാക്ഷികളായത്. ഒപ്പന, ശിങ്കാരി മേളം, കോല്‍ക്കളി, തിരുവാതിര, സിനിമാറ്റിക് ഡാന്‍സ്, മോഹിനിയാട്ടം, കളരിപ്പയറ്റ്, അങ്കം വെട്ട് തുടങ്ങിയ കലാപരിപാടികള്‍ക്കൊപ്പം ആബിദ് കണ്ണൂര്‍, നിഷാദ് കോഴിക്കോട്, താജുദ്ദീന്‍ വടകര, സുമി അരവിന്ദ്, ഹംദ നൌഷാദ് എന്നിവര്‍ അണിനിരന്ന ഇശല്‍ മേളയും പരിപാടിയുടെ മാറ്റു കൂട്ടി.

റിപ്പോര്‍ട്ട്: ഫൈസല്‍ രാമത്ത്