പുതിയ ചുവടുവയ്പുകളുമായി സഹായി
Monday, February 3, 2014 9:58 AM IST
കുവൈറ്റ്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആതുര സേവന രംഗത്തെ പ്രഥമ സന്നദ്ധ സേവകരായ സഹായി വാദിസലാം പുതിയ ചുവടുവയ്പുകളുമായി മുന്നേറുന്നു. സമസ്ത കേരള സുന്നി യുവജന സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് സഹായി വാദിസലാം പ്രവര്‍ത്തിച്ചു വരുന്നത്.

വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പാവപ്പെട്ട രോഗികളുടെ ആശ്രയ കേന്ദ്രമായ മെഡിക്കല്‍ കോളജില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സേവനത്തിന്റെ കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന സഹായി 15000 സ്ക്വയര്‍ ഫീറ്റിലുള്ള സ്വന്തമായ കെട്ടിടത്തില്‍ അതിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയാണ്.

രോഗികള്‍ക്കും അവരുടെ സഹായികള്‍ക്കും സൌജന്യ ഭക്ഷണ വിതരണം, മെഡിക്കല്‍ ഉപകരണങ്ങള്‍, വാട്ടര്‍ബെഡ് തുടങ്ങിയവ ലഭ്യമാക്കല്‍, ഡയാലിസിസ്, റേഡിയേഷന്‍, രോഗ നിര്‍ണയ പരിശോധനകള്‍ക്കുള്ള സാമ്പത്തിക സഹായം, അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ 24 മണിക്കൂര്‍ വോളന്റിയര്‍ സേവനം, രക്തദാനം, ആംബുലന്‍സ് തുടങ്ങിയവ സഹായിക്കു കീഴില്‍ വര്‍ഷങ്ങളായി നടന്നുവരുന്നുണ്ട്.

സഹായിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സ്വന്തമായ കെട്ടിടത്തില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കി 10 യൂണിറ്റുകളുള്ള ഡയാലിസിസ് സെന്റര്‍ ആരംഭിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചുകൊണ്ട് സഹായി നേതൃത്വവും പ്രവര്‍ത്തകരും കര്‍മ്മരംഗത്തിറങ്ങിക്കഴിഞ്ഞു. ഒരു യൂണിറ്റിന് 12 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എല്ലാവിധ സൌകര്യങ്ങളുമുള്ള മെഡിക്കല്‍ ലാബ്, പൂര്‍ണമായും സൌജന്യ നിരക്കില്‍ മരുന്ന് വിതരണം നടത്തുന്നതിന് സ്വന്തമായി മെഡിക്കല്‍ ഷോപ്പ്, ദൂരദിക്കുകളില്‍ നിന്ന് ഡയാലിസിസ്, റേഡിയേഷന്‍ തുടങ്ങിയവയ്ക്ക് വരുന്ന രോഗികള്‍ക്കും സഹായികള്‍ക്കും താമസ സൌകര്യം, സൌജന്യ ഭക്ഷണ വിതരണത്തിന് കാന്റീന്‍ വിപുലീകരണം, പുതിയ ആംബുലന്‍സുകള്‍ ഉള്‍പ്പെടുത്തി സര്‍വീസ് വികസിപ്പിക്കുക തുടങ്ങിയവയും പുതിയ കര്‍മ്മ പദ്ധതിയില്‍പ്പെടും.

അത്യാഹിതങ്ങളിലെ വോളന്റിയര്‍ സേവനം, രക്തദാനം, തലാസീമിയ രോഗം ബാധിച്ച് മെഡിക്കല്‍ കോളജില്‍ കഴിയുന്ന കുട്ടികളുടെ പൂര്‍ണ ചെലവുകള്‍ ഏറ്റെടുത്തത്, വാര്‍ഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍, ഷെല്‍ട്ടറുകള്‍ സ്ഥാപിക്കല്‍ തുടങ്ങി സഹായി കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെയും മെഡിക്കല്‍ കോളജ് അധികൃതരുടെയും പ്രശംസ പിടിച്ചുപറ്റി. സഹായിയുടെ പ്രചരണാര്‍ഥം ട്രഷറര്‍ അബ്ദുള്ള സഅദി ചെറുവാടി ഇപ്പോള്‍ കുവൈറ്റില്‍ പര്യടനം നടത്തുകയാണ്.

ബന്ധപ്പെടാവുന്ന നമ്പര്‍: 55057916.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍