ഫ്രന്റ്സ് ഓഫ് കാലിക്കറ്റ് ആരോഗ്യ ബോധവത്കരണക്ളാസ് സംഘടിപ്പിച്ചു
Monday, February 3, 2014 9:56 AM IST
റിയാദ്: കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ ഫ്രന്റ്സ് ഓഫ് കാലിക്കറ്റ് (എഫ്ഒസി) ആരോഗ്യ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു. ജീവിത ശൈലീരോഗങ്ങളും പ്രവാസിയും എന്ന വിഷയത്തിലായിരുന്നു ക്ളാസ്. ചിട്ടയില്ലാത്ത ജീവിതരീതി, മാനസിക സംഘര്‍ഷങ്ങള്‍, മാറുന്ന ഭക്ഷണരീതി, വിശ്രമമില്ലായ്മ, വ്യായാമത്തിന്റെ കുറവ്, പുകവലി തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ പ്രവാസിയെ രോഗാതുരമായ അവസ്ഥയിലേക്ക് തള്ളിയിടുന്നതായും പ്രമേഹം പോലുള്ള രോഗങ്ങള്‍ കൌമാരക്കാരില്‍ പോലും സാധാരണമാവുന്ന കാലഘട്ടത്തില്‍ ചികിത്സയേക്കാള്‍ ഊന്നല്‍ നല്‍കേണ്ടത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവത്കരണങ്ങള്‍ക്കുമാണെന്നും ആരോഗ്യവകുപ്പിലെ പബ്ളിക് ഹെല്‍ത്ത് സ്പെഷലിസ്റായ ഡോ. എസ്. അബ്ദുള്‍ അസീസ് വിഷയമവതരിപ്പിച്ച് സദസിനെ ഓര്‍മിപ്പിച്ചു.

നൌഷാദ് മാത്തോട്ടം അധ്യക്ഷത വഹിച്ചു. സദസിന്റെ സംശയങ്ങള്‍ക്ക് വിഷയാവതരണത്തിന് ശേഷം ഡോക്ടര്‍ മറുപടി നല്‍കി. പ്രവാസി ഭാരതീയ സമ്മാന്‍ ലഭിച്ച ശിഹാബ് കൊട്ടുകാടിനെ ചടങ്ങില്‍ ആദരിച്ചു. പുരസ്കാര ലബ്ധിക്കുശേഷം തനിക്ക് ആദ്യമായി ലഭിച്ച സ്വീകരണം കോഴിക്കോട്ടെ മണ്ണിലായിരുന്നെന്നും കോഴിക്കോട്ടുകാരുടെ ആതിഥ്യമര്യാദയും സ്നേഹവും കേട്ടറിഞ്ഞതിനെക്കാള്‍ മഹത്തരമാണെന്നും ശിഹാബ് കൊട്ടുകാട് പറഞ്ഞു. റഫീഖ് പന്നിയങ്കര, അബൂബക്കര്‍ പയ്യാനക്കല്‍, നസീര്‍ കോഴിക്കോട്, അബ്ദുള്‍കലാം, അബ്ദുള്ളക്കുട്ടി കോട്ടാം പറമ്പ്, ഒമര്‍ ഷെരീഫ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സൈതു മീഞ്ചന്ത സ്വാഗതവും ഉമര്‍ പുതിയേടത്ത് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍