ഡല്‍ഹി മയൂര്‍ വിഹാര്‍ ഫേസ്1 ഏരിയ പുതുവത്സരവും റിപ്പബ്ളിക് ദിനാഘോഷവും നടത്തി
Wednesday, January 29, 2014 8:38 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ മയൂര്‍ വിഹാര്‍ ഫേസ്1 ഏരിയ പുതുവത്സരവും റിപ്പബ്ളിക് ദിന ആഘോഷങ്ങള്‍ നടത്തി. ജനുവരി 25ന് (ശനി) വൈകുന്നേരം 6.30 മുതല്‍ മയൂര്‍ വിഹാര്‍ ഫേസ്1 ലെ ഉത്തര ഗുരുവായൂരപ്പന്‍ ക്ഷേത്രാങ്കണത്തിലെ കാര്‍ത്യായനി കലാ സാംസ്കാരിക സമുച്ചയത്തില്‍

രാജി വാര്യരുടെ ശിഷ്യരായ ജനനി, രമ്യാഞ്ഞലി, പ്രിയ, മീരാ രവീന്ദ്രന്‍ അനിക വാര്യര്‍ എന്നിവര്‍ ആലപിച്ച പ്രാര്‍ഥനാ ഗാനത്തോടെ സാംസ്കാരിക സമ്മേളനം ആരംഭിച്ചു.

ഏരിയ ചെയര്‍മാന്‍ പി. പ്രേമരാജന്‍ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തില്‍ കേരള എഡ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് ജസ്റീസ് സി.എസ് രാജന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് ഭദ്രദീപം തെളിച്ച് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഡിഎംഎ പ്രസിഡന്റ് സി. ചന്ദ്രന്‍, ജനറല്‍ സെക്രട്ടറി എസ്. ഉണ്ണികൃഷ്ണന്‍, നിര്‍വാഹക സമിതി അംഗം കേശവന്‍കുട്ടി എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ഏരിയ സെക്രട്ടറി ശാന്തകുമാര്‍, ട്രെഷറര്‍ ഇ.കെ ശശിധരന്‍ എന്നിവര്‍ ഏരിയ പ്രവര്‍ത്തനങ്ങളെപ്പറ്റി പ്രസംഗിച്ചു. വൈസ് ചെയര്‍മാന്‍ ടി.കെ മുരളിധരന്‍ കൃതജ്ഞത പറഞ്ഞു.

പാര്‍വതി നാരായണന്റെ നേതൃത്വത്തില്‍ ലക്ഷ്മി കൃഷ്ണന്‍, കൃഷ്ണാ ഗിരീഷ് എന്നിവരുടെ ഭരതനാട്യത്തോടെ കുട്ടികളുടെ കലാപരിപാടികള്‍ ആരംഭിച്ചു. നമിതാ കൃഷ്ണന്‍ നൃത്ത സംവിധാനം നിര്‍വഹിച്ചു. തുടര്‍ന്ന് അനുഷാ ദാസും അമൃതാ അനിലും സത്യമേവ ജയതെയിലെ ശീര്‍ഷക ഗാനത്തിനൊപ്പിച്ചു ചുവടുകള്‍ വച്ചു. ശ്രുതി സന്തോഷിന്റെ കൊറിയോഗ്രാഫിയില്‍ 12 കൊച്ചു കുരുന്നുകള്‍ നടത്തിയ ഫ്യുഷന്‍ ഡാന്‍സ് പ്രേക്ഷകരില്‍ കൌതുകമുളവാക്കി. രശ്മി സത്യന്റെ നേതൃത്വത്തില്‍ നടത്തിയ കോമഡി സ്കിറ്റ് മറ്റൊരു ചിരി അരങ്ങു തീര്‍ത്തു. പ്രതിഭാ പ്രസന്നന്‍ ആലപിച്ച 'പ്രണയ'ത്തിലെ 'പാട്ടില്‍ ഈ പാട്ടില്‍...' എന്ന ഗാനം ആസ്വാദ്യമായി. ലക്കി ഡ്രോ ആയിരുന്നു മറ്റൊരു സുപ്രധാന പരിപാടി. തൃശൂര്‍ ഗിന്നസ് അവതരിപ്പിച്ച കോമഡി ഷോയും ഗാനമേളയും ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി.

കലാപരിപാടിയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങളും പങ്കെടുത്തവര്‍ക്കെല്ലാം സ്നേഹഭോജനവും നല്‍കിയാണ് ആഘോഷ പരിപാടികള്‍ സമാപിച്ചത്.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി