'ഇവിടെ ആരും അന്യരല്ല, ഡല്‍ഹി എല്ലാവരുടെതുമാണ്'
Saturday, January 18, 2014 11:29 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളികളുടെ മനസില്‍ നിന്നും നമ്മള്‍ എവിടെ നിന്നോ വന്നവരാണെന്നും നാം ഇവിടെ അന്യരാണെന്നുമുള്ള ചിന്ത വെടിയണമെന്നും ഡല്‍ഹി നഗരം എല്ലാവരുടേതുമാണെന്നും എം.എം ജേക്കബ്. മുന്‍ കേന്ദ്ര മന്ത്രിയും മേഘാലയ ഗവര്‍ണറും ഡല്‍ഹി മലയാളി അസോസിയേഷന്‍ പ്രസിഡന്റും രക്ഷാധികാരിയുമായിരുന്ന ഡോ. എം.എം ജേക്കബ് ശതാഭിഷിക്തനായതില്‍ അനുമോദിക്കുന്നതിനായി ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) തങ്ങളുടെ സാംസ്കാരിക സമുച്ചയത്തില്‍ നടത്തിയ അനുമോദന യോഗത്തില്‍ മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറച്ചുകാലം ഡല്‍ഹിയില്‍ ജോലി ചെയ്തു നാട്ടിലേക്ക് തിരിച്ചുപോകാം അതുകൊണ്ട് എന്തിനാണ് ഇവിടെ ഒരു വീട് എന്നായിരുന്നു പണ്ടത്തെ എല്ലാവരുടെയും ചിന്ത. ഡല്‍ഹി എന്ന മഹാ നഗരം മലയാളികള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്നതിനു ഉദാഹരണമാണ് വളരെയധികം മലയാളികള്‍ മയൂര്‍ വിഹാര്‍ പോലെയുള്ള ഡല്‍ഹിയുടെ പ്രധാന ഭാഗങ്ങളില്‍ സ്വന്തമായി വീടുകള്‍ വാങ്ങി താമസിക്കുന്നത്. അതില്‍ അത്യധികം ആഹ്ളാദവാനാണെന്നും അദേഹം പറഞ്ഞു.

ജാതി മത ഭേതമന്യേ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുവാനും നല്ലത് ചെയ്യുവാന്‍ സാധിച്ചില്ലെങ്കിലും ആര്‍ക്കും ഒരു ദോഷവും വരുത്താത്ത രീതിയില്‍ ജീവിച്ചാല്‍ നന്മകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി പോലീസില്‍ മലയാളികളെ റിക്രൂട്ട് ചെയ്തതുപോലെ നോര്‍ത്ത് ഈസ്റ് പ്രദേശത്തെ ആളുകളെക്കൂടി ഡല്‍ഹി പോലീസിലേക്കു റിക്രൂട്ട് ചെയ്യണമെന്നും ജേക്കബ് പറഞ്ഞു.

യോഗത്തില്‍ ഡിഎംഎ പ്രസിഡന്റ് സി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്. ഉണ്ണികൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. കേന്ദ്ര പ്രവാസി കാര്യ മന്ത്രിയും ഡിഎംഎ രക്ഷാധികാരിയുമായ വയലാര്‍ രവി മംഗള പത്രവും പൊന്നാടയും അണിയിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ ഓംചേരി എന്‍എന്‍ പിള്ള, അല്‍ഫോന്‍സ് കണ്ണന്താനം, മാതൃഭൂമിയുടെ ഡല്‍ഹി ചീഫ് ഓഫ് ബ്യൂറോ അശോകന്‍, പ്രമുഖ സിനിമ നിര്‍മാതാവ് പി.വി ഗംഗാധരന്‍, ഇന്റര്‍ നാഷണല്‍ കഥകളി സെന്റര്‍ വൈസ് പ്രസിഡന്റ് കെ. മാധവന്‍ നായര്‍, ഡിഎംഎ വൈസ് പ്രസിഡന്റ് യു. രാധാകൃഷ്ണന്‍, മുന്‍ വൈസ് പ്രസിഡന്റ് ജി. ശിവശങ്കരന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഡിഎംഎ അഡിഷണല്‍ ജനറല്‍ സെക്രട്ടറി പി. രവീന്ദ്രന്‍ കൃതജ്ഞത പറഞ്ഞു. ഡിഎംഎ ഖജാന്‍ജി എന്‍.സി ഷാജി അറിയിപ്പുകളും വിവരണങ്ങളും നല്‍കി.

ഡല്‍ഹി എസ്എന്‍ഡിപി പ്രസിഡന്റ് ടി.കെ കുട്ടപ്പന്‍, ലീല ഓംചേരി തുടങ്ങിയ പ്രമുഖരും പരിപാടിയില്‍ സന്നിഹിതരായി. ഡിഎംഎയുടെ 26 ശാഖകളില്‍ നിന്നുമായി ധാരാളം പേര്‍ പങ്കെടുത്തു. സ്നേഹവിരുന്നോടെ യോഗം അവസാനിച്ചു.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി