ഫരീദാബാദ് രൂപതാ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു
Tuesday, December 17, 2013 2:34 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപതയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു. കരോള്‍ ബാഗ് മെട്രോ സ്റേഷനു സമീപത്തായാണു സീറോ മലബാര്‍ സഭ ഫരീദാബാദ് രൂപതയുടെ ബിഷപ് ഹൌസും ഓഫീസുകളും കൂരിയയും പ്രവര്‍ത്തിക്കുന്നതിനായി ആസ്ഥാന മന്ദിരം തയാറായത്. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ, തിരുവനന്തപുരം അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം, ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര എന്നിവര്‍ രൂപത ആസ്ഥാന മന്ദിരത്തിന്റെ വെഞ്ചരിപ്പ് ശിശ്രൂഷകള്‍ക്കു കാര്‍മികത്വം വഹിച്ചു.

കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഫ. കെ.വി. തോമസ്, ബിജ്നോര്‍ ബിഷപ് ഡോ. ജോണ്‍ വടക്കേല്‍, ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ്, എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, ജോയി ഏബ്രഹാം, പി.ടി. തോമസ്, ചാള്‍സ് ഡയസ്, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തിലെ മോണ്‍സിഞ്ഞോര്‍മാരായ റൊമാനോ മബേന, മര്‍വീന, ഫരീദാബാദ് രൂപത വികാരി ജനറാള്‍ മോണ്‍ സെബാസ്റ്യന്‍ വടക്കുംപാടന്‍, ഡല്‍ഹി അതിരൂപത വികാരി ജനറാള്‍ ഫാ. സൂസൈ സെബാസ്റ്യന്‍, മലങ്കര സഭാ ബാഹ്യ കേരള മിഷന്‍ വികാരി ജനറാള്‍ ഫാ. ഡാനിയേല്‍ കുഴിത്തടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രൂപതാ ആസ്ഥാന കാര്യാലയ സ്ഥാപനത്തിനു വേണ്ടി പ്രവര്‍ത്തിച്ച വൈദികരെയും അല്‍മായ പ്രമുഖരെയും സന്യസ്തരെയും ഷാള്‍ നല്‍കി ആദരിച്ചു.

വൈകുന്നേരം നടന്ന പ്രഫഷണലുകളുടെ യോഗത്തില്‍ സഭയ്ക്കു നല്‍കിയ മികച്ച സേവനത്തിനു സുപ്രീംകോടതി ജഡ്ജി ജസ്റീസ് കുര്യന്‍ ജോസഫ്, മനുഷ്യാവകാശ കമ്മീഷനംഗം ജസ്റീസ് സിറിയക് ജോസഫ്, ദീപിക അസോസ്യേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍ എന്നിവരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രത്യേകം ആദരിച്ചു.