നരേലയില്‍ മണ്ഡല മഹോത്സവം ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
Wednesday, December 11, 2013 10:08 AM IST
ന്യൂഡല്‍ഹി: നരേല അയ്യപ്പ സേവ സമിതിയുടെ രണ്ടാം മണ്ഡല മഹോത്സവം ഉത്തര ഡല്‍ഹിയിലെ നരേലയിലെ പഞ്ചാബി കോളനിയില്‍ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു.

ശരണം വിളികളാലും മേള കൊഴുപ്പാലും മുഖരിതമായ അന്തരീക്ഷം 'നരേലയെ' ഭക്തി നിര്‍ഭരമാക്കി. സാക്ഷാല്‍ അയ്യനെ പ്രവാസിയായവര്‍ക്ക് സ്വന്തം വാസദേശത്ത് പൂജിക്കുവാനും പൂജയില്‍ പങ്കുകൊള്ളൂവാനും കഴിഞ്ഞതിലുള്ള ആനന്ദവും ആഹ്ളാദവും തെക്കന്‍ സംസ്ഥാനക്കാരുടെ മുഖങ്ങളിലും ഇത്തരം ഒരു പുതിയ പൂജാനുഭവം ആസ്വദിക്കുവാന്‍ കഴിഞ്ഞതിലുള്ള ആശ്ചര്യം പ്രദേശവാസികളായ ഉത്തരേന്ത്യക്കാരുടെ മുഖങ്ങളിലും തെളിഞ്ഞു കാണാമായിരുന്നു. ആയതു കൊണ്ടു തന്നെ വഴങ്ങുന്ന രീതിയില്‍ അയ്യന്റെ നാമം ചൊല്ലിയും ആനന്ദ നൃത്തം ചവുട്ടിയും അവരും ആദ്യാവസാനം വരെ അയ്യപ്പ പൂജയുടെ ഭാഗമാകുകയും ചെയ്തു.

അന്നദാന പ്രഭുവിന്റെ നാമത്തില്‍ പൂജാ വേദിയായ സനാതന്‍ മന്ദിര്‍ അങ്കണത്തില്‍ പാവങ്ങള്‍ക്കായി നടത്തിയ അന്നദാനത്തോടു കൂടിയായിരുന്നു നരേല അയ്യപ്പ സേവാസമിതിയുടെ രണ്ടാം മണ്ഡല മഹോത്സവം ആരംഭിച്ചത്. ഉച്ചയ്ക്ക് ഒന്നു മുതല്‍ മൂന്നു വരെ നടത്തപ്പെട്ട അന്നദാനത്തില്‍ പാവങ്ങളും അല്ലാത്തവുരുമായി ഏകദേശം നാനൂറോളം അയ്യപ്പ ഭക്തര്‍ പങ്കെടുത്തു.

പഞ്ചാബി കോളനിയിലെ പ്രാചീന ശനി മന്ദിരത്തില്‍ (ശനി ക്ഷേത്രം) നിന്നും അവിടുത്തെ പൂജാരി പല്ലക്കിലെ അയ്യനെ ആരതിയുഴിഞ്ഞ് പൂജ നടത്തിയ ശേഷം അവിടെ നിന്നും അദ്ദേഹം കൊളുത്തിയ നീരാഞ്ജനത്തോടെ നാലാള്‍ ചേര്‍ന്ന സംഘം അയ്യന്റെ പല്ലക്കും വഹിച്ചു കൊണ്ടു മുന്നില്‍ ഡല്‍ഹി പഞ്ചവാദ്യം ട്രസ്റ് നയിച്ച മേളത്തോടൊപ്പം പൂജാ സ്ഥലത്തേക്കുള്ള ഘോഷയാത്ര ആരംഭിച്ചു. ഒപ്പം ഇരുവശത്തുമായി കേരളീയ വേഷത്തില്‍ താലവുമേന്തി നിന്ന കേരളീയ വനിതകളുടെ അകമ്പടിയോടുകൂടി താലപ്പൊലിയും ശരണം വിളിച്ചുകൊണ്ട് പല്ലക്കിനോപ്പം മന്ദം മന്ദം നീങ്ങുന്ന ഭക്തജനക്കൂട്ടങ്ങളും ഇവിടുത്തെ ഉത്തരേന്ത്യക്കാര്‍ക്ക് നല്ലൊരു ദൃശ്യ വിരുന്നായിരുന്നു. സ്ത്രീപുരുഷ പ്രായഭേദമന്യേ അവര്‍ നന്നായി ആസ്വദിക്കുന്നത് ചുറ്റിലും കാണാമായിരുന്നു. പഞ്ചാബി കോളനിയും നരേലയിലെ മെയിന്‍ മാര്‍ക്കറ്റും ചുറ്റി ഘോഷയാത്ര കൃത്യം ആറിനുതന്നെ പൂജാസ്ഥലമായ സനാതന്‍ മന്ദിര്‍ അങ്കണത്തില്‍ എത്തി ചേര്‍ന്നു.

തുടര്‍ന്ന് തിരുനടയില്‍ മേളത്തോട് കൂടി ദീപാരാധന ജയപ്രകാശ് ഭട്ടിന്റെ കാര്‍മികത്വത്തില്‍ നടത്തുകയും ചെയ്തു. തുടര്‍ന്നു ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ അരങ്ങേറിയ ശ്രീ ധര്‍മ ശാസ്ത ഭജന സംഘത്തിന്റെ ഭജന ഏവരെയും ഭക്തിയുടെ നിര്‍വൃതിയില്‍ എത്തിച്ചു. എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട സ്ഥാനീയനായ ബിജെപിനേതാവ് നീല്‍ ദാമന്‍ ഖത്രി തുടങ്ങി ഒട്ടേറെ പ്രമുഖരും നരേല അയ്യപ്പ സേവ സമിതിയുടെ പൂജാ വേളയില്‍ പങ്ക് കൊള്ളുകയും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഏറ്റുവാങ്ങുകയും ചെയ്തു.

രാത്രി 9.30 ഓടു കൂടി ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഹരിവരാസനം പാടി പൂജക്ക് സമാപനം കുറിക്കുകയും തുടര്‍ന്ന് പ്രസാദ വിതരണവും ഭക്തര്‍ക്കായി അന്നദാനം നടത്തി.

റിപ്പോര്‍ട്ട്: പി. ഗോപാലകൃഷ്ണന്‍