നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പൂജ വയ്പും വിദ്യാരംഭവും സമൂഹ ഊട്ടും ഒക്ടോബര്‍ 12ന്
Thursday, October 3, 2013 8:56 AM IST
ന്യൂഡല്‍ഹി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പൂജ വയ്പും വിദ്യാരംഭവും സമൂഹ ഊട്ടും നടത്തുന്നു. ഒക്ടോബര്‍ 12ന് (ശനി) രാവിലെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്ര മേല്‍ശാന്തി ശ്രീജിത്ത് അടികള്‍ കാര്‍മികത്വം വഹിക്കും.

പൂജവയ്പിനു പുസ്തകങ്ങള്‍ വൈകുന്നേരം 5.30 വരെ ക്ഷേത്രത്തിലെ കൌണ്ടറില്‍ സ്വീകരിക്കുന്നത്തിനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. 13ന് (ഞായര്‍) നവമിയോടനുബന്ധിച്ചു വിശേഷാല്‍ പൂജകള്‍ ഉണ്ടാവും.

14ന് (തിങ്കള്‍) രാവിലെ പ്രഭാത പൂജകള്‍ക്ക് ശേഷം 7.15നു പൂജയെടുപ്പ്. തുടര്‍ന്നു രാവിലെ 9.05നു ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം തയാറാക്കി അലങ്കരിച്ച സരസ്വതീ രൂപത്തിന് മുമ്പില്‍ നെയ്വിളക്കിനെ സാക്ഷിയാക്കി ക്ഷേത്ര മേല്‍ശാന്തി ശ്രീജിത്ത് അടികള്‍ ആദ്യാക്ഷര പുണ്യം നുകരാനെത്തുന്ന കുരുന്നുകളുടെ നാവില്‍ സുവര്‍ണ ലിപികളാല്‍ ഹരിശ്രീ കുറിക്കും.

തുടര്‍ന്ന് തളികയില്‍ നിറച്ച അരിയില്‍ കുഞ്ഞുങ്ങളുടെ കൈവിരലാല്‍ എഴുതിക്കും.

ഡല്‍ഹിയിലെ ആദ്യത്തെ ദേവീ ക്ഷേത്രമായ നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലേക്ക് കുട്ടികളെ അറിവിന്റെ ആദ്യാക്ഷരം കുറിപ്പിക്കാന്‍ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ധാരാളം ഭക്തജനങ്ങള്‍ അന്നേദിവസം രാവിലെതന്നെ എത്തിച്ചേരുമെന്നു ഭാരവാഹികള്‍ പറഞ്ഞു.

പരിപാടികളില്‍ ഡല്‍ഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

ഉച്ച ദീപാരാധനക്കുശേഷം നടക്കുന്ന സമൂഹ ഊട്ടില്‍ എല്ലാ ഭക്തജനങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്.

വിദ്യാരംഭം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനും പുസ്തകങ്ങള്‍ പൂജക്കു വയ്ക്കുന്നതിനും 65058523, 7503791056, 9868087788, 8376801445 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി