കെഎസ്ആര്‍ടിസിക്കു ഡീസല്‍ സബ്സിഡി നല്‍കേണ്െടന്നു സുപ്രീംകോടതി
Wednesday, September 18, 2013 8:08 AM IST
ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസിക്ക് ഡിസല്‍ സബ്സിഡി നല്‍കേണ്ടതില്ലെന്നു സുപ്രീംകോടതി. സബ്സിഡി നിരക്കില്‍ ഡീസല്‍ നല്‍കുന്നതില്‍നിന്ന് ഒഴിവാക്കി വന്‍കിട ഉപഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ പൊതുമേഖലാ എണ്ണക്കമ്പനികളുടെ നടപടി സ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. കെഎസ്ആര്‍ടിസിക്കു നഷ്ടമുണ്െടങ്കില്‍ അതു നികത്താന്‍ ടിക്കറ്റ് നിരക്ക് കൂട്ടുന്നത് അടക്കമുള്ള മാര്‍ഗങ്ങള്‍ പരിഗണിക്കാനും കോടതി നിര്‍ദേശിച്ചു. കടക്കെണിയിലായ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം ഇ തോടെ കൂടുതല്‍ പ്രതിസന്ധിയിലായി.

കെഎസ്ആര്‍ടിസി അടക്കമുള്ള സംസ്ഥാന പൊതുഗതാഗത സംവിധാനങ്ങളെ വന്‍കിട ഉപഭോക്താക്കളുടെ പട്ടികയില്‍പ്പെടുത്തി സബ്സിഡി നിര്‍ത്തലാക്കിയതിനെതിരേ വിവിധ ഹൈക്കോടതികള്‍ ഉത്തരവിറക്കി യിരുന്നു. ഇതിനെതിരേ കേന്ദ്രസര്‍ക്കാരും പൊതുമേഖലാ എണ്ണക്കമ്പനികളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി.

ജസ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ച്, കെഎസ്ആര്‍ടിസിക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് നടത്തിയത്. ദുര്‍ഭരണം കാരണമാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലായത്. ഡീസല്‍ ഇറക്കുമതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നഷ്ടം കണ്ടില്ലെന്നു നടിക്കാനാകില്ല. ജനപ്രതിനിധികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൌജന്യയാത്ര യാത്ര അനുവദിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാനാകില്ല. കെടുകാര്യസ്ഥത മൂലമാണു കെഎസ്ആര്‍ടിസിക്കു നഷ്ടമുണ്ടായത്. വികലാംഗര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ നിലനിര്‍ത്താം. ഡീസലിനു വില കൂടുമ്പോള്‍ അതിനനുസരിച്ച് യാത്രാനിരക്ക് വര്‍ധിപ്പിക്കണം. ആവശ്യത്തിലധികം ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്. പ്രഫഷണല്‍ സ്ഥാപനമായി കെഎസ്ആര്‍ടിസിക്ക് ഇതുവരെ മാറാന്‍ സാധിച്ചില്ല. സ്ഥാപനത്തെ രക്ഷിക്കാന്‍ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഡീസല്‍ സബ്സിഡി ലഭിച്ചില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടേണ്ടിവരുമെന്നായിരുന്നു കെഎസ്ആര്‍ടിസി വാദിച്ചത്. ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവരും. സൌജന്യ പാസുകള്‍ വെട്ടിക്കുറയ്ക്കുന്നതിന് തടസമുണ്ട്. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന തങ്ങളെ വന്‍കിട ഉപഭോക്താവായി പരിഗണിക്കുതെന്നും കെഎസ്ആര്‍ടിസി വാദിച്ചു.

കേരളത്തിനു പ്രത്യേക ഇളവ് അനുവദിക്കണം. പോംവഴി കണ്െടത്താനായി കുറച്ചുകൂടി സമയം നല്‍കണമെന്നും കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു. എന്നാല്‍, രാജ്യത്ത് ഉപയോഗിക്കുന്ന ഡീസലിന്റെ 83 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണെന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതി കോടതിയില്‍ ബോധിപ്പിച്ചു. സബ്സിഡി നല്‍കുന്നതു വഴി 1,25,000 കോടിയുടെ നഷ്ടമാണ് എണ്ണക്കമ്പനികള്‍ക്കുണ്ടാവുന്നത്. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ 52,000 പേര്‍ക്ക് കെഎസ്ആര്‍ടിസി സൌജന്യയാത്ര അനുവദിക്കുന്നുണ്െടന്നും അദ്ദേഹം വാദിച്ചു. അതേസമയം, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കി കൊണ്ടുള്ള ഉത്തരവിന് മുന്‍കാല പ്രാബല്യം നല്‍കണമെന്ന എണ്ണക്കമ്പനികളുടെ ആവശ്യം കോടതി തള്ളി.