കെ.ജി ബാലകൃഷ്ണനെ നീക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ്
Monday, August 26, 2013 8:17 AM IST
ന്യൂഡല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്നും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റീസ് കൂടിയായ കെ.ജി ബാലകൃഷ്ണനെ നീക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

കേസ് അടുത്ത തവണ പരിഗണിക്കുമ്പോള്‍ സോളിസിറ്റര്‍ ജനറല്‍ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. കെ.ജി ബാലകൃഷ്ണനും ബന്ധുക്കളും അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന ആരോപണം നിലനില്‍ക്കെ കെ.ജി ബാലകൃഷ്ണനെതിരേ സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് പ്രശാന്ത് ഭൂഷണ്‍ കോടതിയെ സമീപിച്ചത്. കെ.ജി ബാലകൃഷ്ണനെതിരേ നേരത്തെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാനായിരുന്നു കോടതി നിര്‍ദേശിച്ചത്. എന്നാല്‍ കെ.ജി ബാലകൃഷ്ണനെ നീക്കേണ്ടതില്ലെന്ന തീരുമാനമായിരുന്നു സര്‍ക്കാരിന്റേത്.