അനധികൃത സ്വത്ത്: വിന്‍സെന്റ് ജോര്‍ജിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ജഡ്ജി പിന്‍മാറി
Friday, August 23, 2013 3:30 AM IST
ന്യൂഡല്‍ഹി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സോണിയാഗാന്ധിയുടെ മുന്‍ പിഎയും മലയാളിയുമായ വിന്‍സെന്റ് ജോര്‍ജിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ഡല്‍ഹി ഹൈക്കോടതി ജഡ്ജി പിന്‍മാറി. ജസ്റീസ് ജെ.ആര്‍ മിധയാണ് പിന്‍മാറിയത്. ഇതിനുളള കാരണം വ്യക്തമാക്കിയിട്ടില്ല. ഹര്‍ജി 26 ന് മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്ന് മാത്രമായിരുന്നു ജഡ്ജിയുടെ വാക്കുകള്‍.

സിബിഐ ആണ് വിന്‍സെന്റ് ജോര്‍ജിനെതിരേ അന്വേഷണം നടത്തിയത്. തെളിവില്ലെന്ന കാരണത്താല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ശിപാര്‍ശ ചെയ്ത് സിബിഐ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കേസ് പരിഗണിച്ച പ്രത്യേക സിബിഐ കോടതി ആവശ്യം തള്ളുകയായിരുന്നു. കേസില്‍ വിന്‍സെന്റ് ജോര്‍ജിനെ വിളിച്ചുവരുത്താനും കഴിഞ്ഞ ജൂലൈ പതിനെട്ടിന് കോടതി തീരുമാനിച്ചിരുന്നു. ഇതിനെതിരേയാണ് വിന്‍സെന്റ് ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്. അഴിമതി നിരോധന നിയമപ്രകാരവും പൊതുസേവകനെന്ന നിലയില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നുമാണ് വിന്‍സെന്റ് ജോര്‍ജിനെതിരായ കുറ്റം.

ഈ മാസം 30 ന് ഹാജരാകണമെന്നാണ് സിബിഐ കോടതി വിന്‍സെന്റിനോട് നിര്‍ദേശിച്ചിരിക്കുന്നത്. 1984 നവംബറിനും 1990 ഡിസംബറിനും ഇടയില്‍ അനധികൃത സ്വത്തു സമ്പാദിച്ചുവെന്നാണ് കേസ്. ഇക്കാലയളവില്‍ ഇദ്ദേഹം മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. 1980 ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേഴ്സണല്‍ സ്റാഫ് അംഗമായിരുന്ന വിന്‍സെന്റ് പിന്നീടാണ് രാജീവ്ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാകുന്നത്. 2000 ത്തിലാണ് കേസില്‍ എഫ്ഐആര്‍ രജിസ്റര്‍ ചെയ്തത്.

ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും പേരില്‍ വിന്‍സെന്റ് സ്വത്ത് സമ്പാദിച്ചതായിട്ടാണ് ആരോപണം. 90 കളില്‍ ആയിരുന്നു വിന്‍സെന്റ് ജോര്‍ജ് സോണിയാഗാന്ധിയുടെ പിഎ ആയത്. കേരളത്തിന് പുറമേ ഡല്‍ഹി, ചെന്നൈ, ബാംഗളൂര്‍ എന്നിവിടങ്ങളില്‍ ഇയാള്‍ വന്‍ തോതില്‍ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം.